1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും -എം പി പോൾ

bins

 


 പ്രകൃതിയുടെ സൗന്ദര്യത്തേയും കലാ സൗന്ദര്യത്തേയും വേർതിരിക്കുമ്പോൾ മാത്രം മനുഷ്യനും പ്രകൃതിയും വ്യത്യസ്തരാണെന്ന് പറയേണ്ടി വരും .കാരണം മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ് എന്ന് പറഞ്ഞാൽ ഈ സൗന്ദര്യത്തെ നമുക്ക് വേർതിരിക്കാൻ സാധ്യമല്ല .ഉദാഹരണമായി ഒട്ടുമാവ് വളർത്തുമ്പോൾ ഒട്ടിക്കൽ എന്ന പ്രവർത്തി മനുഷ്യൻ ചെയ്യുന്നതാണെങ്കിലും അത് പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നത് പ്രകൃതിയുടെ ശക്തി കൊണ്ടാണ്.

പ്രകൃതി എപ്പോഴും മാറ്റത്തിന് വിധേയമാണ്. അതിന്റെ  മാറ്റം ക്ഷണികമാണ്. പ്രകൃതിയുടെ ചില മാറ്റങ്ങൾക്ക്  നമ്മളിൽ സൗന്ദര്യ പ്രതീതി ഉളവാക്കാൻ സാധിക്കും. എപ്പോഴും അങ്ങനെയല്ല .ഉദാഹരണമായി നല്ലൊരു മഴ നമ്മെ ആകർഷിക്കും .പക്ഷേ അത് പെരുവെള്ളപ്പാച്ചിലാണെങ്കിൽ നമ്മെ പേടിപ്പെടുത്തും. എന്നാൽ കലയിൽ സൗന്ദര്യ ഭാവത്തിനു സ്ഥിരത ഉണ്ട്. അതിന് ഒരിക്കലും മാറ്റം സംഭവിക്കില്ല. ആസ്വാദകർ വന്നുംപോയും കൊണ്ടിരുന്നാലും  കല നിശ്ചലമായിത്തന്നെ നിലകൊള്ളുന്നു . അതുകൊണ്ടാണ് കല ശാശ്വതമാണെന്ന് പറയുന്നത് .പ്രകൃതിയുടെ ഭാവം മാറിക്കൊണ്ടിരിക്കും കലയുടെ ഭാവം എന്നും നിലനിൽക്കും.


പ്രകൃതിയിൽ സൗന്ദര്യം മറ്റു പലതിനോടും ചേർന്ന് സങ്കീർണ്ണമായാണ് കാണുന്നത് .ഉദാഹരണമായി ഈ നാട്ടിൽ സുന്ദരമായ ഒരു നദി ഉണ്ടെന്നിരിക്കെ  അതിന്റെ  ആസ്വാദനത്തിന് തടസ്സമായി ഒരാൾ അത് മലിനമാക്കുമ്പോൾ അവിടെ സൗന്ദര്യം ആസ്വാദനയോഗ്യമാകുന്നില്ല .കലയിൽ ഇങ്ങനെയല്ല .സൗന്ദര്യത്തെ മാത്രം ആവിഷ്കരിക്കാനാണ് കലാകാരൻ ശ്രമിക്കുന്നത് .അതുകൊണ്ട് കലാസൗന്ദര്യം ആസ്വദിക്കുന്നതിൽ നമുക്ക് ഒരു തടസ്സവും നേരിടുന്നില്ല.

വസന്തത്തിൽ സുന്ദരമായ പ്രകൃതി ചിലപ്പോൾ കൊടുങ്കാറ്റിൽ രക്തരക്ഷസ്സിനെപ്പോലെ തോന്നിപ്പിക്കും. എന്നാൽ ഇത് ഒരു കലാകാരൻ കലാസൃഷ്ടി ആക്കിയാൽ നമുക്ക് അതിൽ സൗന്ദര്യം മാത്രമേ കാണാനാകുകയുള്ളു. കല ഉദ്ദേശ്യത്തോടു കൂടി ഉള്ളതാണ്. അത് പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഒരു കലാകാരന്റെ   അനുഭൂതിയിൽ നിന്നാണ് കല ഉണ്ടാകുന്നത്. താൻ മനസ്സിലാക്കിയ കാര്യത്തെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് .കലാസൗന്ദര്യത്തെ പ്രകൃതിസൗന്ദര്യത്തിൽ നിന്നും വേർതിരിക്കുന്നത് മനുഷ്യന്റെ  ഈ സൃഷ്ടിപരതയാണ്.

പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്ന ഒരാൾക്ക് അനുഭവപ്പെടുന്ന രീതിയിൽ ആയിരിക്കില്ല മറ്റൊരാൾക്ക് അനുഭവപ്പെടുന്നത്. കലയുടെ സൗന്ദര്യം ഒരു തരത്തിൽ ഒരു പരസ്യമാണ് .കലാകാരനുണ്ടായ അനുഭൂതി ആസ്വാദകർക്കും ഉണ്ടാകും .പരസ്യം ഇല്ലെങ്കിൽ കലയില്ല .സ്വയം ആസ്വദിക്കുവാനല്ല കലാകാരൻ കലാസൃഷ്ടി ചെയ്യുന്നത് .തന്റെയുള്ളി ലുണ്ടായ അനുഭൂതി മറ്റുള്ളവർക്ക് പകർത്തിക്കഴിയുമ്പോഴാണ് കല എന്ന ഒന്ന് ഉണ്ടാകുന്നത്.തന്റെ   രചനകൾ സുന്ദരമാണോ അല്ലയോ എന്നൊന്നും കലാകാരൻ ആലോചിക്കാറില്ല .തന്റെ  ഉള്ളിലുള്ളതിനെ പകർത്തുക എന്നതാണ് അയാളുടെ ശ്രമം .അതിന്റെ  വിജയമാണ് അയാളുടെ കലയുടെ സൗന്ദര്യം.

 കലയുടെ സൗന്ദര്യം പ്രകൃതി സൗന്ദര്യത്തെ അനുകരിക്കുന്നില്ല.കലയുടെ സൗന്ദര്യത്തിൽ ഒരു പുത്തൻ അംശം കലരുന്നുണ്ട്.കലാകാരന്റെ   അനുഭൂതിയാണ് ഈ അംശം. ഈ അനുഭവം സുന്ദരമായിരിക്കണമെന്നില്ല .കലാകാരൻ കാണുന്ന പേടിപ്പെടുത്തുന്ന അല്ലെങ്കിൽ ദുഃഖകരമായ അനുഭവങ്ങളെ, അയാൾ കലാരൂപമാക്കുമ്പോൾ അത് സുന്ദരമായിരിക്കും എന്നതാണ് കലാനിർമ്മാണത്തിലെ പ്രത്യേകത.  

 

      

To Top