1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

ഓണമുറ്റത്ത് - വൈലോപ്പിള്ളി ശ്രീധരമേനോൻ (ആസ്വാദനക്കുറിപ്പ്)

bins

 

           ജീവിതമാകുന്ന  കടലിനെ മഷിപ്പാത്രമാക്കി മലയാളകവിതയിൽ ഉജ്ജ്വലമുഹൂർത്തങ്ങൾ തീർത്ത വൈലോപ്പിള്ളി ശ്രീധരമേനോന്റെ  വിട എന്ന കാവ്യ സമാഹാരത്തിലെ കവിതയാണ് ഓണമുറ്റത്ത്. ഓണം മലനാടിനെ എങ്ങനെയെല്ലാം അണിയിച്ചൊരുക്കുന്നുവെന്നും പ്രകൃതിയോട് ചേർന്ന് മാനവജീവിതം മഹാബലിയെ എങ്ങനെ വരവേൽക്കുന്നുവെന്നും കവി വർണ്ണിക്കുന്നു .
ഈ മലനാടിന്റെ  വായുവിൽ മധുരവും ഉദാരവുമായ പരിശുദ്ധമായ ഒരു ഭാവം ഉണ്ട്.എത്ര മഴ കൊണ്ടാലും തുമ്പപ്പൂക്കൾ നനഞ്ഞു വിറച്ച് ഓരോ വീട്ടിലും പൂത്തു നിൽക്കുകയാണ് .അതിഥിയെ സ്വീകരിക്കുവാൻ നിലവിളക്കിൽ ദീപക്കുറ്റികൾ നാട്ടി നിൽക്കുന്നതുപോലെ എവിടേയും  മഞ്ഞപ്പൂക്കളാകുന്ന ദീപക്കുറ്റികൾ നാട്ടി മുക്കുറ്റികൾ നിൽക്കുന്നുണ്ട്.

താലമേന്തി വിരുന്നുകാരനെ സ്വീകരിക്കാൻ നിൽക്കുന്നത് പോലെയാണ് മഹാബലി മന്നനെ സ്വീകരിക്കുവാൻ വയലേലകളിൽ വെള്ളിത്താലമെടുത്തു നെയ്യാമ്പലുകളും വിലസിക്കുന്നത്.

 കമുകിന്റെ  പൂക്കൾ മഹാബലിയെ എതിരേൽക്കാൻ നിലത്തുവീണ് കിടക്കുകയാണ്.
ഉണ്ണികളേ, കടലേ, അരുവികളേ,കന്യകളേ ,നിങ്ങളെല്ലാം ആർപ്പുവിളിക്കുക. കാരണം ഇതിനേക്കാൾ  മികച്ച അതിഥി ഇനി വരാനില്ല.അതിഥിയെ സ്വീകരിക്കാൻ വിളക്കുമായി വരുന്ന കന്യകയാണ് ഉഷസ് (പ്രഭാതം). ഉദയസൂര്യനാകുന്ന വിളക്കിന്റെ  നാളം അല്പം ഉയർത്തി ലജ്ജാ ഭാരത്താൽ തുടുത്ത കവിളോടെ പ്രഭാതം ഒരുങ്ങിയെത്തുന്നു എന്നാണ് കവി പറയുന്നത് .

മഹാബലിയുടെ കാലുകൾ പനിനീരിനാൽ കഴുകിച്ചു കൊണ്ട് മലയാളത്തറവാടിന്റെ  മുറ്റത്തുള്ള മണി പീഠത്തിലിരുത്തുന്നുവെന്നാണ് കവി പറയുന്നത്. മലയാളികളുടെ കൊച്ചു കിനാവുകളിൽ നിറഞ്ഞ മഹാബലിയെത്തി. നാം പൂക്കളം എഴുതി കാത്തിരിക്കുന്ന ചക്രവർത്തിയെ വേഗം തന്നെ സ്വീകരിച്ചിരുത്തൂ എന്ന് കവി ആവശ്യപ്പെടുന്നു .താനൊരു പുള്ളുവനാണെന്നും പായും കുടയും നെയ്യുന്നവനാണെന്നും കൈവേലകൾ ചെയ്ത് ജീവിക്കുന്നവനാണെന്നും കവി പറയുന്നു .പുഞ്ച കൊയ്യുന്ന, കറ്റ മെതിക്കുന്ന പാവപ്പെട്ട ഗ്രാമപ്പെൺകുട്ടികളുടെ കരളുകൾ തുള്ളാനും കാലുകൾ നർത്തനമാടാനും മാത്രമാണ് താൻ കവിതകൾ പാടുന്നത് എന്നും തന്റെ കയ്യിൽ വീണപ്പെണ്ണ് ഉണ്ടെന്നും വെറ്റിലയോ മുറുക്കാനോ മാത്രമായിരിക്കും ഒരു പക്ഷേ  തനിക്ക് ലഭിക്കുന്നതെന്നും കവി പറയുന്നു.

ഓണക്കാലത്ത് ഓണപ്പാട്ടുകൾ ആണ് ഞാൻ പാടുന്നത് .പൊൻനിറമുള്ള ചിങ്ങമാസം വന്നു പിറന്നു. ഓണത്തപ്പൻ പനയോലയും ചൂടി മലയാളത്തറവാടിന്റെ  മുറ്റത്ത് ഇരിക്കുന്നു. ഞാനാകട്ടെ വെളുത്ത മണലിൽ ഇരിക്കുന്നു. എന്റെ  കയ്യിൽ കൊഞ്ചലോടെ പ്രിയപ്പെട്ട മകളായ വീണപ്പെണ്ണും ചാഞ്ഞു കിടക്കുന്നുണ്ട് .പല്ലുകൊഴിഞ്ഞ പഴയ പാട്ടാണെന്ന് പറഞ്ഞ് പരിഷ്കാരത്തിന്റെ  മടിയിലുള്ള ഇന്നത്തെ തലമുറ എന്നെ ഒരുപക്ഷേ പഴിച്ചേക്കാം. അവർ പഴമോ അരിയോ പപ്പടമോ തന്നയച്ച്  എന്നെ പറഞ്ഞയക്കാൻ ശ്രമിച്ചേക്കാം. പക്ഷേ എന്റെ  ഉള്ളിലുള്ള അഭിമാനം ഇവർ അറിയുന്നില്ല .എന്റെ  മുന്നിൽ ഗോമേദകം പതിപ്പിച്ച സ്വർണ്ണ സിംഹാസനത്തിൽ മുത്തുക്കുടയും ചൂടി ഇരിക്കുന്നത് മൂന്നുലോകത്തേയും ഭരിച്ച മഹാബലിയാണ്.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടോടി സംസ്കാരത്തെക്കുറിച്ച് കവി ഇവിടെ സൂചിപ്പിക്കുന്നുണ്ട് .സിനിമാറ്റിക് പാട്ടുകളും നൃത്തങ്ങളും ഇന്ന് പുള്ളുവപ്പാട്ടിന്റെ  സ്ഥാനം അപഹരിച്ചു.. പഴയകാല നന്മകളെക്കുറിച്ച് ആവേശത്തോടെയാണ് കവി പാടുന്നത് പാരമ്പര്യത്തിന്റെ  നന്മ തന്നിലുണ്ടെന്ന് കവി അഭിമാനിക്കുന്നു .
 

     മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ തുടങ്ങിയുള്ളവരുടെ പാരമ്പര്യം ഉൾക്കൊണ്ടാണ് തന്നിൽ കവിത വന്നത് എന്ന് കവി പറയുന്നു വീണപ്പെണ്ണ് ആ പഴമയുടെ ചിഹ്നമാണ്.

                  


To Top