1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

ഗുഹകള്‍

bins

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ആദ്യകാല മനുഷ്യ ജീവിതം എന്ന അധ്യായത്തിനാവശ്യമായ അധികവിവരങ്ങള്‍

പണ്ട് പേര്‍ഷ്യയില്‍ ആലി ബാബ എന്നു പേരുള്ള ഒരു മരം വെട്ടുകാരനുണ്ടായിരുന്നു. ഒരു ദിവസം ആലി ബാബ തന്റെ കുതിരകളെ മേയാന്‍ വിട്ട് മരം മുറിക്കാന്‍ തുടങ്ങി. അപ്പോഴാണ് ദൂരെനിന്നു കുതിരക്കുളമ്പടി കേള്‍ക്കുന്നത്. പെട്ടെന്നു ജോലി നിര്‍ത്തി ആലിബാബ മരത്തിനു പിന്നില്‍ ഒളിച്ചിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ നിരവധി  കൊള്ളക്കാര്‍ കുതിരപ്പുറത്തേറി ആലി ബാബയുടെ തൊട്ടടുത്ത പാറക്കെട്ടിനു മുമ്പിലെത്തി. ആലി ബാബ എണ്ണി നോക്കി. അവര്‍ നാല്‍പ്പത് പേരുണ്ടായിരുന്നു.
കൊള്ളത്തലവന്‍ കുതിരപ്പുറത്ത് നിന്നിറങ്ങി ഇങ്ങനെ പറഞ്ഞു. ‘തുറക്കൂ സീസേ..’ പെട്ടെന്ന് പാറക്കെട്ടിനുള്ളില്‍ നിന്നും ഒരു വാതില്‍ തുറക്കപ്പെട്ടു. അതൊരു ഗുഹയായിരുന്നു. കൊള്ളക്കാര്‍  അവര്‍ കൊണ്ടുവന്ന ഭാണ്ഡക്കെട്ടുകള്‍ ഗുഹയ്ക്കുള്ളില്‍വച്ചപ്പോള്‍ കൊള്ളത്തലവന്‍ പറഞ്ഞു ‘അടയ്ക്കൂ സീസേ.’ അപ്പോള്‍ ഗുഹാ മുഖം അടഞ്ഞു. കൊള്ളക്കാര്‍ സ്ഥലം വിട്ടപ്പോള്‍ ആലി ബാബ ആ വാക്കുകള്‍ ആവര്‍ത്തിച്ചു. ഉടന്‍ ഗുഹയുടെ വാതില്‍ തുറന്നു. ആലി ബാബ ഗുഹയ്ക്കുള്ളിലേക്ക് കയറി. ആശ്ചര്യം തന്നെ… അവിടെ അനേകം പാത്രങ്ങളിലായി സ്വര്‍ണ്ണാഭരണങ്ങളും നാണയങ്ങളുമുണ്ടായിരുന്നു.

ആയിരത്തൊന്ന് രാവുകള്‍ എന്ന അറബിക്കഥയിലെ ആലി ബാബയുടെ ഈ കഥ കൂട്ടുകാരില്‍ പലരും കേട്ടിട്ടുണ്ടാകും. പ്രാചീന മനുഷ്യന്റെ ജീവിതം ഗുഹകളിലായിരുന്നെന്ന് കൂട്ടുകാര്‍ പഠിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടു തന്നെ ആദ്യകാല കഥകളില്‍ നിറയെ മനുഷ്യന്റെ ഗുഹാജീവിതം പ്രതിപാദിച്ചിരുന്നു. മഞ്ഞ്, മഴ, വെയില്‍ തുടങ്ങിയ പ്രകൃതി ശക്തികളില്‍നിന്നുള്ള രക്ഷയ്ക്കായിരിക്കണം പുരാതന മനുഷ്യര്‍ ഗുഹകളെ ആശ്രയിച്ചിരിക്കുക. പിന്നീട് മനുഷ്യ ജീവിതത്തിന്റെ വഴിത്തിരിവിന് ഗുഹകള്‍ കാരണമായി
ഗുഹകളില്‍നിന്നു ലഭിച്ച ചിത്രങ്ങളെ ആസ്പദമാക്കി ഇന്നും പ്രാചീന മനുഷ്യനെക്കുറിച്ചുള്ള പഠനം നടന്നുകൊണ്ടിരിക്കുന്നു. ലോകത്ത് നിരവധി ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ പലതിലും മനുഷ്യവാസം നടന്നിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇനിയും കണ്ടെത്താത്ത അനേകം ഗുഹകള്‍ ഭൂമുഖത്തുണ്ടെന്നാണ് ഗവേഷകരുടെ വാദം. ഗുഹകളെക്കുറിച്ച് കൂടുതലായി വായിക്കാം

ഗുഹാ രൂപീകരണം

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു. ചുണ്ണാമ്പ് പാറകളില്‍ ജലത്തിന്റെ ദ്രവീകരണ സ്വഭാവം കാരണമായി ഗുഹ രൂപപ്പെടുന്ന സന്ദര്‍ഭവും ഉണ്ട്. ഭൂമിയുടെ ഉപരിഭാഗത്ത് സംഭവിക്കുന്ന സസ്യജീവജാലങ്ങളുടെ ജീര്‍ണനത്താല്‍ സൃഷ്ടിക്കപ്പെടുന്ന കാര്‍ബോണിക് ആസിഡ് ചുണ്ണാമ്പു പാറകളില്‍ വീഴ്ത്തുന്ന സുഷിരങ്ങളിലൂടെ ജലം കിനിഞ്ഞിറങ്ങിയാണ്  ഇത്തരം  ഗുഹകള്‍ രൂപപ്പെടുന്നത്. തിരമാലകളുടെ സ്വാധീനം മൂലമാണ് പലപ്പോഴും സമുദ്രഗുഹകള്‍ രൂപപ്പെടുന്നത്. സമുദ്ര തീരത്തുള്ള പാറക്കെട്ടുകളില്‍ കാണപ്പെടുന്ന വിള്ളലുകളിലേക്ക് ജലമിറങ്ങുകയും പാറകളിലെ കാര്‍ബണിക് അംമ്ലത നഷ്ടപ്പെട്ട് പാറകള്‍ പൊടിഞ്ഞ് ഗുഹാരൂപീകരണത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു. ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന തണുത്തുറഞ്ഞ മഞ്ഞു പാളികളില്‍ രൂപപ്പെടുന്നവയാണ് ഗ്ലേസ്യര്‍ ഗുഹകള്‍. തണുത്തുറഞ്ഞ മഞ്ഞു പാളികളിലെ വിള്ളലുകളിലേക്കു ജലമിറങ്ങിയാണ് ഗ്ലേസ്യര്‍ ഗുഹകള്‍ രൂപപ്പെടുന്നത്. ശക്തമായ കാറ്റും അന്തരീക്ഷ ഊഷ്മാവും ഈ പ്രവര്‍ത്തനം വേഗത്തിലാക്കുന്നു.
ഭാഗികമായോ പൂര്‍ണമായോ ഐസ് പാളികള്‍ വന്നടിഞ്ഞു രൂപപ്പെടുന്നവയാണ് ഐസ് ഗുഹകള്‍. ഇവ മഞ്ഞുമലകളുടെ ഉരുകലുമായി ബന്ധപ്പെട്ട് കിടക്കുന്നു. അഗ്നി പര്‍വത സ്‌ഫോടനത്താലാണ് ലാവ ഗുഹകള്‍ രൂപപ്പെടുന്നത്. ലാവകള്‍ ഭൂമിക്കടിയിലേക്ക് ഒഴുകി പരന്ന് ഉറച്ചാണു ഗുഹകള്‍ രൂപപ്പെടുന്നത്. ലാവ ഗുഹകളുടെ മറ്റൊരു രൂപമാണ് ബിസ്റ്റര്‍ ഗുഹകള്‍. ലാവകളില്‍നിന്നുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ,നീരാവി എന്നിവയുടെ സമ്മര്‍ദ്ദ ഫലമായാണ് ഇവ രൂപപ്പെടുന്നത്. ലാവ ഗുഹകളെക്കാള്‍ വലിപ്പം കുറഞ്ഞ ഇവ ലാവ ഗുഹകളില്‍ നിന്നു വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്.

ഗുഹ ഒരു
പഠനവിഷയം

ഗുഹകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് സ്‌പെലിയോളജി. ലോകത്ത് നിരവധി ഗുഹകള്‍ ഉണ്ടെങ്കിലും അവയില്‍ വളരെക്കുറച്ചു ഗുഹകളില്‍ മാത്രമേ ആഴത്തിലുള്ള പഠനം നടന്നിട്ടുള്ളൂ. ലോകത്ത് പല ഭാഗത്തും വിനോദ സഞ്ചാരത്തിനായി ഗുഹ ഉപയോഗപ്പെടുത്താറുണ്ട്. ഗുഹയില്‍ ജീവിക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള പഠനമാണ് കേവ് ബയോളജി. പലതരം പക്ഷികള്‍, സിംഹം,കടുവ.ഉടുമ്പ്,മുതല,ചിലന്തി തുടങ്ങിയ ജീവികള്‍ പലപ്പോഴും ഗുഹ വാസസ്ഥലമാക്കി മാറ്റാറുണ്ട്.

ഗുഹാചിത്രങ്ങള്‍

പ്രാചീന മനുഷ്യര്‍ വരച്ച അനേകം ചിത്രങ്ങള്‍ നിറഞ്ഞതാണ് പല ഗുഹകളും. മണ്ണ്, കരിക്കട്ട,സസ്യഭാഗങ്ങള്‍ എന്നിവയാല്‍ വരയ്ക്കപ്പെട്ടവയും കല്ലുകളില്‍ കൊത്തിവച്ച ചിത്രങ്ങളും ഗുഹകളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. കല്ലുകളില്‍ കൊത്തിവച്ച ഇത്തരം ചിത്രങ്ങളാണ് പെട്രോഗ്ലൈഫ്. കല്ലില്‍ കോറിയെടുത്തത്  എന്നാണ് ഈ ഗ്രീക്ക് വാക്കിന്റെ അര്‍ഥം. കൂര്‍ത്ത ഇരുമ്പ് ഉപകരണങ്ങള്‍ ഇതിനായി ഉപയോഗിച്ചിരുന്നു. ആഫ്രിക്ക,ഓസ്‌ട്രേലിയ,വടക്കെ അമേരിക്ക,അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ ഇത്തരത്തിലുള്ള അനേകം ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പല ഗുഹാചിത്രങ്ങളിലും വന്യമൃഗങ്ങളും അവയുടെ വേട്ടയ്ക്കാവശ്യമായ മാര്‍ഗങ്ങളുമാണ് പ്രതിപാദിച്ചിരിക്കുന്നത്.  യൂറോപ്പില്‍ ജീവിച്ചിരുന്ന  മഗഡാലേനിയസ്  ജനത വരച്ച ചിത്രങ്ങള്‍, ആഫ്രിക്കയിലെ അപ്പോളോ ഗുഹകളില്‍ കാണപ്പെട്ട ചിത്രങ്ങള്‍, ഇന്ത്യയിലെ ഭീം ബേഡ്ക, അജന്താ- എല്ലോറ ഗുഹാചിത്രങ്ങള്‍, ഫ്രാന്‍സിലെ ചൗവെറ്റ് ഗുഹാചിത്രങ്ങള്‍, ആഫ്രിക്കയിലെ യുക്കാ ഹലംബാ, ട്രാക്കെന്‍സ്ബര്‍ഗ് ഗുഹാ ചിത്രങ്ങള്‍, സ്‌പെയിനിലെ അള്‍ട്ടാമിറ ഗുഹാചിത്രങ്ങള്‍ തുടങ്ങിയവ പ്രാചീന മനുഷ്യ ജീവിതം വിളിച്ചോതുന്നവയാണ്.

ലോക പ്രശസ്ത ഗുഹകള്‍

ബ്ലൂ ഗ്രോട്ടോ

ഇറ്റലിയിലെ ലോക പ്രശസ്ത ഗുഹയാണ് ബ്ലൂ ഗ്രോട്ടോ. തെക്കന്‍ ഇറ്റലിയിലെ കാപ്രി ദ്വീപിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. സമുദ്രത്തിലേക്ക് താഴ്ന്നു കിടക്കുന്ന ഗുഹാ മുഖമാണ്  ബ്ലൂ ഗ്രോട്ടോക്ക്. ഭൂഗര്‍ഭ ജലത്തോടൊപ്പം  നീല നിറമുള്ള സമുദ്ര ജലവും  ഇവിടേക്ക് ഒഴുകിയെഴുത്തുന്നു.
ഗുഹയിലെ  ഭിത്തികളിലെ കൊച്ചു ദ്വാരങ്ങളിലൂടെ കടന്നു വരുന്ന സൂര്യപ്രകാശം ജലത്തില്‍ ലയിച്ച് ഗുഹ മൊത്തമായി നീല നിറത്തില്‍ കാണപ്പെടുന്നതിനാലാണ്  ബ്ലൂ ഗ്രോട്ടോ എന്നുപേര് വരാന്‍ കാരണം. അമ്പത്തി നാല് മീറ്ററാണ് ഗുഹയുടെ നീളം.
റോമന്‍ ചക്രവര്‍ത്തിയായ തൈബീരിയസ് ക്ലോഡിയസ് നീറോയുടെ ഭരണ കാലത്ത് ചക്രവര്‍ത്തിയുടെ കുടുംബാംഗങ്ങളുടെ സ്വിമ്മിംഗ് പൂള്‍ ആയിരുന്നു ഇവിടം.

ഐസ് ഗുഹ

പേരു കേട്ടു കൂട്ടുകാര്‍ അമ്പരക്കേണ്ട. ഇങ്ങനെയും ഗുഹകള്‍ ലോകത്തുണ്ട്. അവയില്‍ പ്രശസ്തമാണ്  ഓസ്‌ട്രേലിയയിലെ സാസ്ബര്‍ഗില്‍നിന്നു നാല്‍പ്പതു കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന എയ്‌സ്‌റിസന്‍വെല്‍റ്റ്. ആല്‍പ്‌സ് പര്‍വതനിരകളിലെ ടെനന്‍ഗ് ബിര്‍ജിലാണ്  ഈ ഗുഹയുടെ സ്ഥാനം. വര്‍ഷം മുഴുവന്‍ മഞ്ഞുരുകുന്ന ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഇവിടുത്തെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ്. നാല്‍പ്പതു കിലോ മീറ്ററിലേറെയാണ് ഗുഹയുടെ നീളം. സാസ്ബര്‍ഗിലെ അന്റോണ്‍ പോസെല്‍റ്റ് എന്ന ഗവേഷകനാണ് ആദ്യമായി ഈ ഗുഹയെക്കുറിച്ചുള്ള സൂചനകള്‍ പുറം ലോകത്തിനു നല്‍കുന്നത്. സ്പിലിയോളജിസ്റ്റായ(ഗുഹാ ഗവേഷകന്‍)അലക്‌സാണ്ടര്‍ മാന്‍മോര്‍ക്ക് നടത്തിയ പഠനത്തോടെ ഈ ഗുഹ ലോക പ്രശസ്തമായി.

മാമ്മോത്ത് ഗുഹ

അമേരിക്കയിലെ കെന്റുക്കിയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹയുടെ ഇടനാഴിയുടെ നീളം 600 കിലോമീറ്ററിലേറെയാണ്. ആറായിരം വര്‍ഷത്തോളം പഴക്കമുള്ള ഈ ഗുഹ ഇന്ന് നല്ലൊരു നാഷണല്‍ പാര്‍ക്കാക്കി മാറ്റിയിരിക്കുകയാണ്. പ്രാചീന മനുഷ്യ സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ ഈ ഗുഹയില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. കാത്സ്യം,നൈട്രേറ്റ് ലവണങ്ങളാല്‍ സമ്പന്നമാണ് മാമ്മോത്ത് ഗുഹ. യൂറോപ്പ്യനായ ജോണ്‍ ഹോച്ചിന്‍ ആണ് ഈ ഗുഹ കണ്ടെത്തിയത്. ചുണ്ണാമ്പ് പാളിയില്‍ രൂപം കൊണ്ട ഈ ഗുഹ അമേരിക്കയിലെ ഗ്രീന്‍ ,നോളിന്‍ നദികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. 1941 ല്‍ ആണ് ഈ ഗുഹ പാര്‍ക്കാക്കി മാറ്റിയത്.

അള്‍ട്ടാമിറ ഗുഹ

അള്‍ട്ടാമിറ ഗുഹ ചിത്രങ്ങളെക്കുറിച്ച് കൂട്ടുകാര്‍ക്ക് പഠിക്കാനുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചതാണ് അള്‍ട്ടാമിറ ഗുഹ. സ്‌പെയിനിലെ സന്‍ട്ടാന്റര്‍ സിറ്റിയില്‍നിന്നു മുപ്പത് കിലോമീറ്റര്‍ പടിഞ്ഞാറായി സഞ്ചരിച്ചാല്‍ ഈ ഗുഹയില്‍ എത്തിച്ചേരാം. പാലിയോലിത്തിക് ഗുഹാചിത്രങ്ങള്‍ക്ക് പ്രശസ്തമാണ് ഈ ഗുഹ. സ്‌പെയിനിലെ അമച്വര്‍ ആര്‍ക്കിയോളജിസ്റ്റായ മാര്‍സിലീനോ സാന്‍ഡ് ഡി സൗത്തൂല ആണ് അള്‍ട്ടാമിറ ഗുഹ ചിത്രങ്ങള്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ എട്ടു വയസുകാരി മരിയ ആണ് ഈ ചിത്രങ്ങള്‍ കണ്ടെത്തുന്നതിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. നീണ്ട ഇരുപത് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ലോകം സൗത്തൂലയുടെ കണ്ടെത്തലിന് അംഗീകാരം നല്‍കിയത്. മൂന്നൂറ് മീറ്ററോളം നീളം കണക്കാക്കുന്ന ഈ ഗുഹയുടെ കവാടത്തിന്റെ ഉയരം ആറ് മീറ്ററാണ്. കരിക്കട്ടകള്‍,ചുവന്ന മണ്ണ് എന്നിവ ഉപയോഗിച്ച് വരച്ച അള്‍ട്ടാമിറയിലെ ഗുഹാചിത്രങ്ങള്‍ക്ക് പതിനഞ്ചായിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഗുഹാചിത്രങ്ങളുടെ സംരക്ഷണാര്‍ഥം സ്‌പെയിനിലെ ഗവണ്‍മെന്റ് ഗുഹാസന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

മജ്‌ലിസ്
അല്‍ ജിന്‍ ഗുഹ

ഒമാനിലെ സല്‍മ പ്ലാറ്റിയോ എന്ന സ്ഥലത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍നിന്നു 1380 കിലോമീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഈ ഗുഹ കാര്‍ബണ്‍ ശിലകളാലാണ് രൂപപ്പെട്ടിരിക്കുന്നത്. ഡോണ്‍ ഡേവിഡ് സണ്‍ ആണ് ഈ ഗുഹയെ ലോകത്തിനു പരിചയപ്പെടുത്തിയത്. 340 മീറ്ററാണ് ഗുഹയുടെ നീളം. ജിന്നുകള്‍ ഈ ഗുഹകളില്‍ പാര്‍ക്കുന്നു എന്നാണ് പ്രാദേശിക വാസികളുടെ വിശ്വാസം.

അജന്ത ഗുഹകള്‍

മഹാരാഷ്ട്രയിലെ ഔറന്‍ഗാബാദ് ജില്ലയിലാണ്  ഈ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ അജന്താ ഗുഹകള്‍ ബുദ്ധമത കാലഘട്ടത്തിലെ വ്യത്യസ്തമായ കൊത്തു പണികളും  ധര്‍മ്മോപദേശ സന്ദേശങ്ങളും നിറഞ്ഞതാണ്. ശ്രീബുദ്ധന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളും  ജാതക കഥാ സന്ദേശങ്ങളും ഈ ഗുഹയിലുണ്ട്. ബുദ്ധമത പ്രചരണത്തിനായി അശോക ചക്രവര്‍ത്തി നിയോഗിച്ച ബുദ്ധസന്യാസിമാരാണ് അജന്താഗുഹകള്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു.

എല്ലോറ ഗുഹകള്‍

അജന്താ ഗുഹ പോലെ പ്രശസ്തമാണ് എല്ലോറ ഗുഹ. അഗ്നി പര്‍വത സ്‌ഫോടനത്താല്‍ രൂപപ്പെട്ടതാണ് ഈ ഗുഹയെന്ന് കരുതപ്പെടുന്നു. രാഷ്ട്രകൂട രാജവംശമാണ് എല്ലോറ ഗുഹകള്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. ജൈന, ബുദ്ധ, ഹൈന്ദവ മതവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്കനുസൃതമായി നിര്‍മിക്കപ്പെട്ട അനേകം ക്ഷേത്ര ഗുഹകളും എല്ലോറ ഗുഹകളിലുണ്ട്.

ഭീംബെഡ്ക
ഗുഹകള്‍

മധ്യപ്രദേശിലെ റൈസണ്‍ ജില്ലയിലെ ഒബ്ദുല്ലാ ഗഞ്ചിലാണ് ഭീംബെഡ്ക ഗുഹകള്‍. പാലിയോലിത്തിക് കാലഘട്ടത്തിലെ  മനുഷ്യരുടെ ആവാസ കേന്ദ്രമായിരുന്ന ഈ ഗുഹകള്‍ ബി.സി മുന്നൂറില്‍ ഉണ്ടായതാണെന്ന് വിശ്വസിക്കുന്നു. അറുനൂറിലേറെ ഗുഹകള്‍ ഭീംബെഡ്കയിലുണ്ട്. ഇന്ത്യന്‍ ആര്‍ക്കിയോളജിസ്റ്റായ ഡോക്ടര്‍ വി.എസ് വകാന്‍ക്കര്‍ ആണ് ഭീംബെഡ്ക ഗുഹകളും ചിത്രരചനകളും പുറം ലോകത്തെത്തിച്ചത്. പന്ത്രണ്ടായിരം വര്‍ഷത്തെ പഴക്കം കണക്കാക്കപ്പെടുന്ന ഈ ഗുഹാചിത്രങ്ങളില്‍ ആ കാലത്തു ജീവിച്ചിരുന്ന മനുഷ്യരുടെ മതാനുഷ്ഠാനം, നായാട്ട്, ജീവിത രീതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. യുനെസ്‌കോ 2003 ല്‍ ഭീംബെഡ്ക

ഗുഹകളെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.

ചൗവെറ്റ് ഗുഹ
അനേകം പാലിയോലിത്തിക് ചിത്രങ്ങള്‍ നിറഞ്ഞ ഗുഹയാണ് ഫ്രാന്‍സിലെ ചൗവെറ്റ് ഗുഹ. തെക്കന്‍ ഫ്രാന്‍സിലെ ആന്‍ഡേക്ക് മലയിടുക്കുകളിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ജീന്‍മാരി ചൗവെറ്റ്,ക്രിസ്റ്റിയന്‍ ഹിലാരി,എലിറ്റി ബ്രൂണല്‍ എന്നിവര്‍ ചേര്‍ന്നാണ് ചൗവെറ്റ് ഗുഹ കണ്ടെത്തിയത്. ചൗവെറ്റിന്റെ പേരില്‍ പ്രശസ്തമായ ഈ ഗുഹയില്‍ നിന്നും നൂറോളം ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഭിത്തികള്‍ വൃത്തിയാക്കിയ ശേഷമാണ് പല ചിത്രങ്ങളും വരയ്ക്കപ്പെട്ടിട്ടുള്ളത്. സിംഹം,കുതിര,കലമാന്‍,കണ്ടാമൃഗം തുടങ്ങിയ മൃഗങ്ങളുടെ ചിത്രങ്ങള്‍ ജീവന്‍ തുടിക്കുന്ന രീതിയിലാണ് വരച്ചിട്ടുള്ളത്.

ഹിറാഗുഹ

ഈ ഗുഹയില്‍ ധ്യാനനിരതനായി കഴിഞ്ഞപ്പോഴാണ് പ്രവാചകനായ മുഹമ്മദ് നബി(സ)ക്ക് അല്ലാഹുവിന്റെ വെളിപാട് ലഭിച്ചത്. മക്കയില്‍നിന്നു അഞ്ചു കിലോമീറ്റര്‍ ദൂരെയായി ഹിജാസ് റീജ്യണില്‍പെട്ട ജബലുന്നൂര്‍ (പ്രകാശത്തിന്റെ പര്‍വതം) പര്‍വതത്തിലാണ് ഹിറാഗുഹ. 1.60  മീറ്ററാണ് ഈ ഗുഹയുടെ വീതി. 3.7 മീറ്ററാണ് നീളം. ദുര്‍ഘടമായ പാതകള്‍ താണ്ടി വേണം ഹിറാഗുഹയില്‍ എത്തിച്ചേരാന്‍. ചെറിയ ഗുഹയാണെങ്കിലും ലോക പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് ഹിറാഗുഹ.

എടക്കല്‍ ഗുഹ

വയനാട്ടിലെ എടയ്ക്കല്‍ ഗുഹ കൂട്ടുകാര്‍ സന്ദര്‍ശിച്ചിട്ടുണ്ടോ. ആദ്യകാലത്തുണ്ടായ ശക്തമായ ഭൂകമ്പമാണ് ഈ ഗുഹയുടെ രൂപീകരണത്തിന് കാരണം എന്നാണ് വിശ്വാസം. വലിയ രണ്ട് പാറകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന കല്ല്  ഈ ഗുഹയില്‍ കാണാം. ഇതിനാലാണ് ഗുഹയെ എട+ കല്‍  =എടയ്ക്കല്‍ ഗുഹ എന്ന് വിളിച്ചു തുടങ്ങിയത്.
ധാരാളം പ്രാചീന ലിപി സന്ദേശങ്ങളും ചിത്രങ്ങളും ഈ ഗുഹയില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. മൈസൂരും  മലബാര്‍ തീരപ്രദേശങ്ങളും തമ്മിലുള്ള വ്യാപാര കേന്ദ്രമായും എടയ്ക്കല്‍ ഗുഹ ഒരു കാലത്ത് വര്‍ത്തിച്ചിരുന്നതായി പറയപ്പെടുന്നു.

To Top