1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

ചിത്രവർണ്ണങ്ങൾ

bins

  യൂണിറ്റ് 1 ചിത്രവര്‍ണങ്ങള്‍ 

നിറം

Image result for വള്ളത്തോൾ വള്ളത്തോൾ നാരായണമേനോൻ

മലയാളസാഹിത്യത്തിലെ നവോത്ഥാന നായകരിൽ അഗ്രഗണ്യനും കേരളീയ കലകളുടെ പുനരുദ്ധാരണത്തിനും കവിതയുടെ നവീകരണത്തിനും അദ്ദേഹം വഹിച്ച പങ്ക്‌ നിസ്തുലമായിരുന്നു. മലയാളത്തിന്റെ ദേശീയ കവി എന്ന്‌ ആദരിക്കപ്പെട്ട വള്ളത്തോൾ എല്ലാ അർത്ഥത്തിലും ഭാരതത്തിന്റെ പ്രിയപുത്രനായിരുന്നു. മലയാള കവിതയിലും സാംസ്കാരിക രംഗങ്ങളിലും പൊതുജീവിതത്തിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി വള്ളത്തോളിന്റെ കാവ്യജീവിതത്തിലേക്ക്‌ നമുക്കൊന്ന്‌ കണ്ണോടിക്കാം.
“ഭാരതമെന്നപേർ കേട്ടാലഭിമാന-
പൂരിതമാണകമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളിൽ”
“ദിവാസ്വപ്ന”ത്തിലെ “ചോര തിളയ്ക്കണം” എന്ന കവിതയിലെ വരികൾ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഈ നാലുവരികൾ കൊണ്ടുതന്നെ ഭാരതത്തിനും കേരളത്തിനും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന സ്ഥാനം നമുക്ക്‌ പൂർണ്ണമായും മനസ്സിലാകുമല്ലോ? അദ്ദേഹത്തിന്റെ ദേശസ്നേഹം ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന്‌ ഊറിയെത്തി വായനക്കാരിലേക്ക്‌ അതിന്റെ ഉൾക്കാഴ്ച ഉണർത്തുകയും ചെയ്യുന്നു. ദേശാഭിമാനവും സ്വാതന്ത്ര്യ അഭിവാഞ്ചയും എന്നും കവി മനസ്സിൽ കെടാവിളക്കുകളായിരുന്നു. “എന്റെ ഗുരുനാഥൻ” എന്ന ലഘുകാവ്യവും നാം വായിച്ചിട്ടുണ്ടല്ലോ?

“ലോകമേ തറവാടുതനിക്കീച്ചെടികളും
പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യൂന്നതി
യോഗവിത്തേവം ജയിക്കുന്നതിനെൻ ഗുരുനാഥൻ”

മഹാത്മജിയുടെ നേതൃത്വത്തിൽ ഭാരതത്തിൽ ആഞ്ഞടിച്ച സ്വാതന്ത്ര്യസമര ചരിത്രം വ്യക്തമായി മനസ്സിലാക്കിയ വള്ളത്തോൾ തന്റെ കവിതകളിലൂടെ ഗാന്ധിജിയുടെ ചിന്താധാരകൾ ജനങ്ങളിലെത്തിച്ചു. ഭാരത്തെ ഒന്നായിക്കാണാനും മഹാത്മജിയെ ഭാരതത്തിന്റെ കർമ്മധീരനായ നേതാവായി കാണാനും ബാപ്പുവിനെ സ്വന്തം ഗുരുനാഥനായി ഹൃദയത്തിൽ പ്രതിഷ്ഠിക്കാനും വള്ളത്തോൾ തയ്യാറായി.
സൗന്ദര്യഗായകനും പ്രകൃതിസ്നേഹിയുമായ കവി ലളിതസുന്ദരമായ വരികളിൽ കേരളത്തിന്റെ സൗന്ദര്യത്തേയും സൗഭാഗ്യത്തേയും സംസ്കാരത്തെയും പാടി പുകഴ്ത്തി.

“പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വച്ചും
സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപദാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെ കാത്തു
കൊള്ളുന്നു കുമാരിയും ഗോകർണ്ണേശനുമമ്മേ-

“സാഹിത്യമഞ്ജരി” ഒന്നാം ഭാഗത്തെ ഒന്നാമത്തെ കവിതയായ “വന്ദിപ്പിൻ മാതാവിനെ”യിലെ ഈ വരികൾ അമ്മയെ നോക്കിക്കണ്ടാനന്ദിക്കുന്ന ഒരു കുഞ്ഞു മനസ്സിന്റെ സൗന്ദര്യ ചിന്തകളാണ്‌ കവി വർണ്ണിക്കുന്നത്‌. ഒപ്പം കേരളാംബ പള്ളികൊള്ളുന്ന ഹൃദ്യമായ ചിത്രവും കവി വരച്ച്‌ കാണിക്കുന്നു. സൗന്ദര്യമാണ്‌ ജീവിതത്തെ മാധൂര്യമാക്കുന്നതെന്നും, പ്രകൃതിയെ നിരീക്ഷിച്ച്‌ അതിന്റെ മനോഹാരിത നുകരുന്ന ആരും അതിനെ വെറുക്കുകയില്ല എന്നും വള്ളത്തോൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ ലോകം എന്നും കവിയ്ക്ക്‌ അഭികാമ്യമായിരുന്നുവെന്നും “ഒരു ദിനസഞ്ചാരം” എന്ന കവിതയിലെ വരികൾ വ്യക്തമാക്കുന്നു.
“പ്രപഞ്ചമേ, നീ പല ദുഃഖജാലം
നിറഞ്ഞതാണെങ്കിലുമിത്രമാത്രം
ചേതോഹര കാഴ്ചകൾ നിങ്കലുള്ള
കാലത്തുനിൻ പേരിലെവൻ വെറുക്കും”
 
തുഞ്ചത്ത്‌ എഴുത്തച്ഛന്റെയും മേൽപ്പത്തൂരിന്റെയും ജൻമ•നാട്ടിൽ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ മംഗലത്ത്‌ (മംഗലം അംശത്തിൽ) ജനനം. അച്ഛൻ കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയത്‌. അമ്മ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മ. വീട്ടിലെ വിളിപ്പേര്‌ “കുട്ടൻ” എന്നായിരുന്നു. അന്നത്തെ സമ്പ്രദായമനുസരിച്ച്‌ വീട്ടിലിരുന്ന്‌ വൈദ്യവും സംസ്കൃതവും പഠിച്ചു. കവിതയോടായിരുന്നു കമ്പം. കവിത കഴിഞ്ഞാൽ പിന്നെ താൽപര്യം അച്ഛനിൽ നിന്നുകിട്ടിയ കഥകളിയോടായിരുന്നു. വാരിയം പറമ്പിൽ കുഞ്ഞൻ നായർ എന്ന നാട്ടെഴുത്തച്ഛന്റെ കീഴിൽ സംസ്കൃത പഠനം കഴിഞ്ഞ്‌ അമ്മാവനായ രാമുണ്ണിമേനോനിൽ നിന്ന്‌ കാവ്യനാടകങ്ങളും തുടർന്ന്‌ വൈദ്യവും അഭ്യസിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ കവിതാരചന ആംരംഭിച്ചു. വൈദ്യപഠനത്തിൽ സതീർത്ഥ്യനായിരുന്ന കുറ്റിപ്പുറത്ത്‌ കേശവൻ നായർ, വള്ളത്തോൾ ഗോപാലമേനോൻ, കുറ്റുപ്പുറത്ത്‌ കിട്ടുണ്ണിനായർ എന്നിവരുമായുള്ള സാഹിത്യ സൗഹൃദം പിൽക്കാലത്ത്‌ “വള്ളത്തോൾ കമ്പനി” എന്ന പേരിലറിയപ്പെട്ട സാഹിത്യപരമായ കൂട്ടുകെട്ടിന്‌ അടിസ്ഥാനമിട്ടു. വ്യാസാവതരണം, മണിപ്രവാളം, കിരാതശതകം എന്നിവയാണ്‌ ചെറുപ്പകാലത്ത്‌ രചിച്ച കൃതികൾ.

1894-ൽ “ഭാഷാപോഷിണിസഭ” സംഘടിപ്പിച്ച കവിതാമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയതാണ്‌ വള്ളത്തോളിന്‌ കവി എന്നനിലയിൽ ലഭിച്ച ആദ്യ അംഗീകാരം. 1897-ൽ വള്ളത്തോളിന്റെ അമ്മ മരിച്ചു. ആ മരണം അദ്ദേഹത്തിന്‌ കഠിനമായ ദു:ഖമുണ്ടാക്കി. പുന്നശ്ശേരി നമ്പി, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എന്നിവരുമായുള്ള സംസർഗ്ഗം വള്ളത്തോൾ നാരായണമേനോനെ ഒരു വലിയ വായനക്കാരനാക്കി. 1901 നവംബർ 29 ന്‌ പൊന്നാനി വന്നേരി നാട്ടിലെ വടക്കേക്കാട്ട്‌ അംശത്തിൽ ചിറ്റഴി വീട്ടിൽ മാധവി അമ്മയെ വള്ളത്തോൾ വിവാഹം കഴിച്ചു. 1903-ൽ അച്ഛനുമൊന്നിച്ച്‌ രാമേശ്വരം, ശ്രീരംഗം, മധുര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച്‌ മടങ്ങി. 1904 ആഗസ്റ്റിൽ അച്ഛനും സെപ്റ്റംബറിൽ അമ്മാവനും അന്തരിച്ചു. തുടർന്ന്‌ ഒരുവർഷക്കാലം കുടുംബത്തിൽ തന്നെ ഈശ്വര ചിന്തയിൽ മുഴുകി ജീവിച്ചു. ചരമ ശ്ലോകങ്ങൾ, ദേവീസ്തവങ്ങൾ, കിളിപ്പാട്ടുകൾ, കൈക്കൊട്ടികളിപ്പാട്ടുകൾ ഇങ്ങനെ പലതരം കവിതകൾ അദ്ദേഹം ഇക്കാലത്ത്‌ എഴുതി.  തുടർന്ന്‌ വള്ളത്തോൾ പത്നിയുടെ തറവാടായ പൊന്നാനിയിലെ ചിറ്റഴിയിലേക്ക്‌ താമസം മാറ്റി. അദ്ദേഹത്തിന്റെ സുപ്രധാന രചനകൾ മിക്കതും പുറത്തുവന്നത്‌ ഇക്കാലഘട്ടത്തിലായിരുന്നു. പ്രശസ്ത സാഹിത്യകാരന്മാരായ നാലപ്പാട്ടു നാരായണമേനോൻ, കുട്ടികൃഷ്ണമാരാർ എന്നിവരെ പരിചയപ്പെട്ടു. നാലപ്പാടുമായുള്ള സൗഹൃദം ഇംഗ്ലീഷ്‌ സാഹിത്യം കൂടുതൽ അടുത്തറിയാൻ സഹായിച്ചു. വള്ളത്തോൾ കമ്പനി വിപുലമാക്കി. കവിതകൾ ഏറെ എഴുതാനും പ്രസിദ്ധീകരിക്കാനും തുടങ്ങി. 1905 മുതൽ അഞ്ചുവർഷക്കാലം തൃശൂർ കേരള കൽപദ്രുമം പ്രസ്സിൽ സാഹിത്യവിഭാഗത്തിന്റെ പത്രാധിപരായി ജോലി നോക്കി. 1905-ൽ അദ്ദേഹം വാല്മീകി രാമായണത്തിന്റെ തർജ്ജമ തുടങ്ങി. രണ്ടുവർഷം കൊണ്ട്‌ അത്‌ പൂർത്തിയാക്കി. 1907-ൽ മാസിക രൂപത്തിലും 1909-ൽ പുസ്തക രൂപത്തിലും പ്രസിദ്ധീകരിച്ചു. “വാല്മീകി രാമായണം” വള്ളത്തോളിനെ ഏറെ പ്രസിദ്ധനാക്കി. കേരളവാല്മീകി എന്ന്‌ സഹൃദയ ലോകം വാഴ്ത്തി. 1909-ലെ ഒരു പ്രഭാതം. തന്റെ വാച്ചെടുത്തു ചെവിയിൽ വച്ചുനോക്കിയ വള്ളത്തോളിന്‌ ആ “ടിക്‌ ടിക്‌” ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. ശബ്ദത്തിന്റെ ലോകം അദ്ദേഹത്തിന്‌ അന്യമാവുകയായിരുന്നു. ബധിരതയുടെ വേദന സ്വന്തം ജീവിതത്തിൽ നിന്ന്‌ അക്ഷരങ്ങളിലേക്ക്‌ പകർത്തിയതാണ്‌ “ബധിരവിലാപം.” കേൾവികൊതിച്ചും സ്വന്തം ബധിരതയെക്കുറിച്ച്‌ ദേവിയോട്‌ വിലപിക്കുന്ന രൂപത്തിൽ അദ്ദേഹം എഴുതിയ ഖണ്ഡകാവ്യമാണ്‌.
മലയാളത്തിലെ ഏറ്റവും മികച്ച ഖണ്ഡകാവ്യങ്ങളിലൊന്നായ ശിഷ്യനും മകനും (1918), ചിത്രയോഗം, ബന്ധനസ്ഥനായ അനിരുദ്ധൻ (1914), മഗ്ദലനമറിയം (1921), കൊച്ചുസീത (1927), അച്ഛനും മകളും (1936) എന്നിവ വള്ളത്തോളിന്റെ പ്രശസ്തമായ കൃതികളാണ്‌. 1958 മാർച്ച്‌ 13 ന്‌ അദ്ദേഹം അന്തരിച്ചു.

     കേരള കലാമണ്ഡലം കഥകളിയുടെയും മറ്റ്‌ പ്രാചീനകലാരൂപങ്ങളുടെയും പുനരുദ്ധാരണത്തിനും പുരോഗതിക്കുമായി ഒരു സ്ഥാപനം തുടങ്ങണമെന്ന്‌ വള്ളത്തോൾ തീരുമാനിച്ചതാണ്‌ “കേരളകലാമണ്ഡലത്തി”ന്റെ രൂപീകരണത്തിന്‌ വഴിവച്ചത്‌. 1927-ൽ കോഴിക്കോട്ട്‌ കലാമണ്ഡലം സ്ഥാപിതമായി. പിന്നീട്‌ ചെറുതുരുത്തിയിലേക്ക്‌ അത്‌ മാറ്റി സ്ഥാപിക്കുകയായിരുന്നു. കലാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ്‌ വള്ളത്തോളായിരുന്നു. കേരളകലകളുടെ ആസ്ഥാനമായ കലാമണ്ഡലം മഹാകവിയുടെ നിത്യസ്മാരകമാണ്‌. 1957-ൽ കേരളസർക്കാർ ഈ സ്ഥാപനം ഏറ്റെടുക്കുകയും ഒരു ഗ്രാന്റ്‌-ഇൻ-എയിഡ്‌ സ്ഥാപനമാക്കി മാറ്റുകയും ചെയ്തു. കലാമണ്ഡലത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്‌ ജവഹർലാൽനെഹ്‌റുവാണ്‌. ആ അവസരത്തിൽ കലാമണ്ഡലത്തിന്റെ വികസനത്തിന്‌ ഒരുലക്ഷം രൂപ നെഹ്‌റു മഹാവിയെ ഏൽപ്പിച്ചു. ഇന്ന്‌ കലാമണ്ഡലം കൽപിത സർവ്വകലാശാലയാണ്‌.

ബഹുമതികളും അവാർഡുകളും
 
1919-ൽ “കവിതിലകൻ” എന്ന ബഹുമതി നൽകി കൊച്ചി മഹാരാജാവ്‌ ആദരിച്ചു. 1923-ൽ തിരുവിതാംകൂർ മഹാരാജാവ്‌ “വീരശ്യംഖല”യും “കവിസർവ്വഭൗമ” സ്ഥാനവും നൽകി. 1946-ൽ മദിരാശി ഗവൺമെന്റ്‌ വള്ളത്തോളിനെ ആസ്ഥാന കവിയായി തെരഞ്ഞെടുത്ത്‌ അഞ്ചുവർഷക്കാലത്തേക്ക്‌ ആയിരം രൂപ വീതം നൽകി. 1955-ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനുമായിരുന്നു. 1954-ൽ കേന്ദ്രസാഹിത്യ അക്കാദമിയിൽ മലയാളത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. വെയിൽസ്‌ രാജകുമാരൻ, കുമാരനാശാനോടൊപ്പം നൽകാനിരുന്ന പട്ടും വളയും വള്ളത്തോൾ നിരസിച്ചു. ഈ ബഹുമതി വള്ളത്തോൾ നിരസിച്ചത്‌ ബ്രിട്ടീഷ്‌ ഗവൺമെന്റിനോടുള്ള പ്രതിഷേധം കൊണ്ടായിരുന്നു. 1966-ൽ മരണാനന്തര ബഹുമതിയായി സോവിയറ്റ്‌ ലാന്റിന്റെ നെഹ്‌റു സമാധാന സമ്മാനം വള്ളത്തോളിന്‌ ലഭിച്ചു.
 
 
  
ഒരു ചിത്രം വള്ളത്തോള്‍ Audio : Download 
ഓടയില്‍ നിന്ന് സിനിമ കാണാം


To Top