Please share with your friends

Author Profile

എന്റെ ഗുരുനാഥൻ -വള്ളത്തോൾ നാരായണമേനോൻ

Binu

 



വള്ളത്തോൾ നാരായണമേനോൻ


ഗാന്ധിജിയെ വള്ളത്തോൾ തന്റെ ഗുരുനാഥനായി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വിശദീകരിക്കുകയും ചെയ്യുന്ന കവിതയാണിത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജി എല്ലാ ദർശനങ്ങളുടേയും ആൾരൂപമാണെന്ന് കവി പറയുന്നു. ആമുഖമൊന്നും കൂടാതെ ഗാന്ധിജിയുടെ വ്യക്തിത്വം  വർണ്ണിച്ചു കൊണ്ടാണ് കവിത തുടങ്ങുന്നത്. എവിടേയും ഗാന്ധിജിയുടെ പേര് പരാമർശിച്ചില്ല. എന്നാലും എല്ലാവർക്കും അദ്ദേഹം ഗാന്ധിജിയെക്കുറിച്ചാണ് കവിത എഴുതിയിരിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും.

ലോകം തന്റെ തറവാടായും എല്ലാ ചെടികളേയും പൂക്കളേയും പുല്ലിനേയും പുഴുക്കളേയും  തന്റെ കുടുംബക്കാരായും കരുതുന്നു. ത്യാഗമാണ് അദ്ദേഹത്തിന്റെ നേട്ടം. താഴ്മയാണ് അദ്ദേഹത്തിന്റെ ഉയർച്ച. അദ്ദേഹമൊരു യോഗിയാണ്. അദ്ദേഹത്തെ നക്ഷത്രങ്ങൾ കൊണ്ടുള്ള മാല അണിയിച്ചാലതും അലങ്കാരമായിരിക്കും.  ചെളി പുരട്ടിയാൽ അതും അദ്ദേഹത്തിന് അലങ്കാരമാണ്. അദ്ദേഹത്തിന് യാതൊരു കളങ്കവും ഇല്ല. ആകാശംപോലെ തെളിമയും വിശാലവും ആണ് എന്റെ ഗുരുനാഥന്റെ മനസ്സ്.അദ്ദേഹം ശസ്ത്രം ഇല്ലാതെ ധർമ്മം പരിപാലിക്കുന്നു. പുസ്തകം ഇല്ലാതെ അധ്യാപനം നടത്തുന്നു .ഔഷധം ഇല്ലാതെ രോഗം ശമിപ്പിക്കുന്നു. ഹിംസ ഇല്ലാതെ യാഗം നടത്തുന്നു. അഹിംസയാണ് അദ്ദേഹത്തിന്റെ വ്രതം. ശാന്തിയാണ് അദ്ദേഹത്തിന്റെ ദേവത. അഹിംസയാകുന്ന പടച്ചട്ടയണിഞ്ഞാൽ ഏതു കൊടിയ വാളിന്റേയും വായ്ത്തല മടക്കാൻ സാധിക്കും എന്നാണ് അദ്ദേഹം പറയാറുള്ളത്. 


ക്രിസ്തുവിന്റെ പരിത്യാഗവും കൃഷ്ണന്റെ ധർമ്മരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും ഹരിചന്ദ്രന്റെ സത്യവും മുഹമ്മദിന്റെ സ്ഥൈര്യവും ഒരാളിൽ തന്നെ കാണണമെങ്കിൽ എല്ലാവരും എന്റെ ഗുരുവിന്റെ അരികിലേക്ക് പോകുക. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ചരിത്രം വായിക്കുക.അദ്ദേഹത്തിന്റെ പാദം ഒരിക്കൽ ദർശിച്ചാൽ പേടിയുള്ളവൻ ധീരനാകും .കർക്കശൻ കൃപാലുവാകും.പിശുക്കൻ പിശുക്കുപേക്ഷിക്കും. സംസാരിക്കാൻ മടിയുള്ളവൻ നന്നായി സംസാരിക്കുന്നവനാകും .ഭഗവത്ഗീതയ്ക്ക് ജന്മം നൽകിയ ഈ ഭാരതത്തിൽ മാത്രമേ ഇങ്ങനെയൊരു കർമയോഗി ഉണ്ടാകൂ. ഹിമവാന്റേയും വിന്ധ്യപർവതത്തിന്റേയും മധ്യദേശത്ത് മാത്രമേ ഇങ്ങനെ ശമം   ശീലിച്ച സിംഹത്തെ കാണാൻ സാധിക്കൂ. ഗംഗ ഒഴുകുന്ന നാട്ടിൽ മാത്രമേ ഇങ്ങനെ മംഗളം കായ്ക്കുന്ന കല്പവൃക്ഷം ഉണ്ടാകൂവെന്നാണ് വള്ളത്തോൾ പറയുന്നത്.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top