1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

കീറിപ്പൊളിഞ്ഞ ചകലാസ്

bins

 


1. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരിയാണ് മാധവിക്കുട്ടി. ആധുനിക കാലത്ത് ബന്ധങ്ങള്‍ക്ക് സംഭവിക്കുന്ന ശൈഥില്യം പ്രമേയമാക്കി അവര്‍ രചിച്ച കഥയാണ് 'കീറിപ്പൊളിഞ്ഞ ചകലാസ്'. ഈ കഥയ്ക്ക് ഒരു നിരൂപണം തയാറാക്കുക. താഴെ തന്നിരിക്കുന്ന സൂചനകളും ഉള്‍പ്പെടുത്തണം. 

▲കഥയുടെ പ്രമേയം
▲കഥാപാത്രങ്ങളുടെ വ്യക്തിത്വം
▲ സംഭാഷണങ്ങളുടെ  പ്രാധാന്യം
▲സമാനരചനകള്‍
▲കാലികപ്രസക്തി
   കീറിപ്പൊളിഞ്ഞ ചകലാസും തകര്‍ന്ന ബന്ധങ്ങളും
കുടുംബബന്ധങ്ങള്‍ ശിഥിലമാവുന്ന ഇക്കാലത്ത് വളരെ പ്രസക്തമായ ഒരു കഥയാണ് 'കീറിപ്പൊളിഞ്ഞ ചകലാസ്'. ഈ കഥയിലെ നായകനായ ഗോപി നീണ്ട അഞ്ചരവര്‍ഷത്തിനു ശേഷമാണ് ഗ്രാമത്തിലെ തന്റെ വീട്ടിലെത്തുന്നത്. ഉയര്‍ന്ന ജോലിയുള്ള, വിദ്യാസമ്പന്നനായ അയാള്‍ ദീര്‍ഘകാലമായി നഗരത്തില്‍ത്തന്നെയാണ് താമസം. ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയും അവരെ ശുശ്രൂഷിച്ചു കഴിഞ്ഞുകൂടുന്ന വിധവയായ സഹോദരി കമലവുമാണ് വീട്ടിലുള്ളത്. അമ്മയെ അന്വേഷിക്കാതെ, ഒരു കത്തുപോലും എഴുതാതെ നഗരത്തില്‍ ജീവിക്കുന്ന ഗോപിയുടെ രീതിയോട് അല്‍പ്പംപോലും താല്‍പ്പര്യം കമലത്തിനില്ല. അതവര്‍ പല ഘട്ടങ്ങളിലും പ്രകടമാക്കുന്നുണ്ട്. നഗരത്തില്‍ കഴിയുന്ന തന്റെ കുടുംബത്തിന്റെ സാമ്പത്തികനില ഭദ്രമാക്കാന്‍വേണ്ടി തന്റെ ഓഹരി വില്‍ക്കാനാണ് ഗോപി വന്നിരിക്കുന്നത്. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍പോലും മകന്‍  തയാറാവുന്നില്ല. പണ്ടെങ്ങോ ഗോപി കൊണ്ടുവന്ന ചകലാസ് (കമ്പിളിപ്പുതപ്പ്) കീറിപ്പറിഞ്ഞുപോയെന്നും ചുവന്ന നിറത്തിലുള്ള പുതിയതൊരെണ്ണം വേണമെന്നും അമ്മ പറയുന്നത,് വീട്ടില്‍വന്നത് ഗോപിയാണെന്ന് തിരിച്ചറിയാതെയാണ്. സ്‌നേഹത്തിന്റെ പ്രതീകമാണ് കഥയിലെ പുതപ്പ്.  ഹൃദയബന്ധത്തിന്റെ നിറമാണ് ചുവപ്പ്.  കീറിപ്പറിഞ്ഞുപോയ കമ്പിളിപ്പുതപ്പ് തകര്‍ന്നുപോയ ബന്ധങ്ങളുടെ സൂചനയുമാണ്. ഓര്‍മ്മ നഷ്ടപ്പെട്ടെങ്കിലും അമ്മ എപ്പോഴും മകനെ ഓര്‍ത്തുകൊണ്ടിരിക്കുന്നു. ഓര്‍മ്മയുണ്ടെങ്കിലും മകന്‍ അമ്മയെക്കുറിച്ച് ഓര്‍ക്കുന്നതുപോലുമില്ല. പുതിയ കാലത്തിന്റെ സവിശേഷതയാണിത്. ഉറ്റബന്ധങ്ങള്‍പോലും വിസ്മരിക്കപ്പെട്ടുപോകുന്നു. അമ്മയുടെ മറവി പ്രായാധിക്യത്തിന്റേതാണ്. എന്നാല്‍ മകന്റേത് മനഃപൂര്‍വമുള്ളതാണ്. അമ്മയെ തിരിഞ്ഞുനോക്കാത്ത മകനെ തിരിച്ചറിയാന്‍ അമ്മയ്ക്ക് കഴിയുന്നില്ല. പുതിയകാലത്ത് ശിഥിലമായിപ്പോകുന്ന ബന്ധങ്ങളുടെ പ്രതീകമാണ് 'കീറിപ്പൊളിഞ്ഞ ചകലാസ്'. അതുകൊണ്ടുതന്നെ കഥയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഈ ശീര്‍ഷകം.
മാധവിക്കുട്ടിയുടെ കഥകള്‍ മനുഷ്യബന്ധങ്ങളുടെ ആവിഷ്‌കാരങ്ങളാണ്. നെയ്പ്പായസം, കോലാട്, കടലിന്റെ വക്കത്ത് ഒരു വീട് എന്നിവയെല്ലാം സ്‌നേഹബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു. സംഭാഷണങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന രീതിയാണ് 'കീറിപ്പൊളിഞ്ഞ ചകലാസി'ല്‍ സ്വീകരിച്ചിട്ടുള്ളത്. അമ്മ തന്നെ ഓര്‍ക്കുന്നില്ലെന്ന് പറയുന്ന ഗോപിയോട് 'നിനക്ക് അമ്മയെ ഓര്‍മ്മയുണ്ടോ ഗോപീ' എന്ന മറുചോദ്യം കൊണ്ടാണ് കമലം നേരിടുന്നത്. ആ ചോദ്യം ഗോപിയോടല്ല, സമൂഹത്തോട് മുഴുവനുമാണ്.

2. ഒരു തേന്‍വരിക്കപ്ലാവിനോട്, ഒരു കുടുംബത്തിന് തലമുറകളായുണ്ടായിരുന്ന ബന്ധത്തിന്റെ  ദൃഢതയും പുതിയ തലമുറയില്‍ അതിനു സംഭവിക്കുന്ന ശൈഥില്യവും  ആവിഷ്‌കരിക്കുന്ന കഥയാണ് നാരായണന്റെ 'തേന്‍വരിക്ക'. പ്രമേയം, ഭാഷ, ആഖ്യാനരീതി, സമകാലികപ്രസക്തി എന്നിവ കൂടി പരിഗണിച്ച് 'തേന്‍വരിക്ക' എന്ന കഥയ്ക്ക്  നിരൂപണം തയാറാക്കുക.
തേന്‍വരിക്ക- പ്രകൃതി നല്‍കുന്ന മുന്നറിയിപ്പിന്റെ കഥ
പരിസ്ഥിതിയുമായി ബന്ധപ്പെട്ട മലയാളകഥകളില്‍ ഏറ്റവും ശ്രദ്ധേയമാണ്  'തേന്‍വരിക്ക'. പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാവേണ്ട ആത്മബന്ധത്തിന്റെ കഥയാണ് ഇത്.  പ്രകൃതിയോട് ആധുനികമനുഷ്യര്‍ പുലര്‍ത്തുന്ന അപകടകരമായ സമീപനങ്ങളുടെ ദുരന്തഫലങ്ങളെക്കുറിച്ച് ഈ കഥ മുന്നറിയിപ്പു നല്‍കുന്നു. ലളിതമായ ഭാഷയും വളച്ചുകെട്ടില്ലാത്ത  അവതരണരീതിയും  ഇതിന്റെ  സവിശേഷതകളാണ്. മുറ്റത്തുനില്‍ക്കുന്ന തേന്‍വരിക്കപ്ലാവിനോടുളള അയ്യപ്പന്‍ എന്ന വൃദ്ധന്റെയും മകന്റെയും സമീപനങ്ങളിലെ വ്യത്യാസം സമൂഹം പ്രകൃതിയോട് പുലര്‍ത്തുന്ന ബന്ധത്തിലെ വൈരുധ്യംതന്നെയാണ്. പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ ഒറ്റപ്പെടുകയും പരാജയപ്പെടുകയും ചെയ്യുന്നു. നശീകരണത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്ക് താല്‍ക്കാലികലാഭമല്ലാതെ യാതൊരു നേട്ടവും കൈവരിക്കാനും കഴിയുന്നില്ല. 
പ്രകൃതിയെ തിരിച്ചറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ്  അയ്യപ്പന്‍ എന്ന വൃദ്ധന്‍. സ്വന്തം മകനോടുള്ളതിനേക്കാള്‍ സ്‌നേഹം അയാള്‍ക്ക് പ്രകൃതിയോടുണ്ട്. പ്രകൃതിയെ നശിപ്പിക്കുന്നവനെ ഒരു കൊമ്പൊടിച്ചിട്ടെങ്കിലും കൊന്നുകളയാന്‍ അയാള്‍  പ്ലാവിനോട് പറയുന്നത് അതുകൊണ്ടാണ്. പ്രകൃതിയെ ഉപഭോഗവസ്തുവായി മാത്രം കണക്കാക്കുന്നയാളാണ് അയ്യപ്പന്റെ മകനായ സുരേന്ദ്രന്‍. അയാളുടെ ദുര്‍വാശിക്കും ആര്‍ത്തിക്കും മുന്നില്‍ ഭാര്യയും മക്കളും അച്ഛനുമെല്ലാം നിസ്സഹായരാണ്. അയാളുടെ പ്രവൃത്തിമൂലം പ്രകൃതിയുടെ സ്വഭാവമപ്പാടെ  മാറുന്നു. കുടിവെളളംപോലുമില്ലാത്ത അവസ്ഥ. പ്രതീക്ഷയോടെ നട്ട റബ്ബര്‍ത്തൈകള്‍ വേനലാരംഭത്തില്‍ വാടിത്തളര്‍ന്നു. മഴപെയ്തപ്പോഴാവട്ടെ അവ മിക്കതും കടപുഴകി വീണു. മുറ്റത്തിന്റെ വക്കുംമൂലയുമെല്ലാം ഇടിഞ്ഞു. ഒരു പ്രവചനമെന്നപോലെയാണ് 'എവിടേക്കെങ്കിലും പൊയ്ക്കൂടേ' എന്ന അച്ഛന്റെ വാക്കുകള്‍  അയാളുടെ കാതുകളില്‍  മുഴങ്ങുന്നത്. ആ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത് നമ്മുടെ നേരെതന്നെയാണ്.
ലളിതമായ ഭാഷ, വളച്ചുകെട്ടില്ലാത്ത അവതരണരീതി എന്നിവ ഈ കഥയുടെ മാറ്റുകൂട്ടുന്നു. മണ്ണും മരവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാത്തവര്‍ക്ക് ഇവിടെ ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ കഥ ഏറ്റവും കാലികമായ വിഷയമാണ് മുന്നോട്ടുവയ്ക്കുന്നത്.
To Top