പോം പോം വണ്ടി: നാലാം ദിവസം
പ്രവർത്തനം: കട കട കട കട കാളവണ്ടി - പാട്ടരങ്ങ്
പഠനലക്ഷ്യങ്ങൾ:
- പാട്ടുകളുടെ വരികളിൽ നിന്നും വിട്ടുപോയ പദങ്ങൾ ശബ്ദഭംഗി വരത്തക്കവിധം തെളിവെടുത്തെഴുതി പൂരിപ്പിക്കുന്നു.
- പരിചിതമായ പാട്ടുകൾക്ക് അനുയോജ്യമായ താളം നൽകി ഒറ്റയ്ക്കും കൂട്ടായും ചെറുസദസ്സിന് മുമ്പാകെ അവതരിപ്പിക്കുന്നു.
പ്രവർത്തനവിശദാംശങ്ങൾ:
ഘട്ടം ഒന്ന് - പൂരിപ്പിക്കൽ:
- പഠനക്കൂട്ടമാക്കുന്നു. വിട്ടുപോയ വാക്കുകൾ കണ്ടെത്തി പൂരിപ്പിക്കുന്നു.
- കൂടുതൽ പിന്തുണവേണ്ടവരെ സഹായിക്കുന്നു.
- 'സൈക്കിൾ വണ്ടി' എന്നെഴുതുമ്പോൾ 'സയിക്കിൾ' എന്ന് തെറ്റാൻ സാധ്യതയുണ്ട്. ഷൈനിയുടെ പാഠത്തിലെ വാക്കുകൾ ഓർമ്മിപ്പിക്കണം.
- സ്കൂട്ടർ വണ്ടി, ജീപ്പ് വണ്ടി, ലോറി വണ്ടി എന്നിങ്ങനെ കുട്ടികൾ പൂരിപ്പിക്കുന്നത് അംഗീകരിക്കണം.
- ഓരോ ഗ്രൂപ്പിൽ നിന്നും ടീച്ചർ നിർദേശിക്കുന്നവർ (പിന്തുണ ആവശ്യമുള്ളവർ) വന്ന് ബോർഡിൽ എഴുതണം.
ഘട്ടം രണ്ട് - വായന:
(പിന്തുണ ആവശ്യമുള്ളവർക്കുള്ള പുനരനുഭവം കൂടി ആണിത്)
- ഓരോ വരിയായി ഓരോ ആൾ വായിക്കുന്നു. മറ്റുള്ളവർ വിരലോടിച്ച് ഏറ്റ് വായിക്കുന്നു.
- എല്ലാവർക്കും അവസരം നൽകിയ ശേഷം താളം കണ്ടെത്തണം.
- താളത്തിൽ അവതരിപ്പിക്കാൻ റിഹേഴ്സൽ നടത്തണം. ടീച്ചറുടെ പിന്തുണ നൽകണം.
ഘട്ടം മൂന്ന് - അവതരണം:
- പഠനക്കൂട്ടം ഈണമിട്ട് പാട്ട് അവതരിപ്പിക്കണം.
- ചങ്ങലച്ചൊല്ലൽ രീതി (ഒരാൾ ഒരു വരി ചൊല്ലി മറ്റുള്ളവർ ഏറ്റ് ചൊല്ലുക) പിന്തുടരാം.
- അവസാനം ടീച്ചറുടെ അവതരണവും ഒത്തുപാടലും.
വരച്ചു ചേർക്കാം (വ്യക്തിഗതം - 10 മിനിറ്റ്)
- പാട്ടിലുള്ള ഏതൊക്കെ വണ്ടികളുടെ ചിത്രം പേജ് 125-ൽ ഉണ്ട്? വരിയും ചിത്രവും വരച്ച് യോജിപ്പിക്കുക.
- പരസ്പരം പരിശോധനയും സ്റ്റാർ നൽകലും.
- പാട്ടിൽ സൂചിപ്പിച്ചിട്ടുള്ളതും ചിത്രമില്ലാത്തതുമായ വാഹനങ്ങൾ വരച്ചുചേർക്കുക.
പ്രവർത്തനം: വാഹനങ്ങളെ തരംതിരിക്കാം
പഠനലക്ഷ്യം: വാഹനങ്ങളെ സഞ്ചാരരീതിക്കനുസരിച്ച് തരം തിരിക്കുന്നു.
പ്രതീക്ഷിത സമയം: 30 മിനിറ്റ്
പ്രവർത്തനവിശദാംശങ്ങൾ:
- പഠനക്കൂട്ടങ്ങൾ തമ്മിലുള്ള മത്സരം: ഓരോ വണ്ടി വീതം മാറി മാറി പറയുക. പറയാൻ പറ്റാത്തവർ ഔട്ട്.
- അടുത്ത മത്സരം (പേജ് 126): പറഞ്ഞ വാഹനങ്ങളെ പാഠപുസ്തകത്തിൽ ആദ്യം തരംതിരിച്ചെഴുതുന്ന ഗ്രൂപ്പ് ജേതാക്കൾ.
- എല്ലാവരും ശരിയായി പൂരിപ്പിച്ചു എന്ന് ടീച്ചർ ഉറപ്പാക്കണം.
അവതരണം: ഓരോ പഠനക്കൂട്ടവും പൂരിപ്പിച്ചത് അവതരിപ്പിക്കണം. ടീച്ചർ ബോർഡിൽ ക്രോഡീകരിക്കുകയും കണ്ടെത്തൽ വായന നടത്തുകയും വേണം.
വിലയിരുത്തൽ (20 മിനിറ്റ്): 'ഞാനും വാഹനവും' - വ്യക്തിഗതമായി പൂരിപ്പിക്കണം.
കളിവണ്ടി പ്രദർശനം: അടുത്ത ദിവസം മച്ചിങ്ങ, നൂല്, പെട്ടികൾ, ഇലകൾ, അടപ്പുകൾ തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കിയ വണ്ടികളുടെ പ്രദർശനം ഉണ്ടായിരിക്കും. ഒരാൾ ഒരു വണ്ടി വീതം വീട്ടുകാരുടെ സഹായത്തോടെ ഉണ്ടാക്കി കൊണ്ടുവരണം.
പ്രവർത്തനം: രചനോത്സവം
പഠനലക്ഷ്യങ്ങൾ:
- ചിത്രസൂചനകളിൽ നിന്നും കഥ വികസിപ്പിച്ചെഴുതി പങ്കിടുന്നു.
- വികസിപ്പിച്ച കഥകൾക്ക് ഉചിതമായ തലക്കെട്ട് നൽകുന്നു.
നിർദേശങ്ങൾ (പേജ് 128):
- നാല് ചിത്രങ്ങളിലെ ആൾക്കാരെയും അവർ നിൽക്കുന്ന സ്ഥലത്തെയും നോക്കുക.
- എന്തായിരിക്കും അവിടെ സംഭവിച്ചത് എന്ന് ചിന്തിച്ച് കഥയായി എഴുതുക.
- ചിന്താതടസ്സമുള്ള കുട്ടികളോട് വിശകലന ചോദ്യങ്ങൾ ചോദിക്കണം (ഉദാ: എന്തിനാണ് വർക്ക് ഷോപ്പിൽ പോകുന്നത്? അവസാന ചിത്രം നോക്കൂ, എന്തായിരിക്കും അവർ ആവശ്യപ്പെട്ടത്?).
ടീച്ചർ വേർഷൻ (അവതരണം):
കരടി പറഞ്ഞു: ഈ വണ്ടിക്ക് ചിറക് വെച്ചാൽ പറക്കും. അവർ വർക്ക് ഷോപ്പിലെത്തി. വണ്ടിക്ക് ചിറക് വെച്ച് വിമാനമാക്കാമോ എന്ന് ചോദിച്ചു. ജോലിക്കാർ വണ്ടി പൊളിച്ചു പുതിയ യന്ത്രങ്ങൾ പിടിപ്പിച്ചു. വണ്ടി വിമാനമായി മാറി! അവരെല്ലാം അതിൽ കയറി പറന്നു.
രചന നടത്താത്തവർക്ക് ഈ ആശയം ഉൾപ്പെടുത്തി എഴുതാൻ അവസരം നൽകാം (ഇടവേള പ്രവർത്തനം).
