1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

പെരുന്തച്ചൻ

bins

 




മലയാളി മനസില്‍ കൊത്തിവച്ച തച്ചൻ



ഐതിഹ്യപ്പെരുമയിലൂടെ മലയാളി മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ കഥാപാത്രമാണ് പെരുന്തച്ചൻ. പറയിപെറ്റ പന്തിരുകുലത്തിന്റെ കഥയ്ക്ക് നമുക്കിടയിൽ അത്ര പ്രചാരമാണുള്ളത്. വിവിധ സാഹിത്യരൂപങ്ങളിലൂടെ മലയാളത്തിൽ കഥയായും കവിതയായും തിരക്കഥയായും നാടകമായും പെരുന്തച്ചൻ ജനഹൃദയങ്ങൾ കവർന്നു. അതിൽ എണ്ണം പറഞ്ഞ കവിതകളിൽ ഒന്നാണ് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 'പെരുന്തച്ചൻ'.

കവിതയുടെ ഇതിവൃത്തം

മകന്റെ മരണസമയത്തുണ്ടായ വീഴ്ചയും വാർധക്യത്തിന്റെ തളർച്ചയും വാതരോഗം കടന്നാക്രമിച്ചതിനാൽ വന്ന തകർച്ചയും പെരുന്തച്ചനെ ശയ്യാവലംബിയാക്കി. നിരങ്ങിനീങ്ങാൻപോലും കഴിയാത്ത ആ വിഹ്വലവാർധക്യത്തിൽ പെരുന്തച്ചൻ താൻ നടന്നുവന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കുന്നു.

പശ്ചാത് വീക്ഷണ സമ്പ്രദായത്തിൽ എഴുതപ്പെട്ടതാണ് 'പെരുന്തച്ചൻ' എന്ന ജി. കവിത. 'നാടകീയ സ്വഗതാഖ്യാനം'  എന്ന രചനാസങ്കേതമാണ് ആറു പതിറ്റാണ്ടു പിന്നിടുന്ന ഈ കവിതയുടെ രചനയ്ക്കായി ജി. തിരഞ്ഞെടുത്തത്.

മരത്തിന്റെപൊത്തുപോലുള്ള തന്റെ ചെറിയ വീട്ടിൽ ചുരുണ്ടു കിടക്കുന്ന പെരുന്തച്ചനെ കാണിച്ചുകൊണ്ടാണ് കവിത തുടങ്ങുന്നത്. തച്ചന് മരത്തോടുള്ള ആഭിമുഖ്യം എത്രമാത്രമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് തന്റെ വീടിനെ പൊത്തായി ചിത്രീകരിച്ചതിൽ കാണുന്നത്. മരപ്പൊത്തുകൾ പക്ഷികൾക്കും മറ്റും വാസസ്ഥാനമാണ്. മരത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന തച്ചന് തന്റെ വീട് ഒരു പൊത്തായി സങ്കല്പിക്കാൻ കഴിയും. മറ്റുള്ളവർക്ക് മാളികകൾ പണിയുന്ന തച്ചൻ മാടത്തിലാണ് താമസിക്കുന്നതെന്ന സൂചനയും 'പൊത്ത്' എന്ന പ്രയോഗത്തിൽ കാണാം. തന്റെ മകനുണ്ടായിരുന്നെങ്കിൽ ആ കൈ തന്നെ താങ്ങുമായിരുന്നെന്ന് പെരുന്തച്ചൻ ഓർക്കുന്നു. അതോർത്ത് തച്ചൻ വിതുമ്പാൻ തുടങ്ങി.

തുടർന്ന് അദ്ദേഹം താനും മകനും തമ്മിൽ പിണങ്ങാനുള്ള കാരണം ചിന്തിക്കുന്നു. കോവിലിലെ കൊടിമരത്തിൽ തന്റെ മകൻ കൊത്തിവെച്ച പറന്നിരിക്കുന്നതുപോലുള്ള ഗരുഡ വിഗ്രഹത്തിന്റെ ചിറക് ഇപ്പോഴും ചലിക്കുന്നതായി തോന്നും. താൻ അതിൽ അസൂയാലുവായി എന്നത്രേ നാട്ടുകാരുടെ പക്ഷം. തന്റെ മകനെ നാട്ടുകാർ പുകഴ്ത്തുമ്പോൾ തനിക്ക് അഭിമാനമല്ലാതെ മറ്റെന്തു തോന്നാൻ. ആയിരം മണിയുടെ നാവ് പൊത്താൻ കഴിയും. എന്നാൽ ഒരു വായിലെ നാവു പൊത്താൻ ആർക്കും കഴിയില്ല. അപവാദ പ്രചാരണം നടത്തുന്നവർ അതു തുടരുക തന്നെ ചെയ്യും. അതു തടയാൻ ആർക്കുമാവില്ല.

തുടർന്ന് അച്ഛനെയും മകനെയും രണ്ടറ്റത്താക്കിയ കഥകൾ പെരുന്തച്ചൻ ഓർക്കുന്നു. പാലത്തിൽ ആൾക്കാരുടെ നേരെ വെള്ളം തുപ്പുന്ന പാവയെ പെരുന്തച്ചൻ ഘടിപ്പിച്ചു. അതു കണ്ട മകൻ, തുപ്പുന്ന പാവയുടെ ചെകിട്ടത്തടിക്കുന്ന മറ്റൊരു പാവ നാലുനാൾക്കകം സ്ഥാപിച്ചു. എന്നാൽ തന്റെ പാവയുടെ കരണത്തു കൊണ്ട അടി തന്റെ ചെകിട്ടത്താണ് കൊണ്ടതെന്ന് തച്ചൻ ചിന്തിച്ചു. ഒരിക്കലും ആകാശത്ത് രണ്ടു തിങ്കളിനിടമില്ല. ഭാര്യയായ നാനി കരഞ്ഞുനില്ക്കെ മകൻ വീടുവിട്ടിറങ്ങിപ്പോയി. ഉമി നീറുന്നതുപോലെ തച്ചന്റെ മനം നീറി. അദ്ദേഹം ഒറ്റയക്ഷരം ഉരിയാടിയില്ല.

അങ്ങനെയിരിക്കെ കോവിലിലെ ആനപ്പന്തൽ പുതുക്കിപ്പണിയാൻ തീരുമാനിച്ചു. പണി പെരുന്തച്ചനുതന്നെ. എന്നാൽ മകനുമായി ആലോചിച്ച് പന്തൽ ഭംഗിയാക്കണമെന്ന് മതിൽക്കകത്തെത്തിയപ്പോൾ തമ്പുരാൻ കല്പിച്ചു. അവിടെനിന്നു പോരുവാൻ തച്ചന് തോന്നി. കാരണം ജീവിതത്തിലിന്നുവരെ തന്നോട് ആരും മറ്റൊരാളോട് ആലോചിക്കാൻ പറഞ്ഞിട്ടില്ല.

പെരുന്തച്ചന്റെ ജീവിതകഥയിലെ വഴിത്തിരിവ് ഇവിടെ തുടങ്ങുന്നു.അച്ഛൻ മോന്തായം കേറ്റിക്കൊള്ളൂ എന്ന് മകൻ നിർദേശിച്ചു. മകന്റെ വാക്കുകൾ അച്ഛനെ തെല്ലൊന്നുലച്ചു. മോനനുവദിച്ചിട്ടു വേണോ മോളിൽ മോന്തായം കേറ്റാൻ എന്നായി തച്ചന്റെ ചിന്ത. അയാളുടെ അന്തരംഗത്തിൽ ഈർഷ്യ ഉണർന്നുയർന്നു. താഴെ ചന്ദനപ്പലകമേൽ മകൻ മഹാലക്ഷ്മിയുടെ കൈയിലെ കളിത്താമര കൊത്തുന്നു. നേരെ മുകളിൽ അച്ഛൻ മോന്തായത്തിനുള്ള ആണി ചീകുന്നു. എന്തോ ചിന്തിച്ചുറച്ചതുപോലെ വിധി അച്ഛനെ മുകളിലും മകനെ താഴത്തും കൃത്യമായി കൊണ്ടുചെന്നിരുത്തി. തച്ചന്റെ കൈയറിയാതെ (?) ഉളി ഊർന്ന് താഴേക്കു പതിച്ചു. തന്റെ മകന്റെ മേൽ അതുപോയി വീഴല്ലേ എന്നു തച്ചൻ പ്രാർത്ഥിച്ചുതീരുംമുൻപ്, കണ്ണടച്ചു തുറക്കുംമുൻപ് ഉളി മകന്റെ കഴുത്തിൽ പതിച്ചു. കഴുത്തറ്റ് മകൻ മണ്ണിൽ വീണുപിടഞ്ഞു. തന്റെ കൈയിൽനിന്ന് ഊർന്നുവീണ ഉളി പതിച്ച് തലയറ്റുപോയ മകന്റെ ഉടൽ കണ്ട് മോന്തായത്തിൽനിന്നിറങ്ങുന്ന പടികളിൽ കാലുറയ്ക്കാതെ താഴെ വീണുപോയി പെരുന്തച്ചൻ. കാലമേറെച്ചെന്നിട്ടും തന്നെ അലട്ടുന്ന ആ സ്മരണകൾ ഇരമ്പിമറിയുന്ന മനസ്സുമായി തളർന്നുകിടന്നു നടത്തുന്ന ആത്മഭാഷണമാണ് ഈ കവിത. പെരുന്തച്ചന്റെ മനസ്സിൽ ഓരോ മുക്കിലും മൂലയിലും ജി.യുടെ സൂക്ഷ്മദൃഷ്ടി വ്യാപരിച്ചതിന്റെ ഫലമാണിത്.

ബോധമനസ്സും അബോധമനസ്സും

മനോവിജ്ഞാനീയവിശകലനത്തിന്റെ സാധ്യത ധാരാളമുള്ള കവിതയാണിത്. പെരുന്തച്ചന്റെ ബോധമനസ്സും അബോധമനസ്സും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കുള്ള വേദിയായി ഈ കവിതയിലെ മിക്ക സന്ദർഭങ്ങളെയും വിലയിരുത്താം. മകനെ കൊന്നത് താനാണ് എന്ന് അബോധമനസ്സ് മന്ത്രിക്കുമ്പോൾ തച്ചന്റെ ബോധമനസ്സ് അതിനെ നിഷേധിക്കാനുള്ള വാദഗതികൾ ഓരോന്നായി മുന്നോട്ടെടുത്തിടുന്നു.

'ഞാനവനപമൃത്യു നേരിടാനാരെന്തൊക്കെ

ത്താനധിക്ഷേപിച്ചാലു മച്ഛനാണിച്ഛിക്കുമോ'
'ആരുവിശ്വസിക്കും കൈപ്പിഴയല്ലതെന്നെത്ര
പേരുരച്ചാലും തന്തയിതു ചെയ്യുമോ നാനീ'

തുടങ്ങിയ വരികളിലൂടെ മകനെ കൊന്നതു താനാണെന്ന് പറയുന്നവർക്കുള്ള മറുപടി പെരുന്തച്ചൻ ഒരുക്കിവെക്കുന്നു. പെരുന്തച്ചന്റെ മനസ്സിനെ കൃത്യമായി അപഗ്രഥിച്ച് തച്ചന്റെ കഥയ്ക്ക് ഒരു നൂതന വായന നടത്തുകയാണ് ജി ഈ കവിതയിൽ.

തളർന്നുകിടക്കുന്ന പെരുന്തച്ചന് അല്പം ആശ്വാസം തോന്നിയപ്പോൾ പുറംലോകം കാണണമെന്ന ആഗ്രഹം തോന്നി. മകനുണ്ടായിരുന്നെങ്കിൽ തന്നെ താങ്ങിപ്പിടിച്ച് പുറത്ത് കൊണ്ടുവന്നിരുത്തിയേനേ എന്ന് ചിന്തിച്ചു. ഈ ചിന്ത അദ്ദേഹത്തിന്റെ മുന്നിൽ ചിന്താസാഗരത്തിന്റെ അലകളുണർത്തി. അവിടെ പെരുന്തച്ചൻ തന്റെ മനോരാജ്യത്തിന്റെ വാതിൽ തുറന്നിടുന്നു. ആ ചിന്തയാകട്ടെ മകന്റെ മരണത്തിന്റെ ന്യായാന്യായങ്ങൾ ചർച്ച ചെയ്യുന്ന വ്യവഹാരത്തെ ഓർമിപ്പിക്കുന്നു. മുറുക്കാനിടിച്ചുകൊണ്ടിരുന്ന ഭാര്യ 'നാനി' മനോരാജ്യത്തിന് തടയിടുന്നതുവരെ അതു തുടർന്നു.

അലങ്കാരങ്ങളുടെ സൗന്ദര്യം

അലങ്കാര കല്പനകൾകൊണ്ട് മനോഹരമാണ് 'പെരുന്തച്ചൻ'. 'നാനി'യെ കവിതയിൽ പൂത്ത വെള്ളിലയോട് സാദൃശ്യപ്പെടുത്തുന്നുണ്ട്. വെള്ളിലയുടെ പൂവിന് നല്ല ചുവപ്പുനിറമാണ്. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകാട്ടി പുഞ്ചിരിച്ചു നിൽക്കുന്ന നാനിയുടെ മുഖത്തിന്റെ സൗന്ദര്യമാണ് വെള്ളിലയുടെ സാദൃശ്യത്തിൽ തെളിയുന്നത്. നാനിയുടെ മേനിനിറവും അലൗകിക സൗന്ദര്യവും വെളിപ്പെടുത്താൻ ഈ സാദൃശ്യകല്പനയ്ക്ക് കഴിയുന്നു. അവളുടെ മനോഹരഗാത്രത്തിന്റെ നിറം വ്യക്തമാക്കാൻ നാനിയെ പൂത്തചെമ്പകത്തോടും സാദൃശ്യപ്പെടുത്തുന്നുണ്ട്. ഒന്നിന് മറ്റൊന്നിനോട് സാദൃശ്യം കല്പിക്കുന്ന ഉപമാലങ്കാരത്തിന്റെ ഭംഗി നിറഞ്ഞുനില്ക്കുന്ന കല്പനകളാണിത്. കരിവീട്ടികൊണ്ട് കടഞ്ഞെടുത്ത മരികയോട് ആകാശത്തെ സാദൃശ്യപ്പെടുത്തുന്ന ഒരു ഭാഗവുമുണ്ട് ഈ കവിതയിൽ. കരിവീട്ടിയുടെ കാതലിനോടുള്ള സാദൃശ്യം ആകാശം കാർമേഘം നിറഞ്ഞ് കറുത്തിരുണ്ടതാണെന്ന് കാണിക്കുന്നു. ആകാശം കമഴ്ത്തിവെച്ച ഒരു വലിയ പാത്രംപോലെ തോന്നിപ്പിക്കുന്നു എന്ന ആശയം മരികയോടുള്ള സാദൃശ്യം വ്യക്തമാക്കുന്നുമുണ്ട്. കവിതയിലുടനീളം കാണുന്ന ദ്വിതീയാക്ഷര പ്രാസവും മറ്റു ശബ്ദഭംഗികളും പതിന്നാലക്ഷരത്തിന്റെ താളക്രമത്തിലൂടെ ഈണവും ചൊൽവടിവും പകരുന്ന കേകാവൃത്തത്തിലുള്ള രചനയും കവിതയെ ശ്രദ്ധേയമാക്കുന്നു.

ജി. കൊത്തിയെടുത്ത കവിത

പെരുമയുള്ള ഒരു ഐതിഹ്യകഥയെടുത്ത് മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്ക് കടന്നുചെന്ന് അതിൽ പതിയിരിക്കുന്ന സമസ്ത വികാരങ്ങളേയും തന്റെ മുഴക്കോൽകൊണ്ട് അളന്നുതിട്ടപ്പെടുത്തുകയാണ് ജി. ശങ്കരക്കുറുപ്പ് പെരുന്തച്ചനിലൂടെ. അതിനായി അദ്ദേഹം ശില്പഭംഗികൊണ്ടും ആശയഭംഗികൊണ്ടും ശബ്ദഭംഗികൊണ്ടും പ്രൗഢമായ ഒരു ഭാഷ തിരഞ്ഞെടുത്തു. മരംകൊണ്ട് മനോഹരമായ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന പെരുന്തച്ചന്റെ ഭാഷയിലും മരവുമായി ബന്ധപ്പെട്ട നിരവധി ഭാഷാബിംബങ്ങൾ നമുക്കുകാണാം. മരവും മനുഷ്യനും പ്രകൃതിയും കലയും എല്ലാം കൂടിച്ചേർന്ന് ഒരു പ്രത്യേകാനുഭവം ഈ കവിത പകർന്നുതരുന്നു. ജീവൻ തുടിക്കുന്ന ശില്പങ്ങൾ നിർമിച്ച് വലിയ തച്ചന്മാരായി മാറിയ പെരുന്തച്ചന്റെയും മകന്റെയും ഐതിഹ്യകഥ കവിതയാക്കി മാറ്റിയ ജി, ആസ്വാദകലോകത്തിനുമുൻപിൽ കമനീയമായൊരു കവിതാ ശില്പമാണവതരിപ്പിച്ചത് എന്ന് നിസ്സംശയം പറയാം.


To Top