ഞാവൽക്കാട് - പിണ്ടാണി എൻ.ബി.പിള്ള
പിണ്ടാണി എൻ.ബി.പിള്ള - 1929 ഡിസംബർ 29-ാം തീയതി എറണാകുളം ജില്ലയിലെ ആലുവ - യ്ക്കടുത്ത് അയിരൂരിൽ ജനിച്ചു. അധ്യാപകനായിരുന്നു. കൃതികൾ; കരമൊട്ടുകൾ, കാടുണരുന്നു, ആനക്കാരൻ അപ്പുണ്ണി, കുട്ടനും കിട്ടനും തുടങ്ങിയവ. 2011 - ൽ അന്തരിച്ചു.

പറയാം എഴുതാം 
1. ഞാവൽക്കാട്ടിൽ ഏതൊക്കെ പക്ഷികളുടെ കാര്യമാണ് പറയുന്നത്?
- കാക്ക, കുയിൽ, തത്ത, പ്രാവ്, കുരുവി, പരുന്ത്, കാലൻകോഴി, മൂങ്ങ, തത്ത, മരംകൊത്തി, കഴുകൻ, ഗരുഡൻ

2. ഞാവൽക്കാട്ടിലെ പക്ഷികളുടെ നേതാവ് ആരാണ്?
- ഗരുഡമ്മാവൻ

3. ഞാവൽക്കാട് പക്ഷികൾക്ക് സ്വർഗ്ഗമായി അനുഭവപ്പെട്ടത് എന്തുകൊണ്ട്?
- ഞാവൽക്കാട്ടിൽ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശല്യമുണ്ടാകാറില്ല. സന്ധ്യയായാൽ ഞാവൽക്കാടിന്റെ പരിസരം പക്ഷികളുടെ സംഗീതം കൊണ്ട് നിറയും. ഞാവൽകായകൾ പഴുത്താൽ രാവും പകലും ആവശ്യം പോലെ പഴങ്ങൾ തിന്നാം. ഈ കാരണങ്ങൾകൊണ്ടാണ് ഞാവൽക്കാട് പക്ഷികൾക്ക് സ്വർഗ്ഗമായി അനുഭവപ്പെട്ടത്.

4. ഞാവൽക്കാട്ടിൽ തീയിട്ടത് നാട്ടുമനുഷ്യർ തന്നെയാണെന്ന് ഉണ്ടക്കണ്ണൻ മൂങ്ങ പറയാൻ കാരണം എന്താണ്?
- കാട്ടുമനുഷ്യർ തണുപ്പുമാറ്റാൻ കരിയില കൂട്ടി തീയിടാറുണ്ട്. പക്ഷേ ആവശ്യം കഴിഞ്ഞാൽ അവരതു കെടുത്തിയേ പോകൂ. കാട്ടിലെ ഒരു ചെടി പോലും അവർ നശിപ്പിക്കില്ല. കാട് അവരുടെയും വീടുകൂടിയാണ്. കാടിന് തീയിട്ടത് നാട്ടുമനുഷ്യർ തന്നെയാണെന്ന് ഉണ്ടക്കണ്ണൻ മൂങ്ങ പറഞ്ഞത് ഈ കാരണത്താലാണ്.

5. പക്ഷികളുടെ സഭ വിളിച്ചുകൂട്ടി ഗരുഡമ്മാവൻ പറഞ്ഞത് എന്താണ്?
- വലിയൊരാപകടം നമ്മെ പിടികൂടിയിരിക്കുന്നു. മനുഷ്യർ ഞാവൽക്കാടിനു തീവെച്ചിരിക്കുകയാണ് എന്നാണ് ഗരുഡമ്മാവൻ പറഞ്ഞത്.

6. ഞാവൽക്കാട്ടിലെ തീ പക്ഷികൾക്ക് ഏറെ വിഷമമുണ്ടാക്കി. തീ പടർന്നിരുന്നുവെങ്കിൽ മറ്റേതൊക്കെ ജീവികൾക്കാണ് പ്രയാസമുണ്ടാകുക?
- സിംഹം, കടുവ, മാൻ, കരടി, ആന, കാട്ടുപോത്ത്, കുറുക്കൻ, മുയൽ, പാമ്പുകൾ, കീരി തുടങ്ങി അനേകവും കാട്ടുമൃഗങ്ങൾക്കും വന്മരങ്ങൾളിലും ചെടികളിലും കഴിയുന്ന ചെറുജീവികൾക്കും. മേൽമണ്ണിൽ കഴിയുന്ന സൂക്ഷമജീവികൾക്കും കാട്ടുതീ പ്രയാസമുണ്ടാക്കുമായിരുന്നു.

പദ പരിചയം
 കൂറ്റൻ - വലിയ
 കലഹം - വഴക്ക്
 അപാരം - അതിരില്ലാത്തത് 
 ദൃഷ്ടിയിൽപ്പെട്ടു - കണ്ണിൽപ്പെട്ടു. - 
 ദൃഷ്ടി - കണ്ണ് (നോട്ടം) 
 ഉപായം - മാർഗ്ഗം
 താവളം - വാസസ്ഥലം
 വെടിയുക - ഉപേക്ഷിക്കുക

കണ്ടെത്താം
* കാട്ടുതീ, കാട്ടുമനുഷ്യൻ - ഇതുപോലെ കാടു ചേർന്നുവരുന്ന പദങ്ങൾ കണ്ടെത്തി എഴുതുക.
 കാട്ടുതേൻ 
 കാട്ടരുവി 
 കാട്ടുപക്ഷി 
 കാട്ടുമൃഗം 
 കാട്ടുപാത
 കാട്ടുചെമ്പകം 
 കാട്ടുചോല 
 കാട്ടുപൂവ് 
 കാട്ടുപോത്ത് 
 കാട്ടാന

ഉചിതമായി പൂരിപ്പിക്കാം 
* കിളികളുടെ കലപില ശബ്ദം. അടിവരയിട്ട് പ്രയോഗം ശ്രദ്ധിച്ചല്ലോ? ഇതുപോലെ ഉചിതമായ പ്രയോഗങ്ങൾ വലയത്തിൽ നിന്ന് തിരഞ്ഞടുത്ത് പൂരിപ്പിക്കാം. 
(കടകട, പരപരാ, ചറപറാ)
• നേരം പരപരാ വെളുത്തു. 
 വാഹനങ്ങളുടെ കടകട ശബ്ദം.
 മഴ ചറപറാ പെയ്തു. 

അഭിപ്രായം പറയാം
* ഞാവൽക്കാടിന് തീ പിടിച്ചപ്പോൾ മൂങ്ങകളിൽ ചെറുപ്പക്കാരായ ചിലർ മറ്റുള്ളവരെക്കുറിച്ചു ആലോചിക്കാതെ രക്ഷപെടാൻ തീരുമാനിച്ചു. ഈ തീരുമാനം ശരിയായിരുന്നോ ? എന്തുകൊണ്ട്?
- വയസ്സായ ഗരുഡമ്മാവൻ തന്റെ പ്രായം നോക്കാതെ മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ചെറുപ്പക്കാരായ മൂങ്ങകൾ അപകടത്തിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചത് ശരിയായില്ല. ചെറുപ്പക്കാരാണ് മറ്റുള്ളവരെ രക്ഷിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കേണ്ടത്. ആപത്തുകൾ വരുമ്പോൾ സ്വയം രക്ഷപെടാൻ ശ്രമിക്കാതെ കൂടെയുള്ളവരെ എല്ലാവരെയും സഹായിക്കാനും അവരെ ആ അപകടത്തിൽ നിന്ന് രക്ഷിക്കാനുമുള്ള മനസ്സ് നമ്മുക്ക് ഓരോരുത്തർക്കും ഉണ്ടാവേണ്ടതാണ്. 

പോസ്റ്റർ തയാറാക്കാം
* മൃഗങ്ങൾ വിളിച്ചുചേർത്ത യോഗത്തിന് ശേഷം കാടിന് നേർക്കുള്ള അതിക്രമങ്ങൾക്കെതിരെ പോസ്റ്റർ പതിക്കാൻ തീരുമാനിച്ചു. പോസ്റ്റർ തയാറാക്കാൻ നിങ്ങൾക്കവരെ സഹായിക്കാമോ?
പോസ്റ്റർ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 ആകർഷണീയമായ ഭാഷ ഉപയോഗിക്കണം
 അനുയോജ്യമായ ചിത്രങ്ങൾ ഉൾപ്പെടുത്തണം
 ഭംഗിയായ ലേഔട്ട് വേണം 
 സംക്ഷിപ്തമായിരിക്കണം 
 ആശയ സമഗ്രത വേണം 

പത്രവാർത്ത തയാറാക്കാം
* മഴ കോരിച്ചൊരിഞ്ഞപ്പോൾ തീയണഞ്ഞു. പിറ്റേന്ന് ' വനശബ്ദം ' പത്രത്തിലെ പ്രധാന വാർത്ത ഇതായിരുന്നു. ആ വാർത്ത എങ്ങനെയായിരിക്കും? എഴുതിനോക്കു 
(മാതൃക)
മഴ കോരിച്ചൊരിഞ്ഞപ്പോൾ തീയണഞ്ഞു
വടക്കൻമല: വടക്കൻമലയിലെ ഞാവൽക്കാടിന് ഇന്നലെ രാത്രിയിൽ ഏതാനും നാട്ടുമനുഷ്യർ തീവച്ചു. ഞാവൽമരത്തിലെ താമസക്കാരായ ഉണ്ടക്കണ്ണൻ മൂങ്ങയും കൂട്ടുകൂട്ടുകാരുമാണ് തീ ആദ്യം കണ്ടത്. പക്ഷികളുടെ നേതാവായ ഗരുഡമ്മാവൻ മുതിർന്ന പക്ഷികളുടെ സഭ വിളിച്ചുകൂട്ടി. ഗരുഡമ്മാവൻ മറ്റു പക്ഷികളെ സമാധാനിപ്പിച്ചു. പക്ഷികൾ ചേർന്ന് ഇതിനൊരു പരിഹാരം എന്ത് എന്നാലോചിക്കവെ പെട്ടന്ന് അതിഭയങ്കരമായ ഇടി മിന്നലോട് കൂടി അതിശക്തമായ  മഴ  പെയ്‌തു. തീ അണഞ്ഞതോടെ നാട്ടുമനുഷ്യർ കാടുവിട്ട് പോയി. മനുഷ്യരുടെ ഈ ക്രൂരപ്രവർത്തനത്തിനെതിരെ പക്ഷി സമൂഹം പ്രതിഷേധ പ്രകടനം നടത്തി.