1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

കോഴിയും കിഴവിയും - കാരൂർ നീലകണ്ഠപ്പിള്ള-(ആസ്വാദനക്കുറിപ്പ് )

bins

     മനുഷ്യ നന്മയിൽ വിശ്വസിക്കുന്ന കഥാകാരനാണ് കാരൂർ നീലകണ്ഠപ്പിള്ള. ഒരേസമയം കഥയോടൊപ്പം നടന്നും കഥയെ നേരിട്ട് നിയന്ത്രിക്കാതെയും ആഖ്യാനം ചെയ്യാനുള്ള കാരൂരിന്റെ  കഴിവ് ശ്രദ്ധേയമാണ്. ഇപ്പറഞ്ഞ ഗുണവിശേഷങ്ങൾ ചേരുന്ന മനോഹരമായ കഥയാണ് കോഴിയും കിഴവിയും. നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറമാണ് കാരൂർ കഥകളുടെ തട്ടകം. രണ്ടു ഗ്രാമീണ  കുടുംബങ്ങളുടെ കഥയാണ് ഇത്.


തലമുറകളായി അയൽക്കാരായി കഴിയുന്ന മർക്കോസിന്റേയും മത്തായിയുടേയും കുടുംബങ്ങളുടെ പരസ്പരാശ്രയത്വവും നന്മയും  ഈ കഥയിലുണ്ട്. ഒരാളുടെ കോഴിയെ അയാൾ തന്നെ കൊന്നാൽ അതിൽ അപകടമില്ല .എന്നാൽ കയ്യബദ്ധം കൊണ്ട് അന്യനാണ് കൊന്നതെങ്കിൽ അതുണ്ടാക്കുന്ന പുകിലുകൾ വലുതായിരിക്കും. ബന്ധങ്ങൾ മറന്നുപോകും .

മത്തായിയുടെ കോഴിയെ മാർക്കോസിന്റെ  വീട്ടിലെ കുട്ടി അറിയാതെ കല്ലെറിഞ്ഞപ്പോൾ അത് ചത്തുപോയി.  ചത്ത കോഴിയെ മത്തായിയുടെ വീട്ടിൽ ഏൽപ്പിക്കുകയാണ് മാർക്കോസിന്റെ  ഭാര്യ ചെയ്തത് .ആ പൂവങ്കോഴി ഒരു വിപ്ലവമാണ് അഴിച്ചുവിട്ടത്. മത്തായിയും ഭാര്യയും ആ കോഴിയെ പാചകം ചെയ്തു കഴിച്ചു .എന്നാൽ ആ കോഴി മത്തായിയുടെ തലച്ചോറിനകത്ത് ചികയുകയും മാന്തുകയും കൊത്തിപ്പെറുക്കുകയും ചെയ്തു. കോഴിയിറച്ചിയോടുള്ള കൊതി കോഴിയുടെ വേദനയെ കാണാതിരിക്കാൻ പ്രേരിപ്പിക്കുന്നു. കൊതി സഹാനുഭൂതിയെ തടയുന്നു.

എങ്ങനെയെങ്കിലും മത്തായി മർക്കോസിനെ പ്രശ്നത്തിലാക്കാൻ തീരുമാനിച്ചു,  മർക്കോസിന്റെ  അപ്പൻ തന്റെ  സ്ഥലത്തിൽ  കുറച്ച്  മത്തായിയുടെ അമ്മയ്ക്ക് പണ്ട് പാർക്കാൻ കൊടുത്തതാണ്. അവൾ അവിടെ താമസിച്ചു. വളരെ കഷ്ടപ്പെട്ടാണ് അവൾ അവിടെ ജീവിച്ചത്  .അവൾ ഒരു ചെറിയ പീടിക തുടങ്ങി. അടുത്തൊന്നും മറ്റു കടകൾ ഇല്ലാതിരുന്നതുകൊണ്ട് അവിടെ കച്ചവടം പൊടിപൊടിച്ചു. പിന്നീട് അവൾ പലതരം വ്യാപാരങ്ങൾ തുടങ്ങി. വിപുലമായി മെച്ചപ്പെട്ടു . അങ്ങനെ അവർ നല്ല നിലയിലേക്ക് മാറി .ചിട്ടികൾ നടത്തി .ഒരുപക്ഷേ അവളുടെ ഭർത്താവ് ജീവിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു നല്ല ഗതി വരുമായിരുന്നില്ല.

മർക്കോസിന്റെ  വീട്ടിൽ സാമാന്യം സ്വത്ത് ഉണ്ടായിരുന്നു. എന്നാൽ  മാർക്കോസിന്റെ  അമ്മ എല്ലാ ആണ്ടിലും പ്രസവിക്കുമായിരുന്നു. ഒരു ആൺകുട്ടിയെ കിട്ടണം എന്നതായിരുന്നു അവരുടെ ആഗ്രഹം .അങ്ങനെ ഏഴ് പെങ്ങന്മാരുടെ ഇടയിലേക്ക് ഒരു കുഞ്ഞാങ്ങള വന്നു .അപ്പനും അമ്മയും മരിച്ചു. ഇവരെ കെട്ടിച്ച് അയക്കേണ്ട ചുമതലയും മറ്റും മാർക്കോസിന്റെ  തലയിൽ വന്നു .

അങ്ങനെ മത്തായി  താഴെനിന്ന് മേലോട്ട് വളർന്നു. മർക്കോസ് ക്ഷീണിച്ചപ്പോൾ മത്തായി സഹായിച്ചു തുടങ്ങി. എന്നാൽ അത്  ഉപകാരസ്മരണ കൊണ്ടല്ല .മറിച്ച് അവന് കുറച്ചു കൂടി സ്ഥലം പുര വെക്കാൻ വേണം.അയൽപക്കത്ത് അത്താഴപ്പട്ടിണിക്കാരൻ വന്നാൽ അതൊരു സ്വൈരക്കേടാണെന്നാണ് മത്തായിയുടെ പക്ഷം .അവനെ എങ്ങനെയെങ്കിലും അവിടെ നിന്ന് തുരത്തണം ഇതായി മത്തായിയുടെ ചിന്ത.തന്നെക്കൊണ്ട് ആവുന്ന എല്ലാ ഉപദ്രവവും അവൻ മർക്കോസിനെതിരെ ചെയ്തു .എന്നാൽ മത്തായിയുടെ അമ്മയ്ക്ക് ഈ നന്ദികേടിൽ  പ്രതിഷേധമുണ്ട്.

 രണ്ടുപേരുടെയും കുട്ടികൾ തമ്മിൽ തല്ലു പിടിക്കും .എങ്കിലും അവരുടെ പിണക്കം പെട്ടെന്ന് ഇണക്കമായി മാറും. മാർക്കോസിന്റെ  മകൾ വേലിക്കരികിൽ മത്തായിയുടെ മക്കൾ പേരയ്ക്ക പറിച്ചു തിന്നുന്നത് കൊതിയോടെ നോക്കി നിൽക്കുകയായിരുന്നു .അതിൽ ഒരു കുട്ടി പേരയ്ക്ക പറിച്ച് അവൾക്ക് എറിഞ്ഞുകൊടുത്തു. എന്നാൽ പേരയ്ക്ക അവളുടെ നെറ്റിയിൽ പതിച്ചു. ഇതൊരു തല്ലു പിടിത്തത്തിന് കാരണമായി .എന്നാൽ പിറ്റേ ദിവസം അവർ തമ്മിൽ വഴക്കു തീർത്തു.രണ്ടു വീട്ടിലെയും കുട്ടികൾ ഒരുമിച്ചു നടക്കുന്നത് രണ്ടു വീട്ടുകാർക്കും ഇഷ്ടമല്ല. പരസ്പരം കുറ്റം പറഞ്ഞല്ലാതെ അവർ കിടന്ന് ഉറങ്ങാറില്ല .മത്തായിയുടെ അമ്മ മകന്റെ  ഈ നന്ദികേടിനെക്കുറിച്ച് എപ്പോഴും മകനോട് സംസാരിക്കാറുണ്ട്. ആ രണ്ട് വീട്ടുകാരുടേയും ഇടയിൽ ഒരു അഗ്നിപർവതം പൊട്ടാറായി നിൽക്കുകയാണ് .ഒരു പക്ഷേ അതിൽ രണ്ടു കുടുംബങ്ങളും തകർന്നുവെന്നുവരാം .അത്രയധികം അവരുടെ ഇടയിൽ പ്രശ്നങ്ങൾ വർദ്ധിച്ചു .

മത്തായി മർക്കോസിനെതിരെ പോലീസിൽ പരാതി കൊടുത്തു. മർക്കോസിന്റെ  വീട്ടിൽ പൊലീസുകാർ വന്നു. പറമ്പിൽ നിന്ന് കോഴിയുടെ തൂവലും കാലും തലയും തൊണ്ടിയായി എടുത്തു.മർക്കോസ് കോഴിയെ കട്ടു എന്നാണ് കേസ് .

മർക്കോസ് പോലീസിനോട് അപ്പുറത്തെ വീട്ടിലെ അമ്മ വയസ്സായി ഇരിക്കുകയാണ് ഒന്ന് കയറിയിട്ട് പോകണം എന്ന് അപേക്ഷിച്ചു .പോലീസുകാർ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് അനുവദിച്ചു.കോഴിയെ കട്ടു തിന്നതിന്  തന്നെ പോലീസുകാർ കൊണ്ടുപോകുകയാണെന്ന് മാർക്കോസ് പറഞ്ഞു.

 അപ്പോൾ ആ വൃദ്ധ കണ്ണു തുടച്ചിട്ട് ഇങ്ങനെ പറഞ്ഞു .ഈ കൂട്ടത്തിൽ മത്തായി ഉണ്ടെങ്കിൽ അവനോട് തന്നെ വടക്കേതിൽ ഒന്ന് കൊണ്ടുപോകാൻ പറയണം എന്നും ഞാൻ അവിടെക്കിടന്നു ചത്തോളാമെന്നും നന്ദികെട്ട ഇവന്റെ  കൂടെ താൻ കഴിയുകയില്ല എന്നും ഇന്നലെ കൊച്ചുങ്ങളെപ്പോലും അറിയിക്കാതെയാണ് മത്തായിയും  ഭാര്യയും കോഴിയെ വേവിച്ചു തിന്നത് എന്നും  എന്നിട്ട് മാർക്കോസിന്റെ   പേരിൽ കേസ് കൊടുത്തിരിക്കുന്നത് തെറ്റാണ്  എന്നും പോലീസുകാരെ  അറിയിച്ചു. വൃദ്ധ മർക്കോസിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. എന്റെ  മകനെ ഈ നന്ദികേട്ടവരുടെ ഇടയിൽനിന്ന് കർത്താവെന്നെ  വേഗം വിളിച്ചിരുന്നെങ്കിൽ എന്ന് പറഞ്ഞു. പിന്നീട് താൻ വരുത്തിവെച്ച വയ്യാവേലി യിൽ നിന്ന് രക്ഷപ്പെടാൻ മത്തായിക്ക് കുറേ കഷ്ടപ്പെടേണ്ടി വന്നു.

ഇരുട്ടുനിറഞ്ഞ പരിതസ്ഥിതിയിൽ അനുഭവസമ്പന്നരായ മുതിർന്നവരുടെ  അവസരോചിതമായ ഇടപെടലുകളും ശാസനകളുമാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുന്നത്. മത്തായിയുടെ അമ്മച്ചിയുടെ പ്രകാശം നിറഞ്ഞ വാക്കുകൾ ചുറ്റുമുള്ളവർക്ക്  വഴിവിളക്കായി മാറുന്നുണ്ട് .തലമുറകൾക്ക് മുമ്പേ തുടങ്ങിവെച്ച സ്നേഹോഷ്മളമായ ബന്ധങ്ങളെ പണത്തിന്റെ  കണക്കിൽ വിലയിടുന്നതിനെ തുറന്നുകാട്ടുകയാണ് ഈ കഥയുടെ ലക്ഷ്യം. ഗ്രാമ ജീവിതത്തിന്റെ നിർമ്മലമായ വെളിച്ചം തിരിച്ചറിയാനും നാട്ടു നന്മകളുടെ മങ്ങിത്തുടങ്ങിയ ദീപനാളങ്ങൾ തെളിച്ചു നിർത്താനും ഈ കഥ ശ്രമിക്കുന്നു. കഥാപാത്രങ്ങളുടെ ജീവിത ഭാവങ്ങൾ സൂക്ഷ്മതയോടെയാണ് കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നത് .കളങ്കമില്ലാത്ത ജനങ്ങളേയും നന്മ സൂക്ഷിക്കുന്നവരേയും ,ബന്ധങ്ങളിലെ ഊഷ്മളതയും ,മറ്റും ഈ കഥയിൽ നമുക്ക് കാണാൻ സാധിക്കുന്നു. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന ആ വരികൾ നമ്മൾ ഈ കഥയിലെ വൃദ്ധയെ കാണുമ്പോൾ ഓർത്തു പോകും.ഇതിലെ വൃദ്ധയുടെ നിസ്വാർത്ഥത എടുത്തുപറയേണ്ടതാണ് .ആ അമ്മയുടെ  ഇടപെടലാണ് കഥാഗതിയിൽ മാറ്റമുണ്ടാക്കുന്നത്. ആ മനസ്സിന്റെ  നന്മയും സഹാനുഭൂതിയും  നന്മയുടെ പക്ഷത്തു നിൽക്കുന്ന മനോധർമ്മവും ഈ കഥയുടെ പ്രകാശമായി മാറുന്നു

                      

To Top