1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

ധർമ്മിഷ്ഠനായ രാധേയൻ

bins



Notes & Textbook Activities.

1. “ഭ്രാതൃപരിസേവിതനായി നിനക്കവകാശപെട്ട സിംഹാസനത്തിൽ നീ അമരുന്ന കാഴ്ച ഏവരും കൺകുളിർക്കെ കാണട്ടെ.” ഈ കാഴ്ചയിലേക്ക് കർണനെ നയിക്കാൻ ശ്രീകൃഷ്ണൻ എന്തെല്ലാം വാഗ്ദാനങ്ങളാണ് നൽകിയത്?

കർണൻ സൂതവംശജനല്ല. സൂതനായ അധിരഥന്റെയും രാധയുടെയും പുത്രനുമല്ല. അർജുനമാതാവായ കുന്തീദേവിക്ക്

സൂര്യഭഗവാനിൽ നിന്ന് ജനിച്ച കാനീനനാണ്. കുന്തിയുടെ പുത്രനായ കർണൻ പാണ്ഡവർക്ക് ജ്യേഷ്ഠസഹോദരനാണ്. കൃഷ്ണനോടൊത്ത് തന്റെ രഥത്തിൽ പാണ്ഡവസങ്കേതത്തിൽ വരാൻ കർണനോടപേക്ഷിക്കുന്നു. പാണ്ഡവസങ്കേതത്തിൽ ചെന്നിറങ്ങുന്ന കർണൻ ജ്യേഷ്ഠസഹോദരനാണെന്ന് പാണ്ഡവർ അറിയും. അവരഞ്ചുപേരും കാലുപിടിച്ചാദരിക്കും. ദ്രൗപതിയും അവരുടെ അഞ്ചു മക്കളും അർജുനപുത്രനായ അഭിമന്യുവും കർണ്ണന്റെ മുമ്പിൽ സാഷ്ടാംഗം പ്രണാമം ചെയ്യും. പാണ്ഡവസദസിലുള്ള സമസ്തരാജാക്കന്മാരും സജ്ജനങ്ങളും കർണ്ണനെ ആദരിക്കുകയും മഹാരാജാവായി അഭിഷേകം ചെയ്യുകയും ചെയ്യും. പാണ്ഡവ കുല ഗുരുവായ ധൗമ്യൻ കർണ്ണന്റെ അഭിഷേചനകർമത്തിൽ അഗ്ന്യാഹുതി  കഴിക്കും. പാർശ്വത്തിൽ പട്ടമഹർഷിയായ ദ്രൗപതിയുമൊത്ത് സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന കർണ്ണന്റെ ശീർഷോപരി യുവരാജാവായ യുധിഷ്ഠിരൻ വെഞ്ചാമരമുയർത്തും ഭീമസേനൻ വെൺകൊറ്റക്കുടപിടിക്കും. ശ്വേതാശ്ചര്യത്തിന്റെ കടിഞ്ഞാൺ പിടിച്ച് അർജുനൻ പരിചയം ചെയ്യും. പാഞ്ചാലന്മാർ ശമത്തിലും യുദ്ധത്തിലും ഒരുപോലെ നിന്ന് പിന്തുടരും. ശ്രീകൃഷ്ണനും സകലയാദവന്മാരും കർണ്ണന്റെ പിന്നിൽ  നിരക്കും. സ്വന്തം അനുജന്മാരായ പാണ്ഡവരുമായി സൗഭ്രാത്ര൦ പുലർത്തുന്ന കാഴ്ചകൾ കണ്ട് മിത്രങ്ങൾ സന്തോഷിക്കുകയും ശത്രുക്കൾ കിടിലം കൊള്ളുകയും ചെയ്യും. ഭ്രാതൃപരിസേവിതനായി തനിക്കവകാശപെട്ട സിംഹാസനത്തിൽ കർണൻ അമരുന്ന കാഴ്ച ഏവരും കൺകുളിർക്കെ കാണുന്നതിനായി കർണനെ നയിക്കാൻ ശ്രീകൃഷ്ണൻ ഇങ്ങനെയെല്ലാമുള്ള വാഗ്ദാനങ്ങളാണ് നൽകിയത്. 

2. കൃഷ്ണന്റെ വാദങ്ങൾ അവഗണിക്കാൻ കർണൻ നിരത്തുന്ന ന്യായങ്ങൾ എന്തെല്ലാം?

ദുര്യോധനനുമായുള്ള ബന്ധത്തെ തള്ളിപ്പറഞ്ഞാൽ താൻ നീചമായ നന്ദികേടായിരിക്കും കാണിക്കുന്നതെന്ന് കർണൻ പറയുന്നു. ആയുധവിദ്യാപ്രയോഗദിവസം “നിന്റെ അച്ഛനമ്മമാർ ആരാണ്? ” , “നിന്റെ കുലമേതാണ്” എന്നുള്ള കൃപരുടെ ചോദ്യം കേട്ട് തല കുനിച്ച സന്ദർഭം കർണൻ ഓർത്തെടുക്കുന്നു. കർണൻ മൃതനായ ദിവസമാണത്. നിവാരണമറ്റ അപമാനബോധത്താൽമരിച്ച കർണന് സുയോധനൻ പുനർജ്ജന്മം നൽകിയ ദിവസമാണത്. ലജ്ജയാൽ തലതാഴ്ത്തി രംഗവേദിയിൽനിന്നുതന്നെയും നിഷ്ക്രമിക്കുമായിരുന്ന കർണ്ണനെ പ്രത്യുപകാരം നിനയാതെ ദുര്യോധനൻ അന്ന് രാജാവായി അഭിഷേകം നടത്തി. സുയോധനൻ തന്ന രാജ്യവും വിഭൂതികളും അവയ്ക്കുവേണ്ടി മാത്രമായി വിലമതിക്കുന്നില്ല കർണൻ. എന്നാൽ അന്ന് ആ രാജ്യദാനത്തിലൂടെ ദുര്യോധനൻ കർണന് തിരിച്ചു നൽകിയത് ആത്മാഭിമാനമാണ്. ആത്മാഭിമാനവും, ആത്മവിശ്വാസവും, തിരിച്ചു തരുന്നതിലൂടെ ദുര്യോധനൻ കർണന് തിരിച്ചു നൽകിയത് ജീവിതം തന്നെയാണ്. കർണ്ണന്റെ ഇന്ന് കാണുന്ന ജീവിതം സുയോധനൻ ദാനമായി നൽകിയതാണ് എന്ന് കർണൻ പറയുന്നു. കർണന് നൂറുവട്ടം ആത്മഹത്യ ചെയ്യാം. എന്നാൽ ഉടലിലെ ജീവൻ വച്ചുകൊണ്ട് ആ ദാനത്തെ എങ്ങനെയാണ് നിന്ദിക്കാൻ കഴിയുക എന്നാണ് കർണൻ ചോദിക്കുന്നത്.

കർണ്ണന്റെ ബലത്തിൽ വിശ്വസിച്ചാണ് എല്ലാവരെയും ധിക്കരിച്ച് സുയോധനൻ യുദ്ധമാർഗത്തിൽ ഉറച്ചു നിന്നത്. അർജുനനെ കർണൻ ദൈവരഥത്തിൽ വിധിക്കുമെന്ന വിശ്വാസമാണ് അവന്റെ വിജയാകാംക്ഷയ്ക്കാസ്പദം. സുയോധനന്റെ കപ്പൽ ഇപ്പോൾ നടുകടലിലാണ്. ആ നൗകയെ നടുകടലിലേക്ക് ആനയിച്ചതിനുശേഷം അതിൽ നിന്ന് പിന്മാറുന്നതിലും നീചമായ കൃത്യം മറ്റൊന്നുമില്ല എന്ന് കർണൻ പറയുന്നു. ഈ ഭൂമി മുഴുവൻ കിട്ടിയാലും ഇപ്പോൾ സുയോധനനെ വെടിയുകയില്ല എന്ന് കർണൻ തറപ്പിച്ച് പറയുന്നു. ജയപരാജയങ്ങൾ ഗൗനിക്കാതെ, മരണഭയം കൂടാതെ സുയോധനനുവേണ്ടി തന്റെ സ്വന്തം അനുജന്മാരുമായി യുദ്ധം ചെയ്യുമെന്ന് ന്യായങ്ങൾ നിരത്തി കർണൻ പറയുന്നു. 

3. രാധയുടെ മകൻ – രാധേയൻ
കുന്തിയുടെ മകൻ – കൗന്തേയൻ
ഇവിടെ രാധ എന്ന നാമത്തിൽനിന്ന് മറ്റൊരു നാമം ഉണ്ടാവുകയാണ്. ഇതുപോലെയുള്ള നാമപദങ്ങൾ പാഠഭാഗത്തുനിന്നും കണ്ടെത്തി എഴുതുക.

കന്യകയുടെ പുത്രൻ – കാനീനൻ 
സൂതവംശത്തിൽ ജനിച്ചവൻ  – സൂതവംശജൻ
പാഞ്ചാലദേശത്തു പിറന്നവർ – പാഞ്ചാലർ 
കുരുവംശത്തിൽ പിറന്നവർ – കൗരവർ   

4. വേദപാരംഗതൻ – വേദത്തിൽപാരം ഗമിച്ചവൻ
പ്രപഞ്ചവിധാനം – പ്രപഞ്ചത്തിന്റെ  വിധാനം
വ്യത്യസ്ത പദങ്ങൾ കൂടിച്ചേരുമ്പോൾ ഭാഷയ്ക്കുണ്ടാകുന്ന സംക്ഷിപ്തതയും സൗന്ദര്യവും ശ്രദ്ധിച്ചല്ലോ. ചുവടെ കൊടുത്ത പദങ്ങൾ മാറ്റിയെഴുതുക.

കുളമ്പടി ശബ്ദം – കുളമ്പടിയുടെ ശബ്ദം

കുരുവംശജാതന്മാർ – കുരുവംശത്തിൽ ജനിച്ചവർ

വീരസ്വർഗം – വീരന്മാരുടെ സ്വർഗം

കാലാനുവർത്തി – കാലത്തെ അനുവർത്തിക്കുന്നത്

ഭീകരപ്രതിസന്ധി – ഭീകരമായ പ്രതിസന്ധി

വേദശാസ്ത്രാദികൾ – വേദങ്ങൾ, ശാസ്ത്രങ്ങൾ ആദിയായവ

പാദധൂളി – പാദത്തിലെ ധൂളി

ജയാപജയങ്ങൾ – ജയവും അപജയവും

അർത്ഥമെഴുതുക

ഗതി – മാർഗ്ഗം

ക്രന്ദനം – കരച്ചിൽ

വനസ്ഥലി – കാട്ടുപ്രദേശം

വിക്രമി – പരാക്രമി

കിടയറ്റ – അതുല്യമായ

വാജി – കുതിര

സമൂലം – മുഴുവനും

സന്ദേഹം – സംശയം

ആർദ്രത — അലിവ്

ത്വര – വെമ്പൽ

സാരഥി – തേരാളി

ചമ്മട്ടി – ചാട്ട

പ്രതീകം – മാതൃക

സ്തോഭം – തടസ്സം

വേഴ്ച – ബന്ധം

ഹിതം – ഇഷ്ടം

നൗക – വള്ളം

പര്യായം

വനം – കാനനം, അടവി

രഥം – തേര്,, സ്യന്ദനം

കുതിര – വാജി, അശ്വം

കൈ – കരം, പാണി, ഹസ്തം

വാക്ക് – മൊഴി, ഗീര്, ഉക്തി

To Top