1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

Class 7 കേരള പാഠാവലി: വീണപൂവ് - ചോദ്യോത്തരങ്ങൾ

bins
വീണപൂവ് - പഠന പ്രവർത്തനങ്ങൾ 
കഥയോ സ്തുതുതിയോ വേദാന്തമോ പ്രമേയമാക്കി കവിതകളെഴുതിയിരുന്ന മലയാളികളായ കവികൾക്ക് ഒരു പുതിയ വെളിച്ചം കാണിച്ചുകൊടുത്ത കൃതിയാണ് കുമാരനാശാന്റെ ’വീണപൂവ്’. ജീവിതത്തിന്റെ ക്ഷണികതയേയും നിഷ്ഫലതയേയും കാണിച്ചു കൊടുത്ത ഈ കൃതി മലയാളകവിതാരംഗത്ത് ഇന്നും ഉജ്ജ്വലശോഭയോടെ പ്രകാശിച്ചുകൊണ്ടിരിക്കുന്നു.
വായിക്കാം കണ്ടെത്താം
• പൂവിന്റെ ശൈശവകാലത്തെ അവതരിപ്പിക്കുന്നത് എപ്രകാരമാണ്?
- പെറ്റമ്മയായ ലത പൂവിനെ സ്നേഹത്തോടെ തളിരിലകളുടെ നടുവിൽ ഇരുത്തി ഓമനിച്ചു. ഇലകൾ ഇളകിയാടുന്ന ശബ്ദം അവൾക്കു താരാട്ടായപ്പോൾ ഇളം കാറ്റ് അവളെ തൊട്ടിലിലാട്ടി. ഇങ്ങനെ വളരെയധികം സ്നേഹവാത്സല്യങ്ങളോട് കൂടെയാണ് പൂവ് തൻ്റെ ശൈശവം കഴിച്ചതെന്ന് കവി അവതരിപ്പിക്കുന്നു.

• ബാല്യം പിന്നിട്ടതോടെ പൂവിനു വന്ന മാറ്റങ്ങൾ എന്തെല്ലാമാണ്?
- ബാല്യം പിന്നിട്ടതോടെ പ്രകൃതിയിൽ നിന്ന് പൂവ് പുതിയ പാഠങ്ങൾ പഠിക്കാൻ തുടങ്ങി. മെല്ലെ തന്റെ ശിരസുകളാടി പ്രഭാതത്തിൽ മധുരമായി പാടുന്ന കിളികൾക്കൊപ്പം പൂവ് താളം പിടിക്കാൻ പഠിച്ചു. രാവിൽ കുളിച്ചു മുഖശോഭയാൽ തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളിൽ നിന്ന് പൂവ് ജീവിതത്തിന്റെ പൊരുളും മനസിലാക്കാൻ പഠിച്ചു. പൂവ് തന്റെ യവ്വനത്തിലേയ്ക്ക് കടക്കുമ്പോൾ തന്റെ ശരീരത്തിൽ ചില ഭാവങ്ങൾ പ്രകടമാക്കി, മുഖസൗന്ദര്യം വർധിച്ചു കവിൾ തുടുത്തു ഇവയെല്ലാം ബാല്യം പിന്നിട്ടപ്പോൾ പൂവിനുണ്ടായ മാറ്റങ്ങളാണ്.

• “അമ്മ കുഞ്ഞിനെ എന്നപോലെയാണ് ചെടി പൂവിനെ സംരക്ഷിക്കുന്നത്.” ഈ പ്രസ്താവനയെ സാധൂകരിക്കുന്ന എന്തെല്ലാം പ്രയോഗങ്ങളാണ് കവിതയിലുള്ളത്?
- സ്നേഹത്തോടും ലാളനത്തോടും കൂടെ ഒരു അമ്മ കുഞ്ഞിനെ നോക്കുമ്പോലെയാണ് ചെടി പൂവിനെ പരിപാലിച്ചത്. പെറ്റമ്മയായ ലത പൂവിനെ സ്നേഹത്തോടെ തളിരിലകളുടെ നടുവിൽ ഇരുത്തി ഓമനിച്ചു. ഇലകൾ ഇളകിയാടുന്ന ശബ്ദം അവൾക്കു താരാട്ടായപ്പോൾ ഇളം കാറ്റ് അവളെ തൊട്ടിലിലാട്ടി. ഇങ്ങനെ വളരെയധികം സ്നേഹവാത്സല്യങ്ങളോട് കൂടെയാണ് ചെടി പൂവിനെ പരിപാലിച്ചത്.

വിശകലനം ചെയ്യാം
• "രാജ്ഞി കണക്കയേ നീ' - പൂവിനെ രാജ്ഞിയോട് സാദൃശ്യപ്പെടുത്തിയതിലെ ഔചിത്യം എന്ത്?
- ചെടിയുടെ ഐശ്വര്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണം പൂവാണ്. രാജ്ഞി എന്ന് പറയുമ്പോൾ കവി പൂവിനെ സ്ത്രീയോട് ഉപമിക്കുന്നു എന്ന് മനസിലാക്കാം. സമൂഹത്തിൽ ഉയർന്നതും ആദരിക്കപ്പെടുന്നതുമായ സ്ഥാനമാണ് രാജ്‌ഞിക്കുള്ളത്. ചെടിയിൽ പൂവിന്റെ സ്ഥാനവും രാജ്ഞിക്കു തുല്യമാണെന്ന് കവി വ്യക്തമാക്കുന്നു.

 • പൂവിന്റെ വളർച്ചയെ കവി എപ്രകാരമാണ് ആവിഷ്കരിച്ചിരിക്കുന്നത്?
പുവിന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങളാണ് കവി ഈ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടും മൂന്നും ശ്ലോകങ്ങളിൽ പൂവിന്റെ ശൈശവം, ബാല്യം എന്നിവയെക്കുറിച്ചാണ് കവി പറയുന്നത്. അമ്മയുടെ ലാളനയും, ഇളം കാറ്റിന്റെ തൊട്ടിലാട്ടലും, ഇലകളുടെ താരാട്ടുമെല്ലാം പൂവിനു കൂട്ടായ് ഉണ്ടായിരുന്നു. പൂവ് തന്റെ ഇളയപുമൊട്ടുകളോടൊപ്പം ബാല്യകാലം ആഹ്ലാദത്തോടെ കഴിച്ചുകൂട്ടി. പൂവിനെ ഒരു വിദ്യാർഥിയായാണ് നാലാമത്തെ ശ്ലോകത്തിൽ അവതരിപ്പിക്കുന്നത്. കൗമാരത്തിലേക്ക് കടക്കുന്ന പൂവ് കിളികളിൽ നിന്നും, നക്ഷത്രങ്ങളിൽ നിന്നുമെല്ലാം പുതിയ ജീവിതപാഠങ്ങൾ പഠിക്കാൻ തുടങ്ങി. ജിജ്ഞാസുവായ ഒരു വിദ്യാർത്ഥിനിയായ് പൂവ് മാറുന്നു അഞ്ചാമത്തെ ശ്ലോകത്തിലാകട്ടെ യൗവനത്തിലേക്ക് കടന്ന് സുന്ദരിയായ പുവിനെയാണ് നാം കാണുന്നത്. പൂവിന്റെ ശരീരത്തിൽ മോഹനങ്ങളായ ചില ഭംഗികൾ ഉടലെടുത്തു. കവിൾ ഭംഗിയോടെ തുടുത്തു തിളങ്ങി. സുന്ദരമായ ആ വദനത്തിൽ വശ്യമായൊരു പുഞ്ചിരി വിടർന്നു.

• ശ്രദ്ധാലുവായ ഒരു വിദ്യാർഥിനിയുടെ ഭാവം പൂവിൽ സങ്കൽപ്പിച്ചിരിക്കുന്നത് എങ്ങനെയാണ്? സ്വന്തം വാക്യത്തിൽ വിവരിക്കുക. 
- പ്രഭാതഗീതം ആലപിക്കുന്ന കിളികൾ പൂവിന്റെ അധ്യാപകരാണ്, അവരിൽ നിന്ന് പൂവ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചു. കിളികളുടെ നിസ്വാർത്ഥസേവനവും, ഹ്യദയ വിശാലതയും പൂവ് തന്റെ ജിവിതത്തിലേക്ക് പകർന്നു. രാത്രിയിൽ ആകാശത്തു മിന്നുന്ന നക്ഷത്രങ്ങളിൽ നിന്നാകട്ടെ ജീവിതത്തിന്റെ പൊരുളും പൂവ് പഠിച്ചു. ഇങ്ങനെയെല്ലാമാണ് ശ്രദ്ധാലുവായ ഒരു വിദ്യാർഥിനിയുടെ ഭാവം പൂവിൽ കവി സങ്കൽപ്പിച്ചിരിക്കുന്നത്

• പൂവിലൂടെ ഒരു ജീവിതമാണ് കവി ആവിഷ്കരിക്കുന്നത്. കാവ്യഭാഗം വിശകലനം ചെയ്ത് ഈ പ്രസ്താവന പരിശോധിക്കുക.
- മനുഷ്യന്റെ ജനനം മുതൽ മരണംവരെയുള്ള ജീവിതമാണ് കവി പൂവിന്റെ അവസ്ഥാന്തരങ്ങളിലൂടെ വിശദീകരിക്കുന്നത്. ഈ കവിതയിൽ മനുഷ്യനെ പോലെത്തന്നെ പൂവും ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നീ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. ശൈശവത്തിൽ ഒരു കുഞ്ഞിനെ പോലെത്തന്നെ അമ്മയുടെ സ്നേഹവാത്സല്യങ്ങൾ വളരെയധികം അനുഭവിച്ചാണ് പൂവ് വളർന്നത്.
പെറ്റമ്മയായ ലത സ്നേഹവാത്സല്യങ്ങളോടു കൂടി തളിരിലകളുടെ നടുവിലിരുത്തി പൂവിനെ ഓമനിച്ചു പരിപാലിച്ചു. ബാല്യത്തിലാകട്ടെ ഒരു കുഞ്ഞ് തന്റെ സഹോദരങ്ങൾക്കൊപ്പം കളിക്കുന്ന പോലെ പുവ് തന്റെ ഇളയപൂമൊട്ടുകൾക്കൊപ്പം നിലാവിൽ മതിവരുവോളം കുളിച്ചും ഇളംവെയിലിൽ യാതൊരു ദുഃഖങ്ങളുമറിയാതെ കളിയാടിയും വളരുന്നു. കൗമാരത്തിലേക്ക് കടക്കുന്ന പൂവ് ഒരു വിദ്യാർത്ഥിനിയായിമാറുന്നു. പ്രകൃതിയും, കിളികളും, നക്ഷത്രങ്ങളും ആയിരുന്നു അവളുടെ ഗുരുനാഥർ. ഒരു കുട്ടി അധ്യാപകനിൽ നിന്ന് എന്ന പോലെ അവൾ പ്രകൃതിയിൽ നിന്ന് ജീവിതത്തിന്റെ പൊരുളും, ലോകതത്വങ്ങളും പഠിക്കുന്നു. യൗവനത്തിലേക്ക് കടക്കുമ്പോൾ സുന്ദരിയായ ഒരു പെൺകുട്ടിയെ പോലെ പൂവും മനോഹരമായ ഭാവപ്പകർച്ചകൾ പ്രകടമാക്കുന്നു. മുഖസൗന്ദര്യം വർധിച്ചു, കവിൾ ഭംഗിയോടെ തുടുത്തു തിളങ്ങി അവൾ സുന്ദരിയായി മാറുന്നു.

വാക്കിൽ നിന്ന് 
* 'പല്ലവപുടം' എന്നാൽ പല്ലവത്തിന്റെ പുടം എങ്കിൽ
• ദലമർമ്മരം
• താരാജാലം
• ആലോലവായു 
എന്നീ പദങ്ങൾ എങ്ങനെ മാറ്റിയെഴുതാം?
• ദലമർമ്മരം - ദലങ്ങളുടെ മർമ്മരം
• താരാജാലം - താരങ്ങളുടെ ജാലം
• ആലോലവായു - ആലോലമായ വായു

“പുവേ! അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു” പദങ്ങൾ വിട്ടുവിട്ടാണ് ഈ വരി ചൊല്ലുന്നത്. എന്നാൽ ഈ വരി ചൊല്ലിനോക്കു. 
'ശ്രീഭൂവിലസ്ഥിര' 

പദങ്ങൾ ചേർത്തുചൊല്ലുന്ന മറ്റു വരികൾ ഏതൊക്കെയാണ്? അവയിലെ പദങ്ങൾ പിരിച്ചു പറയാമോ?
• ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി 
ശീലിച്ചു ഗാനം ഇടചേർന്നു ശിരസ്സും ആട്ടി
• നീ ലീലപൂണ്ടിളയമൊട്ടുകളോടു ചേർന്നു 
നീ ലീല പൂണ്ട് ഇളയ മൊട്ടുകളോട് ചേർന്നു
• താരാജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ 
താരാജാലത്തോട് ഉന്മുഖത ആർന്നു പഠിച്ചു രാവിൽ

പ്രയോഗസവിശേഷത കണ്ടെത്താം 
• 'പെറ്റ ലത ലാളിച്ചു' എന്നതിനു പകരം 'ലാളിച്ചു പെറ്റ ലത' എന്നാണ് കവി പ്രയോഗിച്ചിരിക്കുന്നത്. സമാനമായ പ്രയോഗങ്ങൾ കവിതയിൽനിന്ന് ' കണ്ടെത്തി സവിശേഷതകൾ ചർച്ചചെയ്യുക. 
• പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ 
• ആലോലവായു ചെറുതൊട്ടിലുമാട്ടി 
• ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ 
• ഭാവം പകർന്നു വദനം ഇവയെല്ലാം സമാനമായ പ്രയോഗങ്ങളാണ്. 
'പെറ്റ ലത ലാളിച്ചു' എന്നായിരുന്നു കവി പറഞ്ഞിരുന്നതെങ്കിൽ അവിടെ അമ്മയാകുന്ന ലത (വള്ളി)ക്കാകുമായിരുന്നു പ്രാധാന്യം. എന്നാൽ 'ലാളിച്ചു പെറ്റ ലത' എന്ന് പറയുന്നതിലൂടെ അവിടെ ലാളനക്കാണ് പ്രാധാന്യം എന്ന് ഉറപ്പു വരുത്തുകയാണ് കവി ചെയ്യുന്നത്. ഓരോ വരിയുടെയും ഘടനയിലെ ചെറിയ മാറ്റങ്ങൾ പോലും അതിലെ ആശയത്തിന്റെ പ്രാധാന്യത്തിന് മാറ്റം വരുത്താൻ ശക്തിയുള്ളതാണ്. അത് മാത്രമല്ല, കവിതയുടെ ഈണവും താളവും കവിത ചൊല്ലുമ്പോഴുള്ള ഭംഗിയും കൂട്ടുന്നതിനും കൂടി വേണ്ടിയാണ് പലപ്പോഴും കവികൾ ഇത്തരം പദപ്രയോഗങ്ങളിലെ ഘടനാമാറ്റം വരുത്തുന്നത്.

കവിതയിൽനിന്ന് കവിയിലേക്ക്
• കുമാരനാശാന്റെ ജീവചരിത്രക്കുറിപ്പ് തയാറാക്കുക.
• കാലം 
• സാമൂഹികപശ്ചാത്തലം 
• പ്രധാന കൃതികളും അവയുടെ സവിശേഷതകളും 
• വ്യക്തിഗതമായ വിവരങ്ങൾ
 നിങ്ങൾ തയാറാക്കിയ ജീവചരിത്രക്കുറിപ്പ് അധ്യാപിക അവതരിപ്പിച്ച മാതൃകയുമായി തട്ടിച്ചുനോക്കൂ. 
നിങ്ങൾ തയാറാക്കിയതിന്റെ മെച്ചങ്ങൾ എന്തെല്ലാം? പരിമിതികൾ എന്തെല്ലാം?

മഹാകവി കുമാരനാശാൻ
അനശ്വരങ്ങളായ കൃതികളിലൂടെ ഇന്നു മലയാളികളുടെ മനസ്സിൽ ജീവിക്കുന്ന മഹാകവി. ചിറയിൻകീഴ് താലൂക്കിലെ കായിക്കര എന്ന് ഗ്രാമത്തിൽ തൊമ്മൻവിളാകത്തുവീട്ടിൽ1873 ഏപ്രിൽ 12ന് മഹാകവി കുമാരനാശാൻ ജനിച്ചു. അച്ഛൻ നാരായണനും, അമ്മയുടെ പേർ കാളിയമ്മയുമെന്നായിരുന്നു. സംസ്‌കൃത വിദ്യാർത്ഥിയായിരിക്കെ 14-ാമത്തെ വയസ്സിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. തുടർന്ന് കുറച്ചുനാൾ കണക്കെഴുത്തുകാരനായും ജോലി നോക്കി.
കുമാരനാശാനെ മഹാകവിയാക്കിയ ഖണ്ഡകാവ്യമാണ് വീണപുവ്. ശ്രീനാരായണ ഗുരുവിനോടൊത്ത് 1083 വൃശ്ചികത്തിൽ (1907) പാലക്കാട്ടെ ജൈനമേട്ടിൽ താമസിച്ചിരുന്നപ്പോഴാണ് ആശാൻ വീണപൂവ് രചിച്ചത്. മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിൽ തലശ്ശേരിയിൽ നിന്നിറങ്ങുന്ന ‘മിതവാദി’യിലാണ് ആദ്യം വീണപുവ് പ്രസിദ്ധീകരിച്ചത്. മഹാകാവ്യമെഴുതാതെ തന്നെ മഹാകവിയായ കുമാരനാശാനെ ലോകത്താകെയുള്ള കാവ്യധാരകളോടും പ്രതിഭകളോടും അണിചേർത്തത് വീണപുവാണ്.
പ്രധാനകൃതികൾ: ചിന്താവിശിഷ്ടയായ സീത, ദുരവസ്ഥ, ബാലരാമായണം, ശ്രീബുദ്ധചരിതം, കിളിപ്പാട്ട്, മേഘസന്ദേശം (തർജ്ജിമ), സൗന്ദര്യലഹരി (തർജ്ജിമ), വീണപുവ്, കരുണ, നളിനി, ലീല, പ്രരോദനം, ചണ്ഡാലഭിഷുകി തുടങ്ങിയ ഖണ്ഡകാവ്യങ്ങൾ. കൂടാതെ മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയവ കവിതാ സമാഹാരങ്ങളും ആണ്. ഇതിൽ സാമൂഹ്യപരിഷ്‌കരണം ലക്ഷ്യമിട്ട് രചിക്കപ്പെട്ടവയെന്ന് പറയാവുന്നത് ദുരവസ്ഥയും, ചണ്ഡാലഭിഷുകിയും മാത്രമാണ്. ബാക്കിവരുന്നവയത്രയും പ്രണയഗീതങ്ങളാണ്.
1924 ൽ പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ ആ വിലപ്പെട്ട ജീവൻ അപഹരിക്കപ്പെട്ടു. തിരുവനന്തപുരം ജില്ലയിൽ, തോന്നയ്ക്കൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ ഭാഗമാണ്. 

അർത്ഥം കണ്ടെത്താം
 അസംശയം - തീർച്ചയായും, സംശയം ഇല്ലാത്തത് 
 അസ്ഥിര - നിലനിൽക്കാത്തത് 
 അംഗം - അവയവം 
 ആടൽ - ദുഃഖം 
 ആലാപം - പാടൽ 
 ഉത്തുംഗം - ഉയർന്നത് 
 ദലമർമ്മരം - ഇലകൾ ഇളകിയുണ്ടാകുന്ന ശബ്ദം 
 പല്ലവപുടം - തളിരിലകളുടെ ഉൾഭാഗം 
 പല്ലവം - തളിര് 
 ലത - വള്ളി
 ശ്രീ - ഐശ്വര്യം 
 ഉൻമുഖത - താല്പര്യം 
 അധികതുംഗപദം - ഏറ്റവും ഉയർന്ന സ്ഥാനം 
 ആലോലവായു - ഇളംകാറ്റ് 
 ശോഭ - ഭംഗി 
 ലാളിച്ചു - ഓമനിച്ചു 
 പാലിച്ചു - പരിപാലിച്ചു 
 അലം - മതിയാകുവോളം 
 ശിരസ്സ് - തല 
 ഈവണ്ണം - ഇപ്രകാരം 
 വദനം - മുഖം 
 കാന്തി - ഭംഗി.

പര്യായപദങ്ങൾ
 പുഷ്പം - പൂവ്, സുമം, കുസുമം, മലർ
 ശോഭ - കാന്തി, ഭംഗി. 
 ലത - വള്ളി, വല്ലി 
 പാല് - ക്ഷീരം, ദുഗ്ദ്ധം  
 താരം - നക്ഷത്രം, താരകം 
 വദനം - മുഖം, ആനനം 
 പുഞ്ചിരി - സ്മിതം, സ്മേരം, മന്ദഹാസം 
 കാറ്റ് - അനിലൻ, പാവകൻ
To Top