Unit: 1 - ഭാഷ പൂത്തും സംസ്കാരം തളിർത്തും
സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ
1. “വാക്കുകൾ പൂക്കുന്ന പൊയ്ക; നീന്തിത്തുടിക്കുന്ന സ്വാതന്ത്ര്യം” - ഈ വാക്കുകൾ നൽകുന്ന അർത്ഥസൂചനകൾ എന്തെല്ലാം?
എഴുത്തച്ഛന്റെ കൃതികൾ വാക്കുകൾ പൂക്കുന്ന പൊയ്കയായിരുന്നു. ഉണ്ണായിവാര്യരുടെ കാലമായപ്പോഴേക്കും സാഹിത്യവും പദസമ്പത്തും വളർന്ന് ഭാഷ നീന്തിത്തുടിച്ച് സ്വാതന്ത്ര്യത്തിന്റെ ചിറകിലേറിക്കഴിഞ്ഞു. ഭാഷ മനുഷ്യനെ സ്വതന്ത്രനാക്കുന്നു. മനുഷ്യൻ്റെ ശക്തിയും അവന്റെ ആയുധവും ഭാഷയാണ്. ആ ഭാഷകൊണ്ടാണ് അവൻ അനീതികളെ എതിർക്കുന്നതും അവകാശങ്ങൾ നേടിയെടുത്തതും.
2. നളൻ അരയന്നത്തെ പിടിച്ചതിന്റെ കാരണം എന്താണ്?
അമൂല്യമായ സ്വർണ്ണത്തിൻ്റെ നിറമുള്ള, ഉറങ്ങിക്കിടക്കുന്ന ഹംസത്തെ ഇണക്കി വളർത്താം എന്നു കരുതിയാണ് നളൻ അതിനെ പിടികൂടിയത്.
3. നളൻ തന്നെ പിടികുടിയത് എന്തിനാണെന്നാണ് ഹംസം കരുതുന്നത്?
തന്നെ ചതിച്ചു കൊല്ലാനാണ് രാജാവ് പിടികൂടിയത് എന്നാണ് ഹംസം കരുതിയത്.
4. "നിരവലംബമായ് ചമഞ്ഞീടൊല്ലേ, മമ കുടുംബവുമിനി" - ഈ വാക്കുകളിൽ തെളിയുന്ന ഹംസത്തിന്റെ സ്വഭാവസവിശേഷതകൾ എന്തെല്ലാം?
ഹംസത്തിന്റെ അതിരറ്റ കുടുംബസ്നേഹം വെളിവാക്കുന്ന വരികളാണിവ. തനിക്ക് ആപത്ത് വന്നപ്പോഴും ഹംസം സ്വന്തം ജീവനേക്കാൾ തന്റെ കുടുംബത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.
5. "മനസി രുചി ജനകം എന്റെ ചിറകു മണികനകം, ഇതുകൊണ്ടാകാ നീ ധനികൻ!" - ഈ വരികൾ വിശകലനം ചെയ്യുക.
'എന്റെ ചിറക് മനസ്സിൽ മോഹം തോന്നിപ്പിക്കുന്നതാണ്. ഇതുകൊണ്ട് നീ വലിയ ധനികനാകുമോ?' എന്ന് ഹംസം നളനെ പരിഹസിക്കുന്നു. രാജാവിനോടുപോലും സത്യം തുറന്നുപറയാനുള്ള ധീരത ഹംസത്തിനുണ്ട്. രാജാവിന്റെ ധനത്തോടുള്ള കൊതിയെ ഹംസം ധൈര്യപൂർവ്വം പരിഹസിക്കുന്നു.
6. "ചെറുതും പിഴചെയ്യാതൊരെന്നെക്കൊന്നാൽ ബഹുദുരിതമുണ്ട് തവ ഭൂപതേ!” - ഹംസത്തിന്റെ ഈ വാക്കുകളുടെ സാമൂഹ്യപ്രസക്തി എന്ത്?
നളനോട് ഹംസം പറയുന്ന ശക്തമായ വാക്കുകളാണിവ. എന്ത് കാരണംകൊണ്ടായാലും ഒരജീവിയെ കൊല്ലുന്നത് ശരിയായ മാർഗമല്ല. ഒരു ജീവൻ എടുക്കുമ്പോൾ അനേകം ജീവിതങ്ങളാണ് അവിടെ നഷ്ടപ്പെടുന്നത്. ഒരാളുടെ ജീവൻ പൊലിയുമ്പോൾ അയാളെ ആശ്രയിച്ചു കഴിയുന്ന മറ്റുള്ളവരുടെ ജീവിതത്തെയും അത് ബാധിക്കും. എടുത്ത ജീവൻ തിരികെ നൽകാൻ മനുഷ്യനാകില്ല. ഹംസം യാതൊരു തെറ്റും നളനോട് ചെയ്തിട്ടില്ല. നിരപരാധികളെ ശിക്ഷിക്കുന്നത് വലിയ പാപമാണെന്നും അത് ചെയ്യുന്നവർക്ക് ദുരിതം അനുഭവിക്കേണ്ടി വരുമെന്നും ഈ വരികൾ ഓർമ്മിപ്പിക്കുന്നു.
7. ”അയ്യോ ഗുണവുമനവധി ദോഷമായിതു” - എന്ത് ഗുണമാണ് ഹംസത്തിന് ദോഷമായി വന്നത്? വിലയിരുത്തുക.
ഹംസത്തിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായാണ് നളൻ അതിനെ പിടികൂടുന്നത്. ഹംസത്തിന്റെ സ്വർണ്ണവർണ്ണമുള്ള ചിറക് ആരെയും മോഹിപ്പിക്കുന്നതാണ്. ആ 'ഗുണം' തന്നെയാണ് ഹംസത്തിന് ഇപ്പോൾ 'ദോഷമായി' (ബന്ധനമായി) വന്നത്. ഗുണദോഷങ്ങൾ ഓരോരുത്തരുടെയും കാഴ്ചപ്പാടിലും ആവശ്യങ്ങൾക്കും അനുസരിച്ച് മാറുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
8. "അറിക ഹംസമേ, അരുതു പരിദേവിതം... പറന്നിച്ഛയ്ക്കൊത്തവഴി ഗച്ഛ നീ” - ഈ വരികളിൽ തെളിയുന്ന നളന്റെ സ്വഭാവം എന്ത്?
ഹംസമേ നീ കരയരുത്, എനിക്ക് നിന്നോട് ദേഷ്യമില്ല എന്ന് പറഞ്ഞ് നളൻ ഹംസത്തെ ആശ്വസിപ്പിക്കുന്നു. ഹംസത്തിൻ്റെ അമൂല്യമായ രൂപം കണ്ടപ്പോൾ ഉണ്ടായ മോഹം കൊണ്ടാണ് പിടിച്ചതെന്നും, ഇനി ഇഷ്ടമുള്ള വഴിക്ക് പറന്നുപോകാം എന്നും പറഞ്ഞ് നളൻ ഹംസത്തെ മോചിപ്പിക്കുന്നു. ഒരു രാജാവായിട്ടുപോലും ഹംസത്തിൻ്റെ വിമർശനത്തെ മാനിക്കാനും തെറ്റ് തിരുത്താനും നളൻ തയ്യാറാകുന്നു.
9. 'സ്വാതന്ത്ര്യത്തിൻ്റെ ചിറകുകൾ' എന്ന ശീർഷകത്തിൻ്റെ ഔചിത്യം പരിശോധിക്കുക.
ശാരീരികവും മാനസികവുമായ ബന്ധനത്തിൽ നിന്നുള്ള മോചനമാണ് സ്വാതന്ത്യം. പലവിധ ചിന്തകളാൽ ബന്ധിതനായ നളനാണ് ഹംസത്തെ പിടിച്ചുകെട്ടുന്നത്. എന്നാൽ നളൻ ഹംസത്തെ മോചിപ്പിക്കുമ്പോൾ രണ്ടുപേരും സ്വതന്ത്രരാകുന്നു. ഹംസം ആകാശത്തേക്ക് ചിറകുവിരിച്ചു പറക്കുമ്പോൾ അത് സ്വാതന്ത്ര്യത്തിന്റെ മനോഹരമായ കാഴ്ചയായി മാറുന്നു.
10. 'ആട്ടക്കഥയിലെ സൗന്ദര്യം അതിന്റെ ഭാഷയിലാണ്.' - ഈ പ്രസ്താവന വിലയിരുത്തുക.
ആട്ടക്കഥയിലെ സൗന്ദര്യം അതിന്റെ ഭാഷയിലും ആഖ്യാനരീതിയിലും നിറഞ്ഞുനിൽക്കുന്നു. പദങ്ങളുടെ താളവും പ്രാസഭംഗിയും കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. കഥാപാത്രങ്ങളുടെ വികാരങ്ങൾ (സന്തോഷം, ഭയം, പരിഹാസം) പ്രേക്ഷകരിലെത്തിക്കാൻ ഈ ഭാഷാശൈലി സഹായിക്കുന്നു. നളചരിതത്തിലെ പദങ്ങൾ ഇതിന് മികച്ച ഉദാഹരണമാണ്.
കഥാപാത്ര നിരൂപണം
ഹംസം
- അതിരറ്റ കുടുംബസ്നേഹമുള്ളവൻ.
- സ്വന്തം ജീവനേക്കാൾ കുടുംബത്തെ കരുതുന്ന നിസ്വാർത്ഥൻ.
- രാജാവിനോടു പോലും സത്യം തുറന്നു പറയാനുള്ള ധീരത.
- രാജാവിന്റെ അത്യാഗ്രഹത്തെ പരിഹസിക്കാനുള്ള ചങ്കൂറ്റം.
- തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള ആർജവം.
നളൻ
- നിഷധ രാജാവായ വീരസേനന്റെ പുത്രൻ.
- സ്നേഹസമ്പന്നനും സൗമ്യശീലനും.
- മറ്റുള്ളവരുടെ (ഒരു പക്ഷിയുടെ പോലും) അഭിപ്രായത്തെ മാനിക്കുന്നവൻ.
- വിമർശനങ്ങളെ പോസിറ്റീവ് ആയി എടുക്കുന്നവൻ.
- കാരുണ്യവാൻ.
