കിരാതവൃത്തം (നോട്ട്)
ആധുനിക മലയാള കവികളിലൊരാളായ കടമ്മനിട്ട രാമകൃഷ്ണൻ 1935 ൽ പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിലാണ് ജനിച്ചത് , അദ്ദേഹത്തിന്റെ അച്ഛൻ രാമൻ നായർ ഒരു പടയണി കലാകാരനായിരുന്നു , പടയണി എന്ന അനുഷ്ഠാന കലാരൂപം കടമ്മനിട്ടയുടെ കവിതകളെ സ്വാധീനിച്ചിട്ടുണ്ട് ,നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി , എഴുപതുകളിലാണ് കടമ്മനിട്ട കവി എന്ന നിലയിൽ ശ്രദ്ധേയനാക്കുന്നത് ,മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്.
ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. ആധുനിക മലയാള കവിതക്ക് ദ്രാവിഡ പാരമ്പര്യത്തിനിണങ്ങുന്ന രൂപഭംഗി നൽകുവാൻ കടമ്മനിട്ടക്ക് കഴിഞ്ഞു.. അദ്ദേഹം ഒരു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്
കിരാതവൃത്തം
കവിയരങ്ങുകളിൽ കവിത ചൊല്ലി കവിതയുടെ ചൊല്ലൽ പാരമ്പര്യം തിരിച്ചു കൊണ്ടുവന്ന കവിയാണദ്ദേഹം. കടമ്മനിട്ടയുടെ കവിയരങ്ങുകൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു.
കിരാതവൃത്തം എന്ന കവിത ആരംഭിക്കുന്നത് രൗദ്ര ഭാവത്തിൽ നിൽക്കുന്ന ഒരു കാട്ടാളനെ വർണ്ണിച്ചു കൊണ്ടാണ് , കാട്ടാളന്റെ കണ്ണിൽ പെറ്റു കിടക്കുന്ന ഈറ്റപ്പുലിയെ കവി കുടിയിരുത്തിയിരിക്കുന്നു , വാത്സല്യത്തിന്റെ വന്യമായ മാതൃബിംബമാണ് ഈറ്റപ്പുലി.
കുഞ്ഞിൻറെ സംരക്ഷണ ബാധ്യതയാണ് അതിൻറെ രോഷത്തിനു കാരണം, തനിക്കുള്ളതിനെയൊക്കെ സംരക്ഷിക്കാനാണ് കാട്ടാളനും രോഷാകുലനാക്കുന്നത് , കൊത്തുവാനാഞ്ഞ കരിമൂർയനെപ്പോലെയാണ് കാട്ടാളന്റെ പുരികം ,കാട്ടാളനും പ്രതികാരത്തിനായി വെമ്പി നിൽക്കുകയാണ്.
പ്രകൃതിയുമായി ബന്ധപ്പെട്ട ബിംബ കല്പനകളിലൂടെ ഒരു കാട്ടാളന്റെ രൂപഭാവങ്ങളിലേക്ക് കവി നമ്മെ ആനയിക്കുന്നു.
ചുട്ടു ചാമ്പലായ വനത്തിന് നടുവിലാണ് കാട്ടാളൻ നിൽക്കുന്നത് , തൻറെ ആവാസവ്യവസ്ഥ തകർത്തവരോടുള്ള പ്രതികാരമാണ് കാട്ടാളന്റെ കണ്ണുകളിൽ ഉള്ളത്.
പന്തം അഗ്നിയാണ് , അഗ്നി സത്യത്തിന്റെ പ്രതീകമാണ്, കാട്ടാളൻ തന്റെ ഉള്ളിലെ നേരിന്റെ തീയിൽ എരിഞ്ഞ് നിൽക്കുകയാണ്.
വിശാലമായ ആകാശത്തിനെ അച്ഛനായും തീകത്തിയാളുന്ന മലയോരത്തിനെ അമ്മയായും വർണ്ണിച്ചിരിക്കുന്നു. മണ്ണ് അമ്മയും വാനം ആകാശവുമായ പ്രകൃതിയുടെ പുത്രനാണ് കാട്ടാളൻ.
മുല പാതി മുറിഞ്ഞവൾ എന്ന പ്രയോഗത്തിൽ കണ്ണകിയുടെ ദ്രാവിഡ പുരാവൃത്തം സൂചിപ്പിച്ചിരിക്കുന്നു. പ്രകൃതിയുടെ മുലകളാണ് പർവ്വതങ്ങളും നദികളും അവക്കുണ്ടായ നാശവും ഇവിടെ സൂചിപ്പിക്കുന്നുണ്ട്.
ഉരുൾ പൊട്ടുന്നത് മനുഷ്യന് തടയാനാവാത്ത പ്രകൃതിയുടെ സംഹാരരൂപമാണ് , കാട്ടാളൻ ഉരുൾ പൊട്ടിയതു പോലെയാണ് പുറപ്പെട്ടു വരുന്നത്.
ഒരേ സമയം വന്യമായി പോരാട്ടത്തിനിറങ്ങുകയും അതേ സമയം തന്റെ നഷ്ടങ്ങളോർത്ത് കരയുകയും ചെയ്യുന്നുണ്ട് കാട്ടാളൻ.
രൗദ്രം, കരുണം, വീരം എന്നീ രസങ്ങളുടെ അഴകാർന്ന ആവിഷ്കാരം കിരാതവൃത്തത്തിലുണ്ട്.
ഒരു സൂര്യനുദിക്കുമെന്നും വന മോടികൾ തിരികെ വരുമെന്നും ദു:ഖം തകരുമെന്നും താനന്നു ചിരിക്കുമെന്നും കാട്ടാളൻ പ്രത്യാശിക്കുന്നു.
വ്യക്തമായും താൻ വെറുക്കപ്പെട്ടവരുടെയും വേട്ടയാടപ്പെട്ടവരുടെയും കണ്ണീരു കുടിക്കുന്നവരുടെയും കവിയാണെന്ന് കടമ്മനിട്ട ഉറക്കെ പ്രഖ്യാപിക്കുന്ന കവിതയാണ് കിരാതവൃത്തം.
