1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

ഓർമ്മയുടെ ജാലകം

bins

 

       ഓര്‍മ്മയുടെ ജാലകം

 മലയാളത്തിലെ അറിയപ്പെടുന്ന ചിത്രകാരനും എഴുത്തുകാരനുമാണ് രാജന്‍ കാക്കനാടന്‍(1942 - 24 ഓഗസ്റ്റ് 1991). അരവിന്ദന്റെ എസ്തപ്പന് സിനിമയിലെ നായകനായിരുന്നു.  ജോർജ്ജ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായി. ചിത്രകാരനായിരുന്നു. ആദ്യ കാലത്ത് താന്ത്രിക് ശൈലിയിലാണ് വരച്ചിരുന്നത്. ഹിമവാന്റെ മുകള്‍ത്തട്ടില്‍ ​ എന്ന യാത്രാ വിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്.സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയ പര്യടനത്തിന്റെ സ്നിഗ്ദ്ധമായ അനുഭവമാണ്‌ ഈ ഗ്രന്ഥം പകർന്നു തരുന്നത്‌. സാഹിത്യകാരന്‍ കാക്കനാടന്‍, പത്ര പ്രവന്‍ത്തകരായ തമ്പി കാക്കനാടന്‍, ഇഗ്നേഷ്യസ് കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്.
 
ഹിമാലയം ഒരു നോക്കുകാണുക, അതിന്റെ നെറുകകളിലുള്ള ആരാധനാസ്ഥലങ്ങളില്‍ എത്തി സായുജ്യം നേടുക എന്നിവയെല്ലാം മതബദ്ധതയ്ക്കും അപ്പുറത്തുള്ള ആധ്യാത്മികാനുഭൂതിയാണ്. അത് സാക്ഷാല്‍ക്കരിക്കുക ക്ഷിപ്രസാധ്യമല്ല. ദുഷ്കരമായ ഹിമപാതകളിലൂടെയുള്ള യാത്രാനുഭവത്തിന്റെ പീഡനങ്ങള്‍ സഹിക്കാനുള്ള ഉള്‍ക്കരുത്തും ഒടുങ്ങാത്ത ഇച്ഛാശക്തിയുള്ളവര്‍ക്ക് ഏകാകികളായി യാത്രചെയ്ത് പ്രകൃതിയുടെ കാരുണ്യത്തില്‍ ജീവിതം സമര്‍പ്പിച്ച് ആ സായുജ്യം നേടാം. അല്ലാത്തവര്‍ക്ക് "ടൂറിസ്റ്റ് ഭക്തി"യുടെ എളുപ്പമാര്‍ഗങ്ങളുണ്ട്. ജീവന്‍ കൈയില്‍പിടിച്ച് ദുഷ്കരമായ ഹിമവല്‍പാതകളില്‍ ഏകാകിയായി കാല്‍നടയാത്രചെയ്ത് കേദാരവും ബദരിയും സന്ദര്‍ശിച്ചതിന്റെ അനുഭവം രാജന്‍ കാക്കനാടന്‍ രേഖപ്പെടുത്തിയതാണ് "ഹിമവാന്റെ മുകള്‍ത്തട്ടില്‍" എന്ന ഗ്രന്ഥം. ലൗകികനായ ഒരാള്‍ക്ക് യാത്രതന്നെ ഒരു ആധ്യാത്മികാനുഭവമായിത്തീരുന്നതിന്റെ ആലേഖനമാണത്. മലയാളത്തിലുണ്ടായ ഹിമവല്‍ യാത്രാവിവരണങ്ങളുടെ കൂട്ടത്തില്‍ ഏറെ വേര്‍തിരിഞ്ഞു നില്‍ക്കുന്നു ഈ കൃതി. 
       കാക്കനാടന്‍ സഹോദരന്മാര്‍ പ്രത്യേക തരക്കാരായിരുന്നു. കഥാകാരനായ ജോര്‍ജ് വര്‍ഗീസ് കാക്കനാടനും ചിത്രകാരനായ രാജന്‍ കാക്കനാടനുമെല്ലാം ഉള്‍വിളികള്‍ക്ക് പ്രാധാന്യം കൊടുത്തു ജീവിച്ചവരാണ്. ചെറുപ്പംമുതലേ ചിത്രകലയില്‍ വ്യാമുഗ്ധനായ രാജന്‍ കാക്കനാടന് സഞ്ചാരം അതിലേറെ പ്രിയമായിരുന്നു. തെക്കന്‍ രാജസ്ഥാനിലെ വിശാലമായ മണല്‍പ്പരപ്പുകളുടെ പ്രാന്തത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കിഴ്ക്കാംതൂക്കായ പര്‍വതസാനുവിലെ ഗുഹയില്‍ കഴിയുന്ന കൃഷ്ണശരന്‍ എന്ന സാധുവിന്റെ ആശ്രമത്തില്‍നിന്നാണ്, 1975 ജൂണില്‍ രാജന്‍ കാക്കനാടന്‍ ഹിമവാന്റെ മുകള്‍ത്തട്ടിലേക്ക് ഒറ്റയ്ക്കുള്ള യാത്ര ആരംഭിച്ചത്. പൊള്ളുന്ന വേനലായിരുന്നു അത്. നേരെ ദില്ലിയിലെത്തി ട്രെയിന്‍മാര്‍ഗം ഹരിദ്വാറിലേക്ക് പോയി. ഹരിദ്വാറില്‍നിന്ന് ടാക്സിയില്‍ ഋഷികേശിലെത്തി. അനുനിമിഷം മഞ്ഞുവീഴ്ച വര്‍ധിച്ചുകൊണ്ടിരുന്ന പര്‍വതപാതയിലൂടെ അയാള്‍ പദയാത്ര ആരംഭിച്ചു. വഴിയോരങ്ങളിലെ നാടന്‍ചായക്കടകളിലും ക്ഷേത്രപരിസരങ്ങളിലെ അഭയസ്ഥാനങ്ങളിലും പര്‍വതസാനുക്കളിലെ വിജനഗുഹകളിലും അന്തിയുറങ്ങി, കിട്ടുമ്പോള്‍മാത്രം ആഹാരം കഴിച്ച് അയാള്‍ ഒരു അവധൂതനെപ്പോലെ മലനിരകള്‍ക്കിടയിലെ ചെറുപാതകളിലൂടെ യാത്ര തുടര്‍ന്നു. 
         അതിനിടയില്‍ ആദ്യം ഉന്നതമായ പര്‍വതശൃംഗങ്ങള്‍ കണ്ട അനുഭവത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: ""അതിന്റെ ഔന്നത്യവും പ്രൗഢിയും കണ്ട് ഞാന്‍ കുറെനേരം അവിടെത്തന്നെ നിന്നുപോയി. കാളിദാസന്‍ തൊട്ടുള്ള മഹാകവികള്‍ വര്‍ണിച്ച സുമേരു എന്ന ഹിമാലയം അതിന്റെ എല്ലാ തേജസ്സോടുംകൂടി അതാ തലയുയര്‍ത്തി നില്‍ക്കുന്നു. അതാദ്യം ദൃഷ്ടിയില്‍പെട്ടപ്പോള്‍ ഉണ്ടായ അനുഭൂതി അവാച്യമാണ്. ദീര്‍ഘദൂരം കാല്‍നടയായി സഞ്ചരിച്ചതില്‍ എനിക്ക് തൃപ്തിതോന്നി. ഇത്തരമൊരു ദൃശ്യത്തിനുവേണ്ടി മുന്നൂറല്ല, മൂവായിരം കിലോമീറ്റര്‍ വേണമെങ്കില്‍ നടക്കാം"". ഗുപ്തകാശി, സോനാപ്രായാഗ തുടങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ട് രാജന്‍ കേദാരനാഥിലെത്തി. കേദാര്‍നാഥ് ക്ഷേത്രവും ഉത്തരാഖണ്ഡിലുള്ള ക്ഷേത്രങ്ങളെപ്പോലെ ആറുമാസമേ തുറക്കാറുള്ളൂ. മെയുമുതല്‍ ഒക്ടോബര്‍വരെ. ക്ഷേത്രദര്‍ശനം കഴിഞ്ഞ ആ രാത്രി, വിശ്രമസങ്കേതത്തില്‍നിന്ന് പുറത്തിറങ്ങിയ രാജന്‍ താന്‍ കണ്ട അലൗകികദൃശ്യത്തെക്കുറിച്ചെഴുതി: ""ആ കാഴ്ച അവര്‍ണനീയമാണ്. ആകാശത്ത് പുകപടലങ്ങള്‍പോലെ തോന്നിക്കുന്ന മഞ്ഞിനടിയില്‍ക്കൂടി ഉദിച്ചുനില്‍ക്കുന്ന ചന്ദ്രന്‍. ചുറ്റിലുമുള്ള പര്‍വതങ്ങള്‍ ധവളിമയില്‍ മുങ്ങിനില്‍ക്കുന്നു. എങ്ങും ശുഭ്രനിറം. ഇടയ്ക്ക് നീല, ചാരം. അത്യുന്നതങ്ങളില്‍, "സ്വര്‍ഗാരോഹണ്‍" എന്ന കൊടുമുടി. ധവളിമയാര്‍ന്ന മലഞ്ചെരുവുകളില്‍ സ്വപ്നങ്ങളുടെ നിഴല്‍ക്കൂത്ത്. നാലുചുറ്റിനും ഉത്തുംഗമായ പര്‍വതങ്ങള്‍. സമതലത്തിന്റെ ഒത്ത നടുക്കുകൂടി ഒഴുകുന്ന മന്ദാകിനി. അതിന്റെ അഞ്ചു ഫണങ്ങള്‍ ഗിരിശിഖരങ്ങളില്‍ അപ്രത്യക്ഷമാകുന്നു. കേദാര്‍നാഥില്‍നിന്ന് ബദരീനാഥിലേക്ക് ഒരു നേര്‍രേഖ വരച്ചാല്‍ 30 കിലോമീറ്ററില്‍ കുറവായിരിക്കും. എന്നാല്‍, പര്‍വതങ്ങള്‍ക്കിടയിലെ വളഞ്ഞുപുളഞ്ഞ വഴിയില്‍ക്കൂടി കാല്‍നടയായി 200 കിലോമീറ്ററിലേറെ സഞ്ചരിച്ചാലേ ബദരിയിലെത്തൂ. വാഹനത്തിലാണെങ്കില്‍ 300 കിലോമീറ്ററിലേറെ വരും. കേദാരത്തില്‍ രണ്ടുരാത്രിയും ഒരു പകലും കഴിച്ച് രാജന്‍ മലയിറങ്ങി ബദരിയിലേക്ക് യാത്ര ആരംഭിച്ചു. കാലിളക്കുന്ന, ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ വീഴാതെ രക്ഷപ്പെട്ട് മുന്നോട്ടുപോയി. അപ്പോള്‍ ആ യാത്രികന്‍ ഇങ്ങനെയാണ് ചിന്തിച്ചത്. "ജീവിതത്തില്‍ വിജയിച്ചുവെന്നും പരാജയപ്പെട്ടുവെന്നും വീണ്ടും വിജയിച്ചുവെന്നും തോന്നിച്ച നിമിഷങ്ങള്‍. വിജയോന്മാദത്തിന്റെ ലഹരിയില്‍ ആര്‍ത്തട്ടഹസിച്ച വേളകള്‍. പരാജയത്തിന്റെ പ്രഹരമേറ്റ് അവശനും ദുഃഖിതനുമായി ചെലവഴിച്ച ഏകാന്ത നിമിഷങ്ങള്‍. ആയിരം പൂക്കള്‍ വിടരുന്നതുകണ്ട നാളുകള്‍. ജീവിതത്തിന്റെ നീര്‍ച്ചുഴിയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് ഒടുവില്‍ ഏകാന്ത തീരങ്ങളില്‍ നിരാലംബനായി അടിഞ്ഞ അവസരങ്ങള്‍"". യാതനാനിര്‍ഭരമായ കയറ്റം കയറി തുംഗനാഥ് കൊടുമുടിയും ക്ഷേത്രവും ദര്‍ശിച്ച് തിരിച്ചിറങ്ങി ചമോളി ധര്‍മശാലയില്‍ രാത്രി കഴിച്ച് വീണ്ടും യാത്ര തുടര്‍ന്നു. അതിനിടയില്‍ കൈയിലെ പണം തീര്‍ന്നു. ജ്യോഷിമഠിലെ "ശ്രീശങ്കര അദൈ്വതാശ്രമം" എന്ന സമ്പന്നമായ ആശ്രമത്തില്‍ വിശ്രമിക്കാനിരുന്നപ്പോള്‍ ഗുണ്ടകള്‍ പടിയിറക്കിവിട്ടു. അവിടെ രക്ഷകനെപ്പോലെ പ്രത്യക്ഷപ്പെട്ട ഗോവിന്ദസ്വാമി എന്ന പ്രസിദ്ധനായ അവധൂതന്‍ രാജന്റെ ജീവന്‍ രക്ഷിച്ചു. പിന്നീട് യാത്ര അദ്ദേഹത്തോടൊപ്പമായി. വീണ്ടും വഴിയില്‍ ചില രാത്രികള്‍ കഴിച്ച് ബദരിയുടെ താഴ്വാരത്തിലെത്തി. സര്‍വശക്തിയുമെടുത്ത് മലകയറാന്‍ തുടങ്ങി. ഇടയ്ക്കൊരു പാറയിലിരുന്ന് ഇത്തിരി വിശ്രമിച്ചു. പിന്നെയും കയറാന്‍ തുടങ്ങിയപ്പോള്‍ കൂടെ ഉണ്ടായിരുന്നവരെ കാണാന്‍ കഴിഞ്ഞില്ല. എങ്കിലും വീണ്ടും ഉത്സാഹത്തോടെ മല കയറിയ രാജന്‍ ഒടുവില്‍ ബദരീനാഥ് ക്ഷേത്രത്തിന്റെ ടിബറ്റന്‍ മാതൃകയിലുള്ള മുകപ്പ് കണ്ടു. ഭക്തജനങ്ങളുടെ "ജയ് ബദരീനാഥ്" വിളികേട്ടു. അങ്ങനെ ആ സാഹസികനായ ഏകാന്തയാത്രികന്റെ ബദരീയാത്ര സാഫല്യത്തിലെത്തി. ഹിമാലയ യാത്രയെക്കുറിച്ച് തപോവന സ്വാമികളുടെ "ഹിമഗിരിവിഹാരം" പോലെയുള്ള മികച്ച കൃതികള്‍ മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് ലൗകികനായ രാജന്‍ കാക്കനാടന്‍ എന്ന യാത്രികന്റെ ഹിമാലയയാത്രാവിവരണം. ഏകാകിയായി, നിര്‍ഭയനായി അദ്ദേഹം നടത്തിയ യാത്രയുടെ ആത്മീയാനുഭവം മാത്രമല്ല, ലൗകികജീവിതത്തിന്റെയും ഒരുപാട് ചിത്രങ്ങള്‍ തരുന്നുണ്ട് ഈ കൃതി. ഗിരിവര്‍ഗമേഖലയിലെ ഗ്രാമീണരുടെ ദൈന്യം, സമ്പന്നസന്യാസിമാരുടെ മനുഷ്യത്വരാഹിത്യം, ലോകമേ തറവാടാക്കിയ നിസ്വരായ അവധൂതന്മാരുടെ സഹജീവിസ്നേഹം, ഫ്യൂഡല്‍ മനസ്സുള്ള രാഷ്ട്രീയക്കാരുടെ കാപട്യം, ധര്‍മശാലകളില്‍ തമ്പടിച്ചുകിടക്കുന്ന കള്ളന്മാരുടെയും തെണ്ടികളുടെയും സ്വാര്‍ഥലോഭങ്ങള്‍ ഇവയെല്ലാം ഈ യാത്രാവിവരണത്തില്‍ കടന്നുവരുന്നു. ഒട്ടേറെ വ്യക്തികളുടെയും സ്ഥലങ്ങളുടെയും നേര്‍ത്ത രേഖാചിത്രങ്ങളും ഇതില്‍ കാണാം. എന്നാല്‍, എല്ലാറ്റിനുമുപരിയായി ഹിമവല്‍ പ്രകൃതി നല്‍കുന്ന അലൗകികമായ അനുഭവം നിറഞ്ഞുനില്‍ക്കുന്നു. ഹിമാലയയാത്ര ഇന്നൊരു ഫാഷനായിട്ടുണ്ട്; ഹിമാലയത്തില്‍ പോയാല്‍ പുസ്തകമെഴുതണമെന്നത് ഒരു അനുഷ്ഠാനവും മിക്കപ്പോഴും ഭക്തിയുടെ മേമ്പൊടി ചേര്‍ത്ത ഒരു വിപണനവസ്തുവായി അത്തരം യാത്രവിവരണ കൃതികള്‍ മാറുന്നു. മലയാളത്തില്‍ ഇന്ന് ആ രീതിയിലുള്ള ഹിമാലയ യാത്രാവിവരണങ്ങളുടെ മലവെള്ളപ്പാച്ചിലാണ്. എന്നാല്‍, ആ പ്രവണത ആരംഭിക്കുന്നതിന് എത്രയോമുമ്പാണ് രാജന്‍ കാക്കനാടന്‍ ഹിമാവന്റെ മുകള്‍ത്തട്ടില്‍ എഴുതിയത്. ഒരേസമയം പ്രകൃതിയുടെ പ്രതിരോധങ്ങളോട് മല്ലിട്ട് ലക്ഷ്യപ്രാപ്തി നേടുന്ന മനുഷ്യമനസ്സിന്റെ ദൃഢശക്തിയും പ്രകൃതിയുടെ വിദൂരവിസ്മയങ്ങള്‍ അറിഞ്ഞും അനുഭവിച്ചും അതിനെ ഒരു അനുഭൂതിയായി ഉള്‍ക്കൊള്ളാനുള്ള ആന്തരികത്വരയും തെളിഞ്ഞുകാണുന്ന ആത്മാര്‍ഥത തുടിക്കുന്ന കൃതിയാണിത്. യാത്രയുടെ ലഹരിയില്‍, ജീവിതംതന്നെ ഹോമിച്ച രാജന്റെ ജീവിതയാത്ര അവിചാരിതമായി അവസാനിച്ചെങ്കിലും ഹിമവല്‍പര്യടനത്തിന്റെ ഈ വാങ്മയത്തിലൂടെ അദ്ദേഹം ജീവിക്കുന്നു ( ലേഖനം : കെ.എസ്.രവികുമാര്‍)


അജന്താ ഗുഹകള്‍

 

 അളകനന്ദ നദി
  

  യാത്രാവിവരണം ബദരിനാഥ്  

 

      പൂക്കാതിരിക്കാനെനിക്കാവതില്ലേ അയ്യപ്പപ്പണിക്കര്‍
പൂക്കാതിരിക്കാനെനിയ്ക്കാവതില്ലേ.. ഡോ. കെ. അയ്യപ്പപ്പണിക്കർ
ക്ലാസ്‌- V (പുതിയ സിലബസ് 2014) മലയാളം പാഠപുസ്തകത്തിലെ കവിതയുടെ പൂർണ്ണരൂപം 
 ഓർമ്മക്കുറിപ്പ് ലളിതാംബിക അന്തർജ്ജനം
 


To Top