Please share with your friends

Author Profile

ലക്ഷ്മണസാന്ത്വനം - വരികളുടെ വിശദീകരണം --LAKSHMANASANTHWANAM - class 10 - Kerala Padavali - Malayalam

Binu

 

ലക്ഷ്മണസാന്ത്വനം  - Explanation --LAKSHMANASANTHWANAM - class 10 - Kerala Padavali - Malayalam

 

വത്സ! സൗമിത്രേ ! കുമാര ! നീ കേൾക്കണം 
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ 
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നത് 
മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പൊഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും 
നിന്നോളമില്ല മറ്റാർക്കുമെന്നുള്ളതും 
നിന്നാലസാധ്യമായില്ലൊരു കർമ്മവും
നിർണ്ണയമെങ്കിലുമൊന്നിതു കേൾക്ക നീ 

ശ്രീരാമപട്ടാഭിഷേകം മുടങ്ങിയതറിഞ്ഞ ലക്ഷ്മണൻ കുപിതനായി ( ദേഷ്യപ്പെട്ടു ) . അയോദ്ധ്യ മുഴുവൻ ചുട്ടുചാമ്പലാക്കും എന്നാണ് ലക്ഷ്മണൻ പറയുന്നത് . ഇത് കേൾക്കുന്ന ശ്രീരാമൻ അനുജനായ ലക്ഷ്മണനെ സമാധാനിപ്പിക്കാൻ തുടങ്ങുന്നതാണ് ഈ വരികൾ .

ജീവിതത്തിന്റെ നശ്വരതയെ (എളുപ്പം നശിക്കുന്ന) കുറിച്ച് ഒരുപാട് ഉപദേശങ്ങൾ ലക്ഷ്മണന് നൽകാൻ പോവുകയാണ് ശ്രീരാമൻ. എന്നാൽ വലിയ ഉപദേശങ്ങൾ നൽകുന്നതിന് മുൻപ് ലക്ഷ്മണന്റെ കോപം ഒന്ന് ശമിപ്പിക്കേണ്ടതുണ്ട്. അതിനായി അല്പം മുഖസ്തുതി  കലർന്ന (പൊക്കി പറയുക )  വാക്കുകളാണ് ശ്രീരാമൻ ആദ്യം ഉപയോഗിക്കുന്നത് .

വത്സ! -  പ്രിയപ്പെട്ടവനേ
സൗമിത്രേ - സുമിത്രയുടെ മകനേ 
വെടിഞ്ഞ് - ഉപേക്ഷിച്ച് 
നിർണ്ണയം - നിശ്ചയം (ഉറപ്പ്)

ലക്ഷ്മണന്റെ  മനസ്സിലുള്ള പക ഉപേക്ഷിച്ച് നീ ഞാൻ പറയുന്നത് കേൾക്കാൻ ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നു. ലക്ഷ്മണന്റെ മനസ്സിലുള്ള കാര്യം എന്താണെന്ന് തനിയ്ക്ക് അറിയാമെന്നും ശ്രീരാമൻ പറയുന്നു. ലക്ഷ്മണന്റെ മനസ്സിൽ തന്നോടുള്ള  ഇഷ്ടവും വാത്സല്യവും എല്ലാം തനിയ്ക്കറിയാം എന്ന് ശ്രീരാമൻ പറയുന്നു . മറ്റാർക്കും ഇത്രയും വാത്സല്യം തന്നോടില്ല എന്നുകൂടി രാമൻ പറയുന്നു. ലക്ഷ്മണനെ കൊണ്ട് ചെയ്യാൻ പാടില്ലാത്തതായി യാതൊരു കാര്യവും ഈ ഭൂമിയിൽ ഇല്ല എന്ന് പറഞ്ഞുകൊണ്ട് ശ്രീരാമൻ ലക്ഷ്മണനെ പുകഴ്ത്തുന്നു. പക്ഷെ ഇങ്ങനെയൊക്കെയാണെകിലും ഇപ്പോൾ തനിക്ക് പറയാനുള്ള കാര്യങ്ങൾ ലക്ഷ്മണൻ സമാധാനമായി കേൾക്കണം എന്നാണ് ശ്രീരാമൻ ലക്ഷ്മണനോട് ആവശ്യപ്പെടുന്നത്.

ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും 
വിശ്വവും നിശ്ശേഷധാന്യധനാദിയും 
സത്യമെന്നാകിലേതൽപ്രയാസം തവ 
യുക്ത,മതല്ലായ്കിലെന്തതിനാൽ ഫലം?

നമ്മുടെ കണ്മുന്നിൽ നമ്മൾ കാണുന്ന രാജ്യവും , ദേഹവും , ലോകവും , ധാന്യവും , ധനവുമെല്ലാം സത്യമാണെന്ന് കരുതുന്നത് കൊണ്ടാണ് നിന്റെ ഈ ദുഃഖങ്ങൾ എന്ന് ശ്രീരാമൻ പറയുന്നു .  ഇതൊന്നും സത്യമല്ലെന്നും  ഇതെല്ലാം ചില മായക്കാഴ്ചകൾ മാത്രമാണെന്നുമാണ് ശ്രീരാമൻ ഉദ്ദേശിക്കുന്നത് .    
ഇതൊന്നും നഷ്ടപ്പെടുന്നതുകൊണ്ട് വിഷമിക്കേണ്ട കാര്യമില്ലെന്നും ശ്രീരാമൻ ലക്ഷ്മണനെ ഉപദേശിക്കുന്നു.


ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം 
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ 

ഈ ലോകത്ത് നമ്മൾ അനുഭവിക്കുകയും അനുഭവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സുഖഭോഗങ്ങളെല്ലാം ഒരു മിന്നൽപ്പിണർ (lightning) പോലെ പെട്ടെന്നുവന്നു പെട്ടെന്ന് മറഞ്ഞുപോകുന്നവയാണ്. മനുഷ്യരുടെ ആയുസ്സ് പോലും പെട്ടെന്ന് നഷ്ടമാകുന്നതാണെന്നും നീ ഓർക്കണമെന്ന് ശ്രീരാമൻ ലക്ഷ്മണനെ ഓർമിപ്പിക്കുന്നു.

വഹ്നിസന്തപ്തലോഹസ്ഥാ0ബുബിന്ദുനാ 
സന്നിഭം മർത്യജന്മം ക്ഷണഭംഗുരം

ചുട്ടുപഴുത്തിരിക്കുന്ന ഒരു ലോഹത്തകിടിൽ വെള്ളത്തുള്ളി വീണാൽ പെട്ടെന്ന് ഇല്ലാതായിപോകും. ഇതുപോലെയാണ് മനുഷ്യജന്മവും. ജനിക്കുന്നതിനും മരിക്കുന്നതിനുമിടയിൽ ഒരുപാട് സമയമൊന്നും നമുക്കില്ല എന്നാണ് ശ്രീരാമന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.  മഹാകവി എഴുത്തച്ഛന് നമ്മോടു പറയാനുള്ള കാര്യങ്ങളാണ് ശ്രീരാമന്റെ വാക്കുകകളായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

ചക്ഷു:ശ്രവണഗളസ്ഥമാം ദർദുരം 
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ 
കാലാഹിനാ പരിഗ്രസ്തമാം ലോകവു- 
മാലോലചേതസാ ഭോഗങ്ങൾ തേടുന്നു

പെരുമ്പാമ്പിന്റെ വായിലകപ്പെട്ട തവളയോട് മനുഷ്യനെ ഉപമിക്കുകയാണ് മഹാകവി എഴുത്തച്ഛൻ. പെരുമ്പാമ്പിന്റെ വായിലിരുന്ന് തവള ഭക്ഷണം തേടുകയാണ്. ഭക്ഷണം കിട്ടിയാലും തവള മരിക്കും. ഇതുപോലെയാണ് മനുഷ്യരുടെ കാര്യവും . കാലമാകുന്ന പെരുമ്പാമ്പിനെ വായിൽ അകപ്പെട്ട തവളകളാണ് മനുഷ്യർ. എന്തൊക്കെ നേടിയാലും മനുഷ്യൻ മരിക്കും എന്നുള്ളത് ഉറപ്പാണ് . എന്നാലും എപ്പോൾ വേണമെങ്കിലും താൻ മരിക്കും എന്ന സത്യം മറന്ന്‌ മനുഷ്യൻ എപ്പോഴും പുതിയ പുതിയ ആഗ്രഹങ്ങളുടെ പുറകെ സഞ്ചരിക്കുന്നു. 
 
പുത്രമിത്രാർഥകളത്രാദിസംഗമ-
മെത്രയുമൽപ്പകാലസ്ഥിതമോർക്ക നീ 

ഈ ലോകത്ത് ഭാര്യയോടും, മക്കളോടും , കൂട്ടുകാരോടുമൊത്തുമൊക്കെയുള്ള ജീവിതം കുറച്ചു കാലത്തേയ്ക്ക് മാത്രമേ ഉള്ളൂ . അതുപോലെ നമ്മൾ വിലപിടിച്ചത് എന്ന് കരുതുന്ന പണവും മറ്റുവസ്തുക്കളുമെല്ലാം കുറച്ചു കാലം മാത്രം അനുഭവിക്കാനുള്ള യോഗമേ നമുക്കുള്ളൂ. അപ്പോഴേയ്ക്കും മരണം മനുഷ്യനെ കൊണ്ടുപോകുമെന്നാണ് കവി ഉദ്ദേശിച്ചത്.  


പാന്ഥർ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യാമുഴുകുന്ന കാഷ്ഠങ്ങൾ പോലെയു- 
മെത്രയും ചഞ്ചലമാലയസംഗമം 

പണ്ട് കാലത്ത് ആളുകൾ നടന്നാണ് ദൂരസ്ഥലങ്ങളിൽ പോയിരുന്നത്. രാത്രി ആകുമ്പോൾ അവർക്ക് വിശ്രമിക്കാൻ വേണ്ടിയുള്ള ഇടമായിരുന്നു സത്രം അല്ലെങ്കിൽ പെരുവഴിയമ്പലം. രാത്രി പല സ്ഥലങ്ങളിൽ ഉള്ള ആൾക്കാർ ഈ സത്രത്തിൽ ഒന്നിച്ചു കൂടി കഥകൾ പറഞ്ഞിരിക്കുകയും , അവിടെ കിടന്ന് ഉറങ്ങുകയും ചെയ്യും. പിറ്റേ ദിവസം രാവിലെ ആകുമ്പോൾ ഓരോരുത്തർ അവരവരുടെ വഴിയിൽ പോകും . 
ഇതുപോലെയാണ് നമ്മുടെ ജീവിതവും എന്നാണ് എഴുത്തച്ഛൻ പറയുന്നത്. പലയിടങ്ങളിൽ ജനിച്ചുവളർന്ന മനുഷ്യർ പരസ്പരം കണ്ടുമുട്ടുകയും സുഹൃത്തുക്കളും ബന്ധുക്കളും ആവുകയും ചെയ്യുന്നു. എന്നാൽ മരണം വന്ന് വിളിക്കുമ്പോൾ ഓരോരുത്തർ ഈ ലോകത്ത് നിന്നും തനിയെ പോകുന്നു.

അതുപോലെ തന്നെ നദിയിലൂടെ ഒഴുകി വരുന്ന തടിക്കഷണങ്ങൾ പല വഴി തിരിഞ്ഞു പോകുന്നു . ഇതും നമ്മുടെ ജീവിതവുമായി ഉപമിക്കുകയാണ് മഹാകവി.   

ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യർക്കു,
നിൽക്കുമോ യൗവനവും പുനരധ്രുവം?
സ്വപ്നസമാനം കളത്രസുഖം നൃണാ-
മൽപ്പമായുസ്സും നിരൂപിക്ക ലക്ഷ്മണ !
രാഗാദിസങ്കുലമായുള്ള സംസാര –
മാകെ നിരൂപിക്കിൽസ്വപ്നതുല്യം സഖേ !

മനുഷ്യർക്ക് ഐശ്വര്യം സ്ഥിരമല്ല. ഇന്ന് നല്ല നിലയിൽ കഴിയുന്ന ഒരാൾക്ക് നാളെ ഉള്ളതെല്ലാം നഷ്ടപ്പെടാം. ചെറുപ്പത്തിലെ സൗന്ദര്യത്തിലും, ആരോഗ്യത്തിലും ചിലർ അഹങ്കരിക്കാറുണ്ട്. എന്നാൽ ഈ സൗന്ദര്യവും ആരോഗ്യവുമൊക്കെയുള്ള യൗവ്വനം പെട്ടെന്ന് തന്നെ നഷ്ടമായി മനുഷ്യൻ പ്രായമാകുകയും മരിക്കുകയും ചെയ്യുന്നു . ഭാര്യയുമൊത്തുള്ള സുഖജീവിതം എന്നൊക്കെ പറയുന്നത് വെറും സ്വപ്നം പോലെയാണ് . അതിനൊക്കെ അല്പം ആയുസ്സ് മാത്രമേ ഉള്ളൂ . പലവിധത്തിലുള്ള മോഹങ്ങളും, രാഗങ്ങളും, ഇഷ്ടങ്ങളും  ഒക്കെ നിറഞ്ഞ ഈ ലോകത്തെ ജീവിതം മൊത്തത്തിൽ നോക്കിയാൽ വെറും ഒരു സ്വപ്നം പോലെയാണെന്ന് എഴുത്തച്ഛൻ പറയുന്നു.

ദേഹം നിമിത്തമഹംബുദ്ധികൈക്കൊണ്ടു 
മോഹംകലര്‍ന്നു ജന്തുക്കള്‍ നിരൂപിക്കും
ബ്രാഹ്മണോഹം നരേന്ദ്രേഹമാഢ്യോഹമെ-.
ന്നാമ്രേഡിതം കലർന്നിടും ദശാന്തരേ
ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ടിച്ചു പോകിലാം
വെന്തുവെണ്ണീറായ് ചമഞ്ഞു പോയീടിലാം
മണ്ണിന്ന് കീഴിലായ് കൃമികളായ് പോയീടിലാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം 

ജാതിയ്ക്കും മതത്തിനും കുലമഹിമയ്ക്കുമൊക്കെ മനുഷ്യർ വളരെ പ്രാധാന്യം കൊടുക്കുന്നു. അവർ സ്വന്തം ശരീരത്തെ കുറിച്ചും , താൻ ജനിച്ച ജാതിയെ കുറിച്ചും ഒക്കെ ഓർത്ത് അഹങ്കരിക്കുന്നു.  ഞാൻ  ബ്രാഹ്മണനാണ് , ഞാൻ നരേന്ദ്രനാണ് , ഞാൻ ആഢ്യനാണ് എന്നൊക്കെ അവർ അഹങ്കരിക്കുന്നു. എന്നാൽ ഏത് ജാതിയിലോ കുലത്തിലോ ജനിച്ചാലും അവസാനം മരണം സംഭവിക്കുന്നു. അങ്ങനെ മരിക്കുമ്പോൾ മനുഷ്യരുടെ ശരീരം ചിതയിൽ എരിഞ്ഞു തീരുകയോ, മണ്ണിൽ കിടന്നു പുഴുവരിച്ചു പോവുകയോ , പക്ഷികൾ കൊത്തിത്തിന്ന ശേഷം കാഷ്ടിച്ചു പോവുകയോ ചെയ്യും. അതുകൊണ്ട് സ്വന്തം ദേഹത്തെ ഓർത്ത് അഹങ്കരിക്കുന്നത് നല്ലതല്ല എന്നാണ് മഹാകവി എഴുത്തച്ഛൻ പറയുന്നത്. 

ത്വങ്മ‍ാംസരക്താസ്ഥിവിണ്മൂത്രരേതസ‍ാം
സമ്മേളനം പഞ്ചഭൂതകനിര്‍മ്മിതം
മായാമയമായ് പരിണാമിയായോരു
കായം വികാരിയായുള്ളോന്നിതധ്രുവം
ദേഹാഭിമാനം നിമിത്തമായുണ്ടായ
മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ
മാനസതാരില്‍ നിരൂപിച്ചതും തവ
ജ്ഞാനമില്ലായ്കെന്നറിക നീ ലക്ഷ്മണ!
ദോഷങ്ങളൊക്കവേ ദേഹഭിമാനിന‍ാം
രോഷേണ വന്നു ഭവിക്കുന്നിതോര്‍ക്ക നീ

മനുഷ്യരുടെ ശരീരം പഞ്ചഭൂതങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്. 
ത്വക്ക് , മാംസം ,രക്തം ,വിസർജ്യം , മൂത്രം , രേതസ്സ് (semen ) എന്നിവ കൊണ്ട് നിർമ്മിച്ച വെറും മായ പോലുള്ള  മനുഷ്യശരീരം പെട്ടെന്ന് വികാരങ്ങൾക്ക് അടിമപ്പെടുന്നു. വെറും മായയായ, സത്യം അല്ലാത്ത , നിസ്സാരമായ ഈ ശരീരത്തെ ഓർത്ത് അഭിമാനം കൊള്ളുകയും, അതിന്റെ പേരിൽ ഉണ്ടായ മോഹങ്ങളുടെ പേരിൽ ഈ ലോകത്തെ തന്നെ ദഹിപ്പിച്ചു ഇല്ലാതാക്കാൻ ശ്രമിക്കുന്നതും ലക്ഷ്മണന്റെ അറിവില്ലായ്മ കൊണ്ടാണെന്ന് പറയുകയാണ് ശ്രീരാമൻ.
ആളുകൾ ദേഹത്തെ ഓർത്ത് അഭിമാനം കൊള്ളുകയും, ഈ ദേഹത്തിനെ സന്തോഷിപ്പിക്കാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ  മോഹിക്കുകയും ഒടുവിൽ മോഹങ്ങൾ നടക്കാതാകുമ്പോൾ രോഷം കൊള്ളുകയും ചെയ്യും. ലോകത്തിലുള്ള സകല പ്രശ്നങ്ങളും ദോഷങ്ങളും ഇതൊക്കെകൊണ്ട് വരുന്നതാണ് എന്ന് ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നു .

ദേഹോഹമെന്നുള്ള ബുദ്ധി മനുഷ്യര്‍ക്കു
മോഹമാതാവാമവിദ്യയാകുന്നതും
ദേഹമല്ലോര്‍ക്കില്‍ ഞാനായതാത്മാവെന്നു
മോഹൈകഹന്ത്രിയായുള്ളതു വിദ്യ കേള്‍

മോഹങ്ങളുടെ മാതാവ് അറിവില്ലായ്മയാണ് . അതായത് ജീവിതത്തെ കുറിച്ചുള്ള അറിവ് ഇല്ലാത്തവർക്കാണ് എല്ലാ ലൗകികസുഖങ്ങളോടും അടങ്ങാത്ത ആഗ്രഹം തോന്നുന്നത്. ഇങ്ങനെ അറിവില്ലാത്ത ആൾക്കാർ ചിന്തിക്കുന്നത് "ഞാൻ ശരീരം " ആണെന്നാണ്. 

എന്നാൽ മനസ്സിൽ നിന്നും മോഹങ്ങളെ ഇല്ലാതാക്കുന്നത് അറിവാണ്. ആ അറിവ് ഉള്ളവർ " ഞാൻ ശരീരം അല്ല , ഞാൻ ആത്മാവ് ആണ് " എന്ന് ചിന്തിക്കുന്നു.

സംസാരകാരിണിയായതവിദ്യയും
സംസാരനാശിനിയായതു വിദ്യയും
ആകയാല്‍ മോക്ഷാര്‍ത്ഥിയാകില്‍ വിദ്യാഭ്യാസ-
മേകാന്ത ചേതസാ ചെയ്ക വേണ്ടുന്നതും

ലൗകികജീവിതത്തോട് മനുഷ്യർക്ക് അടങ്ങാത്ത ആഗ്രഹം ആണ് . എന്നാൽ അവിദ്യ (അറിവില്ലായ്മ) കൊണ്ടാണ് മനുഷ്യർക്ക് ഇങ്ങനെ തോന്നുന്നത് എന്ന് എഴുത്തച്ഛൻ പറയുന്നു . 
ജീവിതത്തെ കുറിച്ചുള്ള ശരിയായ അറിവ് നേടിക്കഴിഞ്ഞാൽ ലൗകികജീവിതത്തിനോടുള്ള താല്പര്യം ഇല്ലാതാകും. അറിവ് നേടിയ മനുഷ്യന്റെ ജീവിതലക്‌ഷ്യം മോക്ഷം ആണ് .
അതുകൊണ്ട് നീ മോക്ഷം ആണ് ആഗ്രഹിക്കുന്നതെങ്കിൽ നീ ഏകാന്തമായ മനസ്സോടെ വിദ്യ അഭ്യസിക്കണം എന്ന് ശ്രീരാമൻ ലക്ഷ്മണനെ ഉപദേശിക്കുന്നു . ഈ വരികളിലൂടെ ജീവിതത്തെ കുറിച്ചുള്ള അറിവ് നേടുന്നതിന്റെ പ്രാധാന്യം എഴുത്തച്ഛൻ വിശദീകരിക്കുന്നു.

തത്ര കാമക്രോധലോഭമോഹാദികള്‍
ശത്രുക്കളാകുന്നതെന്നുമറിക നീ
മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും
ശക്തിയുള്ളൊന്നതില്‍ ക്രോധമറികെടോ

പിന്നീട് എഴുത്തച്ഛൻ കോപത്തെക്കുറിച്ചാണ് പറയുന്നത്. കോപം മൂലം "അയോദ്ധ്യ മുഴുവൻ കത്തിച്ചു ചാമ്പലാക്കും" എന്ന് പറഞ്ഞു നിൽക്കുന്ന ലക്ഷ്മണനോട് കോപം എങ്ങനെയാണ് മനുഷ്യനെ നശിപ്പിക്കുന്നത് എന്ന് പറയുകയാണ് ശ്രീരാമൻ.

മനുഷ്യന് ഒരുപാട് ശത്രുക്കൾ ഉണ്ട് . കാമം, ക്രോധം, മോഹം , ലോഭം എന്നിവയൊക്കെയാണ് മനുഷ്യന്റെ ശത്രുക്കൾ. ഇതിൽതന്നെ ക്രോധമാണ് (കോപം )മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. മോക്ഷത്തിന് തടസ്സമുണ്ടാക്കാൻ ഏറ്റവും കഴിവുള്ളത് കോപത്തിന് തന്നെയാണെന്ന് ശ്രീരാമൻ പറയുന്നു.

മാതാപിതൃഭ്രാതൃമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാന്‍
ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണ‍ാം സംസാരബന്ധനം
ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം

ക്രോധം വരുത്തിവയ്ക്കാവുന്ന പ്രശ്നങ്ങളെ കുറിച്ച് എഴുത്തച്ഛൻ തുടർന്നും തന്റെ കവിതയിലൂടെ പറയുന്നു.  മനുഷ്യൻ പെട്ടെന്നുണ്ടാകുന്ന കോപം കൊണ്ട്  അച്ഛനമ്മാമാരെയും, സഹോദരങ്ങളെയും, കൂട്ടുകാരെയും ഒക്കെ കൊന്നൊടുക്കുന്നു. ഇങ്ങനെ ക്രോധം മൂലം നമ്മൾ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ ഓർത്ത് ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കേണ്ടി വരും

ക്രോധം നമ്മെ വീണ്ടും വീണ്ടും ലൗകികജീവിതവുമായി ബന്ധിപ്പിക്കുന്നു. കോപം ധർമ്മത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ട്‌ ബുദ്ധിയുള്ളവർ കോപത്തെ ഉപേക്ഷിക്കാൻ തയ്യാറാകണം.

ശ്രീരാമൻ ലക്ഷമണനെയാണ് ഉപദേശിക്കുന്ന രീതിയലുള്ള ഈ വരികളിലൂടെ എഴുത്തച്ഛൻ ഉപദേശിക്കുന്നത് നമ്മളെ തന്നെയാണ്

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top