Please share with your friends

Author Profile

ഭാവനയുടെ മാര്‍ക്വേസിയന്‍ രാഷ്ട്രീയം.

Binu
0
പ്രകാശം ജലം പോലെയാണ് - ലേഖനം
Gabriel Garcia Marquez
(ദേശാഭിമാനി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)

പ്രകാശം ജലം പോലെയാണ്: ഭാവനയുടെ രാഷ്ട്രീയവും മാന്ത്രിക യാഥാർത്ഥ്യവും

ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസിന്റെ 'പ്രകാശം ജലം പോലെയാണ്' എന്ന കഥ, അദ്ദേഹത്തിന്റെ അസാധാരണമായ കഥപറച്ചില്‍ രീതിയുടെയും സൂക്ഷ്മമായ രാഷ്ട്രീയ ബോധത്തിന്റെയും തെളിവാണ്. മാര്‍ക്കേസിന്റെ കഥാസമാഹാരങ്ങളില്‍ ഒന്നായ 'അപരിചിത തീര്‍ത്ഥാടകര്‍' എന്ന കൃതിയില്‍ ഉള്‍പ്പെട്ട ഈ കഥ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രചനാതന്ത്രമായ 'മാജിക്കൽ റിയലിസ'ത്തിന്റെ സ്വഭാവസവിശേഷതകളെ എടുത്തുകാട്ടാന്‍ പര്യാപ്തമാണ്. വിചിത്രമായ ഭാവനകളില്‍ അഭിരമിക്കുമ്പോഴും യാഥാര്‍ത്ഥ്യവുമായുള്ള നാഭീനാളബന്ധം അറ്റുപോകാതിരിക്കാന്‍ കഥാശില്‍പ്പത്തില്‍ എത്രമാത്രം ശ്രദ്ധയാണ് മാർക്വേസ് പതിപ്പിക്കുന്നത് എന്ന് ഈ കഥ ഉദാഹരിക്കുന്നു.

അച്ഛന്‍, അമ്മ, രണ്ടു കുട്ടികള്‍ ഇവരടങ്ങുന്ന ഒരു കുടുംബത്തിനകത്തെ വിചിത്രങ്ങളായ ചില സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. ഒമ്പതു വയസ്സുകാരനായ ടോട്ടോയും എഴുവയസ്സുകാരനായ ജോവലും നിശ്ചയദാര്‍ഢ്യമുള്ള കുട്ടികളാണ്. ഇപ്പോള്‍ സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ ഒരു വലിയ ഫ്ലാറ്റിന്റെ അഞ്ചാം നിലയിലുള്ള ഇടുങ്ങിയ അപ്പാര്‍ട്ട്‌മെന്റിലാണ് അവര്‍ താമസിക്കുന്നത്. നേരത്തെ കുടുംബം കഴിഞ്ഞിരുന്നത് കാര്‍ത്താജിന എന്ന കൊളംബിയയിലെ തുറമുഖനഗരത്തിലാണ്. അവിടെ വെള്ളവും വള്ളവും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതെല്ലാം ഇട്ടെറിഞ്ഞാണ് അവര്‍ക്ക് ഈ ആധുനിക പരിഷ്‌കൃത നഗരത്തിലേക്ക് കുടിയേറേണ്ടി വന്നത്.

അച്ഛനുമായി പന്തയം വെച്ച് വാശിയോടെ പഠിച്ച് ടോട്ടോയും ജോവലും ഒരു വള്ളവും തുഴയും സമ്പാദിക്കുന്നു. അടുത്ത ബുധനാഴ്ച അച്ഛനും അമ്മയും സിനിമയ്ക്ക് പോയപ്പോള്‍ കുട്ടികള്‍ സ്വീകരണ മുറിയിലെ ബള്‍ബുകള്‍ പൊട്ടിച്ച് റൂമില്‍ മുഴുവന്‍ ജലം പോലെ പ്രകാശം നിറയ്ക്കുകയും അതില്‍ വള്ളം തുഴഞ്ഞ് രസിക്കുകയും ചെയ്തു. 'പ്രകാശം ജലം പോലെയാണ്' എന്ന് ആഖ്യാതാവ് നടത്തിയ ഒരു പ്രസ്താവനയാണ് അവരെ ഇതിന് പ്രചോദിപ്പിച്ചത്. കഥാന്ത്യത്തില്‍, പ്രകാശം മുറിയും കെട്ടിടവും കവിഞ്ഞു പുറത്തെക്കൊഴുകുകയും കുഞ്ഞുങ്ങളെല്ലാം അതില്‍ മുങ്ങിത്താഴുകയും ചെയ്യുമ്പോഴും ടോട്ടോയും ജോവലും മാത്രം വഞ്ചിയിലിരുന്ന് കാഴ്ചകള്‍ ആസ്വദിക്കുന്നു.

മാര്‍ക്കേസിന്റെ ഈ കഥ സവിശേഷം ശ്രദ്ധിക്കപ്പെടുന്നത് അതുണര്‍ത്തുന്ന സാംസ്‌കാരിവും രാഷ്ട്രീയവുമായ സൂക്ഷ്മവിമര്‍ശനത്താലാണ്. ലാറ്റിനമേരിക്കാന്‍ രാജ്യങ്ങളെല്ലാം സുദീര്‍ഘമായ കാലം സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളുടെ കോളനികളായിരുന്നു. കൊളംബിയ മൂന്നു നൂറ്റാണ്ടുകാലമാണ് സ്പാനിഷ് അധിനിവേശത്തിന് കീഴില്‍ അമര്‍ന്നു കിടന്നത്. സ്വന്തം മണ്ണിന്റെ സംസ്‌കാരവും സമ്പത്തും അധിനിവേശശക്തികള്‍ കടപുഴക്കുന്നത് നോക്കിനില്‍ക്കേണ്ടി വന്ന ഒരു ജനതയുടെ പിടച്ചില്‍ മാര്‍ക്വേസിന്റെ രചനകളില്‍ തെളിഞ്ഞു കാണാം.

കഥയിലെ രണ്ടു സ്ഥലനാമങ്ങളാണ് മാഡ്രിഡും കാര്‍ത്താജിനയും. മാഡ്രിഡ് സ്‌പെയിനിന്റെ തലസ്ഥാനവും ആധുനിക നഗരവുമാണ്. കാര്‍ത്താജിനയാവട്ടെ കൊളംബിയയിലെ പൈതൃക നഗരമാണ്. കഥയിലെ കുട്ടികള്‍ തങ്ങളുടെ ഭാവനയുടെ പ്രകാശപ്രളയത്താല്‍ മാഡ്രിഡ് നഗരത്തെ മുക്കിത്താഴ്ത്തുന്നത് ഒരു ചരിത്രപരമായ പ്രതികാരമായി വായിക്കാവുന്നതാണ്.

പ്രകാശവും ജലവും ആണ് കഥയിലെ രണ്ട് പ്രധാന രൂപകങ്ങള്‍. വൈദ്യുതവിളക്കില്‍ നിന്നും പ്രവഹിക്കുന്ന പ്രകാശം ആധുനികതയുടെ പ്രതീകമാണ്. കുട്ടികള്‍ മുകളില്‍ നിന്നും താഴേക്ക് വര്‍ഷിക്കുന്ന പ്രകാശത്തെ താഴെനിന്നും മുകളിലേക്ക് ഉയരുന്ന ജലമായി മാറ്റിത്തീർക്കുന്നു. ഇത് ആധുനിക ജ്ഞാനത്തെ സംബന്ധിക്കുന്ന ബോധത്തെ തിരിച്ചിടുകയാണ്. യുക്തിക്കും യാഥാർത്ഥ്യത്തിനും അപ്പുറമുള്ള മനുഷ്യന്റെ ആന്തരികമായ പൊരുളാണ് ഇവിടെ വെളിപ്പെടുന്നത്.

അധിനിവേശശക്തികള്‍ കോളനികളില്‍ നടപ്പാക്കിയത് സാംസ്‌കാരികമായ അധിനിവേശമായിരുന്നു. തദ്ദേശീയരുടെ അറിവുകളെയും പാരമ്പര്യത്തെയും വിലകുറച്ച് കണ്ട പാശ്ചാത്യ യുക്തിയെ ഭാവന കൊണ്ട് നേരിടുകയാണ് മാര്‍ക്വേസ്. മാഡ്രിഡ് നഗരത്തെ 'പ്രകാശത്തില്‍ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഒരിക്കലും സ്വന്തമാക്കാത്ത ആളുകളുള്ള നഗരം' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. യുക്തിയിലും കാര്യകാരണത്തിലും മാത്രം ജീവിതം തളച്ചിട്ടവര്‍ക്ക് മനസ്സിലാകാത്ത ചില വലിയ അനുഭവങ്ങളുണ്ട്. ആ അനുഭവങ്ങളുടെ സുവർണ്ണ പ്രളയമാണ് കുട്ടികൾ തുറന്നുവിടുന്നത്.

ഭാവനയുടെ രാഷ്ട്രീയമാണ് മാര്‍ക്വേസിന്റെ കഥയുടെ കേന്ദ്രം. തങ്ങളെ മൂന്നുനൂറ്റാണ്ടോളം ചൂഷണം ചെയ്ത സാമ്രാജ്യത്തോട് ഭാവനയുടെ മഹാപ്രവാഹം ഉണര്‍ത്തിവിട്ടുകൊണ്ടാണ് മാര്‍ക്വേസ് കണക്കുതീര്‍ക്കുന്നത്. ഈ യുദ്ധത്തില്‍ അദ്ദേഹം മുന്നില്‍ നിര്‍ത്തുന്നത് കുട്ടികളെയാണ്. ഭാവനയുടെ ലോകം അപരിചിതമായിരുന്ന മാഡ്രിഡിനെ ഭാവനയാല്‍ ജ്ഞാനസ്‌നാനം ചെയ്യിക്കുകയാണ് ടോട്ടോയും ജോവലും ചെയ്യുന്നത്.

കഥയിലെ മാന്ത്രിക യാഥാര്‍ത്ഥ്യം ഭാവനയാണ്. കുട്ടികള്‍ക്ക് ഒന്നിനെ മറ്റൊന്നായി വിഭാവനം ചെയ്യാന്‍ കഴിയുന്നതുപോലെ മറ്റാര്‍ക്കും കഴിയില്ല. ഷവറില്‍ നിന്ന് മാത്രം അല്‍പ്പം വെള്ളം ലഭിക്കുന്ന വരണ്ട നഗരത്തില്‍ തോണിയും നീന്തല്‍ ഉപകരണങ്ങളും അനാവശ്യമാണെന്ന് അമ്മ കരുതുമ്പോഴും, കുട്ടികൾക്ക് അത് ഭാവനയിലേക്കുള്ള വാതിലുകളാണ്. സിനിമയിലെ വെള്ളിവെളിച്ചത്തിൽ മുതിർന്നവർ സ്വന്തം നഷ്ടസ്വപ്‌നങ്ങൾ തിരയുമ്പോൾ, കുട്ടികൾ യഥാർത്ഥ പ്രകാശത്തിൽ തന്നെ നീന്തിത്തുടിക്കുന്നു.

കുടിയൊഴിക്കപ്പെട്ട മനുഷ്യര്‍ ജീവിക്കുന്നത് ഓര്‍മ്മകളിലും ഭാവനയിലുമാണ്. ഭ്രാന്തിന്റെ പിടിയില്‍ നിന്നും അവരെ രക്ഷിക്കുന്നത് ഇത്തരം ഭാവനാവ്യവഹാരങ്ങളാണ്. തങ്ങള്‍ക്ക് നഷ്ടമായതിനോടുള്ള വൈകാരികതയില്‍ നിന്നും പുറത്തേക്കൊഴുകുന്ന സംഹാരാത്മകതയുടെ ചുട്ടുപൊള്ളിക്കുന്ന പ്രകാശമാണ് ഈ കഥയിലൂടെ മാർക്വേസ് ആവിഷ്കരിക്കുന്നത്.

Post a Comment

0 Comments
Post a Comment
To Top