താൻ ജീവിക്കുന്ന സാമൂഹ്യപരിസരത്തെ സംബന്ധിച്ച ബോധ്യവും ധാരണയും പഠിതാവിൽ രൂപപ്പെടുത്തുകയെന്നതും പരിസരപഠനലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. തന്റെ സാമൂഹ്യപരിസരത്തെ ശരിയായി മനസ്സിലാക്കാൻ കഴിയണമെങ്കിൽ സമൂഹത്തിന്റെ ചരിത്രത്തെ സംബന്ധിച്ച ധാരണകൂടി ഉൾക്കൊള്ളാൻ കഴിയേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ പശ്ചാത്തലം സംബന്ധിച്ച അടിസ്ഥാനവസ്തുതകൾ പരിചയപ്പെടുത്തുകയാണ് ഈ യൂണിറ്റിന്റെ ലക്ഷ്യം.
വിദേശികൾ അതിഥികളായി വന്ന് അധികാരികളായി മാറിയതെങ്ങനെയെന്നും ബ്രിട്ടീഷുകാരുടെ ഭരണത്തിൽ ഇന്ത്യാക്കാർ എത്രമാത്രം കഷ്ടതകളനുഭവിക്കേണ്ടിവന്നുവെന്നും യൂണിറ്റിന്റെ ആദ്യഭാഗത്ത് പരിചയപ്പെടുത്തുന്നു. ഗാന്ധിജിയും നെഹ്റുവും തുടങ്ങിയ മഹാത്മാക്കളുടെ ധീരമായ നേതൃത്വത്തിൽ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നടന്നടുത്ത വഴികളാണ് തുടർന്നുള്ള ഭാഗത്തുള്ളത്.
ഇന്നത്തെ ഇന്ത്യ, ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തുടങ്ങിയവ പരിചയപ്പെടാനുള്ള പ്രവർത്തനങ്ങൾ ഇതിന് തുടർച്ചയായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തിൽ വിസ്മയം കൊള്ളാനും ഈ വൈവിധ്യത്തിനുമപ്പുറം ഇന്ത്യാക്കാർ എന്ന ഐക്യബോധത്തിൽ അഭിമാനിക്കാനും പ്രേരണനൽകുന്ന ആശയങ്ങൾ യൂണിറ്റിന്റെ അവസാനഭാഗത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നു.
