1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

Class 7 കേരള പാഠാവലി: കതുവനൂ‍ർ വീരൻ - ചോദ്യോത്തരങ്ങൾ

bins

 കതുവനൂ‍ർ വീരൻ - ചോദ്യോത്തരങ്ങൾ 
കതുവനൂ‍ർ വീരൻ: കണ്ണൂരിനും തളിപ്പറമ്പിനും ഇടയിലുള്ള മങ്ങാട്ട് മേത്തളിയില്ലത്ത് കുമരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടേയും മകനായി ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച മകനാണ് മന്ദപ്പൻ എന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് നിവാസിയായ മന്ദപ്പൻ എന്ന തീയർ സമുദായത്തിപ്പെട്ട ഈ യുവാവിന് പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യ മൂർത്തിയായി കെട്ടിയാടപ്പെടുന്ന കതിവനൂർ വീരൻ എന്ന തെയ്യമായി മാറുകയും ചെയ്തു എന്നും പറയപ്പെടുന്നു. കതുവനൂ‍ർ വീരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ പേജിന്റെ അവസാനം നൽകിയിട്ടുണ്ട്.
പുതിയ പദങ്ങൾ
• അഗ്രഗണ്യൻ - ഒന്നാമതായി പരിഗണിക്കപ്പെടുന്നവൻ 
• പായാരം - പരിഭവം
• മെയ് - ശരീരം
• തഞ്ചം - ഉചിതമായ സമയം 
• താരം - ജോലി 
• മംഗല്യം - വിവാഹം 
• പൈദാഹം - വിശപ്പും ദാഹവും 
• നീര് - വെള്ളം . പൊയത്ത് - യുദ്ധം
വായിക്കാം വിശദീകരിക്കാം
1. കുടകുമല കയറിയ മന്ദപ്പന്‍ ഒറ്റപ്പെട്ടുപോയതെങ്ങനെ?. 
അസ്ത്രവിദ്യയിൽ അഗ്രഗണ്യനായ മന്ദപ്പൻ ഒരു പണിക്കും പോകാതെ കൂട്ടുകാരോടെടൊപ്പം വേട്ടയാടി നടക്കുന്നതു ഇഷ്ടപെടാത്ത അച്ഛൻ ഒരു ദിവസം മന്ദപ്പന്റെ അമ്പും വില്ലും നശിപ്പിച്ചു കളഞ്ഞു. ഇതിൽ പ്രതിഷേധിച്ചു വീട് വിട്ടിറങ്ങിയ മന്ദപ്പൻ കുടകുമല കയറുന്ന കൂട്ടുകാരോട് ഞാനും വരുന്നു എന്ന് പറഞ്ഞു കൂടെ ചേർന്നു. എന്നാൽ അവനെ കൂടെ കൂട്ടൻ അവർ തയാറായില്ല. ഒടുവിൽ മന്ദപ്പന്റെ നിർബന്ധത്തിനു വഴങ്ങി കൂടെ കുട്ടിയ അവർ അവനെ പാതിവഴിയിൽ മയക്കികിടത്തി സ്ഥലം വിട്ടു. ഉറക്കം ഉണർന്ന മന്ദപ്പൻ ആ വിജനമായ സ്ഥലത്തു ഒറ്റപെട്ടു പോയി.

2. “അമ്മാവനെയും അമ്മായിയെയും സംബന്ധിച്ച് മന്ദപ്പനും അണ്ണുക്കനും രണ്ടല്ല.” ഈ പ്രസ്താവനയെ സാധൂകരിക്കുന്ന എന്തെല്ലാം തെളിവുകൾ പാഠഭാഗത്തുണ്ട്‌?
- മന്ദപ്പന് പുത്രതുല്യമായ സ്നേഹം പകർന്നു നൽകിയവരായിരുന്നു കതുവന്നുരിലെ അമ്മാവനും അമ്മായിയും. അവർക്കു സ്വന്തം മകനായ അണ്ണുക്കനും മന്ദപ്പനും രണ്ടല്ല ഒന്നായിരുന്നു. അമ്മാവൻ തന്റെ സ്വത്തുക്കൾ രണ്ടുപേർക്കും (മകനും അനന്തരവനായ  മന്ദപ്പനും) തുല്യമായി പകുത്തു നല്‍കി. കൈയിൽ കാശില്ലെങ്കിൽ  ആണിനു വിലയുണ്ടാവില്ലന്നു പറഞ്ഞ് അമ്മായി കച്ചവടത്തിനുള്ള പണം നൽകി.  മന്ദപ്പന്റെ മനംകവർന്ന ചെമ്മരത്തിയുമായി അവനു മംഗല്യം നടത്തി കൊടുത്തു. മന്ദപ്പന്റെ സ്വഭാവം അമ്മായി അവൾക്ക്‌ ഉപേദശിച്ചു കൊടുത്തു. ഒടുവിൽ ശത്രുക്കളുടെ ഇടയിലേക്ക്‌ പാഞ്ഞടുത്ത്‌ സ്വയം മരണം വരിച്ച മന്ദപ്പന്‌ അവർ കണ്ണീരും കൈയുമായി ചിതയൊരുക്കി. ഇതിൽ നിന്നെല്ലാം അമ്മായിക്കും അമ്മാവനും മന്ദപ്പനോടുള്ള ആത്മബന്ധം നമുക്ക്‌ മനസിലാക്കാം.

3. മന്ദപ്പന്റെ മനസ്സു വിഷമിക്കാനിടയായ സന്ദർഭങ്ങൾ ഏതെല്ലാമായിരുന്നു?
- ആയോധനകലയിൽ അസാമാന്യ പാടവമുണ്ടായിരുന്ന മന്ദപ്പന്റെ ജന്മവാസന കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിചിപ്പിക്കുന്നതിനു പകരം പിതാവ് അവനെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സ്നേഹനിധിയായ അമ്മയെപോലും ഉപേക്ഷിച്ചു വിടുവിട്ടിറങ്ങാൻ അതുകാരണമായി. കുടകുമലയിലേക്കുള്ള യാത്രയിൽ കൂട്ടുകാർ പാതിവഴിയിൽ ഉപേക്ഷിച്ചു പോയത് അവനെ വല്ലാതെ വിഷമിപ്പിച്ചു. ഭാര്യയായി വന്ന ചെമ്മരത്തിക്കും മന്ദപ്പനെ മനസിലാക്കാൻ കഴിയാതെ പോയതാണ്‌ അവസാനം ശത്രുക്കളുടെ ഇടയിലേക്ക്‌ പാഞ്ഞടുത്ത്‌ മരണം വരിക്കുന്നതിലേക്കു അവനെ കൊണ്ടെത്തിച്ചത്. അവന്റെ കഴിവിനെ അംഗീകരിക്കേണ്ടവർ  അംഗീകരിച്ചില്ല എന്ന്‌ മാത്രമല്ല അതിനെതിരെ നിലകൊള്ളുകയും ചെയ്തു എന്നതാണ് അവനെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്.

4. പടയ്ക്കു പുറപ്പെടാന്‍ മന്ദപ്പനെ   പ്രേരിപ്പിച്ചതെന്ത്‌?
- കാലം കഴിഞ്ഞതോടെ ചെമ്മരത്തിയ്ക്ക്‌ മന്ദപ്പനോടുള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞു വന്നു. ഒരിക്കൽ ഊണ്‌ കഴിക്കാനിരുന്ന മന്ദപ്പനെ അവൾ കുത്തുവാക്കുകൾ പറഞ്ഞു വേദനിപ്പിച്ചു. ഒരു പണിയും എടുക്കാതെ എത്രനാളിങ്ങനെ തിന്നുമെന്നും കരിവീട്ടികാതൽ പോലുള്ള ഈ തടി എന്തിനാണെന്നുമുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ തന്റെ കഴിവുകൾ ഭാര്യപോലും അംഗീകരിക്കുന്നില്ല എന്ന സത്യം അവൻ മനസ്സിലാക്കി. ആ സമയത്താണ്‌ കുടകപ്പടയുടെ പടവിളി ഉയർന്നത്‌. സ്വന്തം നാടിനെയും നാട്ടുകാരെയും കൃഷിയെയും കുന്നിനെയും കാടിനേയും പുഴയെയും രക്ഷിക്കുക എന്നത്‌ തന്റെ കടമയാണെന്ന്‌ അവൻ മനസ്സിൽ കരുതി. മന്ദപ്പൻ  അമ്പും വില്ലുമായി പടയ്ക്ക്‌ പുറപ്പെട്ടു. അവൻ കുടകപ്പടയെ നേരിട്ടു. ധീരനായ ആ യോദ്ധാവിന്‌ മുന്നിൽ ശത്രുസൈന്യം മഴപ്പാറ്റകളെപ്പോലെ കരിഞ്ഞു വീണു. ചെമ്മരത്തിയുമായി മുഷിഞ്ഞ സമയത്ത്‌ ഉണ്ടായ വിഷാദത്തിൽ നിന്നുള്ള വാശിയും, നാടിനോടുള്ള സ്‌നേഹവുമാണ്‌ പോരിനിറങ്ങാൻ മന്ദപ്പനെ പ്രേരിപ്പിച്ചത്‌. 

5. മന്ദപ്പൻ നല്ലൊരു വില്ലാളിവീരനാണെന്ന്‌ സൂചിപ്പിക്കുന്ന ഏതെല്ലാം സന്ദർഭങ്ങളാണ്‌ കഥയിലുള്ളത്‌?
- മന്ദപ്പൻ അസ്ത്രവിദ്യയിൽ അഗ്രഗണ്യനായിരുന്നു. മാനും നരിയും നിറഞ്ഞ കാട്ടിൽ  കുട്ടുകാരോടൊപ്പവും ഒറ്റക്കും വേട്ടയാടി നടക്കുന്നത് അവനു ഇഷ്ടമായിരുന്നു. മന്ദപ്പൻ കളിച്ചു നടക്കുന്നത് കണ്ടു കോപിഷ്ഠനായ അച്ഛൻ അമ്പും വില്ലും നശിപ്പിച്ചു കളഞ്ഞു.  “ആയുധം പോയതും ആയുസ്സ്‌ പോയതും എനക്ക്‌ ഒരു പോലെയാണ്‌ എന്നായിരുന്നു മന്ദപ്പന്റെ പ്രതികരണം. മന്ദപ്പന്‌ ആയോധനകലയോടുള്ള പ്രതിപത്തി ഇവിടെ വ്യക്തമാകുന്നു. എള്ളാട്ടി വിൽക്കാൻ കുടകങ്ങാടിയിൽ പോയി വരുമ്പോൾ കുടകപട പോരിന്‌വരുന്ന വർത്തമാനം കേട്ട് അവൻ ജാഗരൂകനായി. മന്ദപ്പന്റെ മനസിലെ യോദ്ധാവ് ഉണർന്നു. പടയെ നേരിടാൻ അമ്പും വില്ലും കടയിൽ നിന്നും വാങ്ങിച്ചു. പൊയ്തിനുവന്ന കുടകപ്പടയെ അവൻ അങ്കക്കലിയോടെ നേരിട്ടു. അവന്റെ മെയ്ക്കരുത്തിനു മുന്പിൽ ശത്രുസൈന്യം മഴപ്പാറ്റകളെ പോലെ കരിഞ്ഞു വീണു. മന്ദപ്പനെന്ന ധീരയോദ്ധാവിന്റെ വീര്യം കണ്ടമ്പരന്നു ജീവൻ ബാക്കിയായവർ തിരിഞ്ഞോടി. മന്ദപ്പൻ പട ജയിക്കുകയും ചെയ്തു. ഇതിൽ നിന്നെല്ലാം മന്ദപ്പൻ  നല്ലൊരു വില്ലാളിയാണെന്നു മനസിലാകാൻ കഴിയും.

വിശകലനം ചെയ്യാം
1. അരിയും വിറകും വച്ച്‌ തിരിഞ്ഞോടി മന്ദപ്പൻ. കൂട്ടുകാരുടെ കണ്ണുകൾ നിറഞ്ഞു. അവർ സങ്കടത്തോടെ വിളിച്ചു. അവൻ കേട്ടതായി ഭാവിച്ചില്ല.” മന്ദപ്പൻ്റെയും കൂട്ടുകാരുടെയും സ്വഭാവസവിശേഷതകളെക്കുറിച്ച്‌ എന്തെല്ലാം സൂചനകൾ ഇതിൽ  അടങ്ങിയിരിക്കുന്നു?
- തന്നെ കുട്ടുകാർ പാതിവഴിയിൽ മയക്കികിടത്തി ഉപേക്ഷിച്ചുപോയതിൽ സങ്കടം ഉണ്ടായിരുന്നു എങ്കിലും മന്ദപ്പൻ ഒരിക്കലും അവരോടു ദേഷ്യം  തോന്നിയില്ല. കൂട്ടുകാർക്കു മന്ദപ്പൻ അരിയും വിറകും കൊണ്ടുപോയി കൊടുക്കുന്നു. തന്നെ അവഗണിച്ച കൂട്ടുകാരോട് മന്ദപ്പന്റെ സ്നേഹം നമുക്കു ഇവിടെ കാണാം. തന്നെ വിജനതയിൽ ഒറ്റപെടുത്തിയതിന്റെ സങ്കടം കാരണം കൂട്ടുകാരുടെ പിൻവിളി കേട്ടതായി ഭവിക്കാതെ അവൻ തിരിഞ്ഞോടി. മന്ദപ്പന്റെ ഈ പ്രവർത്തി കണ്ടു കൂട്ടുകാരുടെ കണ്ണ് നിറഞ്ഞു. മന്ദപ്പന്റെ മനോവേദന അവരിൽ കുറ്റബോധം ഉണർത്തി. എന്നാൽ കുട്ടുകാർ മന്ദപ്പനെ ഒറ്റപ്പെടുത്തിയത് സദുദ്ദേശത്തോടെയായിരുന്നു. ഒറ്റപെട്ടുപോയാലെങ്കിലും അവൻ തിരിച്ചു വീട്ടിലേക്കു പോകും എന്ന് അവർ കരുതി. ഇത്തരം സന്ദർഭങ്ങളിൽ നിന്നും മന്ദപ്പന്റെയും  കൂട്ടുകാരുടെയും  സ്വഭാവസവിശേഷതകൾ നമുക്ക് മനസിലാക്കാൻ കഴിയുന്നു.

2. “ആയുധം പോയതും ആയുസ്സു  പോയതും എനക്ക്‌ ഒരുപോലെയാണ്‌” -  ഈവാക്യത്തിൽ നിന്ന്‌ മന്ദപ്പനെക്കുറിച്ച്‌ എന്തെല്ലാം ധാരണകളാണ്‌ നിങ്ങൾക്കു ലഭിക്കുന്നത്‌?
- “ആയുധം പോയതും ആയുസ്സ്‌ പോയതും എനക്ക്‌ ഒരു പോലെയാണ്‌". മന്ദപ്പൻ അമ്മയോട്‌ വിളിച്ചു പറഞ്ഞ വാക്കുകളാണിവ. അസ്ത്രവിദ്യയോട്‌ മന്ദപ്പനുള്ള അടങ്ങാത്ത സ്‌നേഹം, നിച്ഛയദാർഢ്യം, തന്റെ കഴിവിനെ അവഗണിക്കുന്നതു കൊണ്ടുണ്ടായ വാശി തുടങ്ങിയവയൊക്കെ ഈ വാക്കുകളിൽ പ്രതിഫലിക്കുന്നു. അവന്റെ അമ്പും വില്ലും നശിപ്പിച്ചു വലിച്ചെറിഞ്ഞ പിതാവിനോടുള്ള പ്രതിഷേധമാണീ വാക്കുകൾ. ആയുധം നഷ്ടപ്പെട്ടത്‌ ആയുസ്സ്‌ നഷ്ടപ്പെട്ടതിന്‌ തുല്യമായാണ്‌ ആ ധീരയോദ്ധാവ്‌ കാണുന്നത്‌. 

3. ആ കാലഘട്ടത്തിലെ സാമൂഹിക വ്യവസ്ഥയെക്കുറിച്ച് എന്തെല്ലാം സൂചനകളാണ് ഈ കഥ നൽകുന്നത്? 
- കുംടുംബമഹിമയ്ക്കും, കുലത്തൊഴിലിനുമെല്ലാം വളരെയധികം പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലായിരുന്നു മന്ദപ്പൻ ജീവിച്ചിരുന്നത്. കുട്ടികളെല്ലാം പത്തു പന്ത്രണ്ടു വയസു വരെ കളരിയും മറ്റും അഭ്യസിച്ചിരുന്നു. അതിനു ശേഷം എല്ലാവരും കുലത്തൊഴിൽ തന്നെയാണ് കൂടുതലും ചെയ്തിരുന്നത്. യാത്രാ സൗകര്യങ്ങളോ മറ്റോ ഇല്ലാതിരുന്ന അക്കാലത്തു കാട്ടുപാതകളിലൂടെയുള്ള കാൽനടയാത്രതന്നെയായിരുന്നു ദൂരദേശങ്ങളിലേക്കുള്ള സാധാരണക്കാരുടെ സഞ്ചാരമാർഗം. പ്രാദേശികമായ ഭാഷാപ്രയോഗങ്ങൾ ഓരോ നാട്ടുരാജ്യത്തും നിലനിന്നു പോന്നിരുന്നു. നാട്ടുരാജാക്കന്മാർ തമ്മിലുള്ള കുടിപ്പകകളും, പോരുകളും അക്കാലത്തു സ്ഥിരമായിരുന്നു എന്നും നമുക്ക് മനസ്സിലാക്കാം.

4. അച്ഛന്റെ കോപവും അമ്മയുടെ വാത്സല്യവും മന്ദപ്പന്റെ മനസ്സിൽ എന്തെല്ലാം വിചാരങ്ങളും വികാരങ്ങളും ഉണർത്തിയിട്ടുണ്ടാവും? എഴുതിനോക്കൂ. 
- മന്ദപ്പൻ അമ്പെയ്ത്ത്തിനെ ജീവനുതുല്യം സ്നേഹിച്ചിരുന്നു. അത് പോലെത്തന്നെ തന്റെ അമ്മയെയും. അച്ഛൻ തന്റെ കഴിവുകളെ അംഗീകരിക്കുന്നില്ല എന്നതിനുള്ള സങ്കടവും, ദേഷ്യവുമൊക്കെ ഉണ്ടെങ്കിലും അമ്മയോടുള്ള സ്നേഹമായിരിക്കാം അവനെ എല്ലാം സഹിച്ചു ആ വീട്ടിൽ പിടിച്ചു നില്ക്കാൻ പ്രേരിപ്പിച്ചത്. അച്ഛൻ ഭക്ഷണം കൊടുക്കരുത് എന്ന് പറയുമ്പോൾ രഹസ്യമായി ഭക്ഷണം കൊടുത്തും, വഴക്കുപറയുമ്പോൾ തടസ്സം നിന്നുമൊക്കെ അമ്മ അവനെ കഴിയുന്ന പോലെ സഹായിച്ചിരുന്നു. വീട് വിട്ടു ഇറങ്ങിയ ശേഷം അമ്മയെ വിഷമിപ്പിക്കേണ്ടി വന്നതിൽ മന്ദപ്പന് വിഷമം തോന്നിയിരിക്കും. അമ്മയോട് ഒരു വാക്കുപോലും പറയാതെ പോരേണ്ടി വന്നതിൽ കുറ്റബോധം തോന്നിയിരിക്കാം. ഒരു പക്ഷെ അച്ഛനെക്കുറിച്ചോർത്തും അവൻ സങ്കടപ്പെട്ടു കാണാം. അമ്മയെ വിട്ടുപിരിയേണ്ടിവന്ന മന്ദപ്പന് പിന്നീട് അമ്മയുടെ നേഹവും അച്ഛന്റെ കരുതലും നൽകിയത് അമ്മായിയും അമ്മാവനും ആയിരുന്നു.

5. മന്ദപ്പൻ വെട്ടേറ്റു വീണെന്നറിഞ്ഞപ്പോൾ ചെമ്മരത്തിയുടെ മനസ്സിൽ ഉണ്ടായ വികാരങ്ങൾ എന്തെല്ലാമായിരിക്കും? 
• മന്ദപ്പനെ വിഷമിപ്പിക്കേണ്ടി വന്നതിലുള്ള കുറ്റബോധം. 
• മരണവാർത്ത അറിഞ്ഞതിലുള്ള നടുക്കം. 
• മരണത്തിലുള്ള അഗാധമായ ദുഃഖം. 
• മന്ദപ്പനോടുള്ള അതിരറ്റ സ്നേഹം. 
• മന്ദപ്പന്റെ ധീരതയെക്കുറിച്ചോർത്തുള്ള അഭിമാനം. 

ഒന്നിച്ചുചേർക്കാം
• “വാത്സല്യം കിനിയുന്ന മുഖം. കാരുണ്യം തുളുമ്പുന്ന കണ്ണുകൾ.'' ഈ വാക്യങ്ങളെ ഒറ്റവാക്യമാക്കുക. രണ്ടു രീതികളും താരതമ്യം ചെയ്യുക. 
“വാത്സല്യം കിനിയുന്ന മുഖവും, കാരുണ്യം തുളുമ്പുന്ന കണ്ണുകളും” എന്നതാണ് ഒറ്റവാക്യം. രണ്ടു രീതിയിലും അർത്ഥവ്യത്യാസം വരാതെ ഈ വാക്യങ്ങൾ എഴുതാം. എന്നാൽ ഒറ്റവാക്യമായി പറയുന്നതിനേക്കാൾ കൂടുതൽ തെളിച്ചം കിട്ടുക ചെറുവാക്യങ്ങളാക്കുമ്പോഴാണ്. മുഖവും കണ്ണും പ്രത്യേകമായി ശ്രദ്ധിക്കുന്നതായി അതിലൂടെ അനുഭവപ്പെടും.

വാക്കിന്റെ തിളക്കം 
• “കൊന്ന പൂത്തപോലെ ഒരു പെണ്ണ് '' എന്ന പ്രയോഗത്തിന്റെ സവിശേഷത കണ്ടെത്തുക. ഇത്തരം പ്രയോഗങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തൂ. വടക്കൻപാട്ടിലെ ഒരു പ്രയോഗമാണ് “കുന്നത്തെ കൊന്നയും പൂത്ത പോലെ'' എന്നത്. സ്വർണ്ണ വർണ്ണത്തോടെ ശോഭിക്കുന്നതാണ് കൊന്ന. കൊന്ന പൂത്തപോലെ എന്ന് പറയുമ്പോൾ ഏവരെയും ആകർഷിക്കുന്ന സൗന്ദര്യത്തിന്റെ ശോഭയാണ് മനസ്സിൽ തെളിയുക. ചെമ്മരത്തിയുടെ സൗന്ദര്യത്തെ വർണ്ണിക്കാനാണ് ഇവിടെ ഇങ്ങനെ പ്രയോഗിച്ചിരിക്കുന്നത്.
കൂടുതൽ പ്രയോഗങ്ങൾ: 
• ഈറ്റപ്പുലിയെപ്പോലെ ചാടിവീണു 
• ശ്വാസം കൊടുങ്കാറ്റായി 
• മനസ്സിൽ ഒരു മിന്നൽ പാഞ്ഞു 
• ഉടൽ ഇടിമിന്നലായി 
• കരിവീട്ടിക്കാതൽ പോലുള്ള തടി 
• വിയർപ്പ് കടലായി 
• കണ്ണുകൾ തീജ്ജ്വാലയായി 
• മനസ്സിലെ സൂര്യൻ മങ്ങി

പറയാതെ പറഞ്ഞത്
 “ദൂരെ കുടകുമലക്കാട്ടിലെ പൂമരങ്ങൾ പലവട്ടം പൂത്തു, തളിർത്തു. മാനം പലവട്ടം കരഞ്ഞു, ചിരിച്ചു.” എന്തു പറയാനാണ് ഐതിഹ്യകഥയിൽ ഈ വാക്യങ്ങൾ ഉപയോഗിച്ചത്? - രചനകളിലെ ഇത്തരം പ്രത്യേകതകളെക്കുറിച്ച് ചർച്ചചെയ്യു. 
- കാലം ഒരുപാട് കടന്നു പോയി എന്ന് സൂചിപ്പിക്കാനാണ് ഐതിഹ്യകഥയിൽ ഈ വാക്യങ്ങൾ ഉപയോഗിച്ചത്. കഥയിലെ ചില സന്ദർഭങ്ങൾ, രംഗങ്ങൾ, കാലം എന്നിവ മാറുന്നത് നേരിട്ടവതരിപ്പിക്കാതെ ചില സൂചനകളിലൂടെ പറഞ്ഞു പോവുക എന്നത് ഒരു കഥാഖ്യാന രീതിയാണ്. ഇങ്ങനെ അവതരിപ്പിക്കുന്നതിലൂടെ അമിതമായ വിവരണം ഒഴിവാക്കാനും, കഥയുടെ പശ്ചാത്തലത്തെ സൂചിപ്പിക്കാനും സാധിച്ചിട്ടുണ്ട്. വിവിധ ഋതുക്കൾ മാറി മാറി വരുമ്പോൾ കഥയുടെ പശ്ചാത്തലമായ കുടകുമലയ്ക്കും , മന്ദപ്പന്റെയും, ചെമ്മരത്തിയുടെയും ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടായി എന്ന് ഈ പ്രയോഗങ്ങൾ സൂചിപ്പിക്കുന്നു. ഒരേ സൂചനയിൽ കഥയുടെ വിവിധ തലങ്ങളെ ഉൾക്കൊള്ളിക്കുന്ന രീതിയാണിത്.

താളത്തിൽ വായിക്കാം 
• “നാടിനെയും നാട്ടാരെയും കാക്കണം. കന്നും കൃഷിയും കാക്കണം. കുന്നും കാടും കാക്കണം. പുഴയും വഴിയും കാക്കണം.” ഈ ഭാഗം താളത്തിൽ വായിക്കും. 
ഇങ്ങനെ താളത്തിൽ വായിക്കാവുന്ന മറ്റു ഭാഗങ്ങൾ പാഠത്തിൽനിന്ന് കണ്ടെത്തി വായിക്കൂ.
• കതുവനൂർ വീരൻ. മാങ്ങാട്ട് മണിഗ്രാമത്തിന്റെ മനസ്സിലെ മായാത്ത ഓർമ്മ ധീരയോദ്ധാവ്.
• അവന്റെ കണ്ണുകൾ തീജ്ജ്വാലയായി. അവന്റെ ശ്വാസം കൊടുങ്കാറ്റായി. ഉടൽ ഇടിമിന്നലായി. വിയർപ്പ് കടലായി. കൈകൾ മെയ്ക്കരുത്തിന് പരിചയായി. മെയ്ക്കരുത്ത് കൈകൾക്ക് തുണയായി.
• ഇതെന്തൊരു ധീരൻ! ഇതെന്തൊരു യോദ്ധാവ്! ഇതെന്തൊരു പൊയ്ത്

കലയും കഥയും 
• മന്ദപ്പൻ, കതുവനൂർ വീരൻ തെയ്യമായി പരിണമിച്ചതെങ്ങനെ? ഈ തെയ്യത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കുക. 
- കണ്ണൂർ ജില്ലയിലെ മങ്ങാട്ട് നിവാസി മന്ദപ്പൻ എന്ന ആളാണ് പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യ മൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതുവനൂർ വീരൻ എന്ന തെയ്യം. കണ്ണൂരിനും തളിപ്പറമ്പിനും ഇടയിലുള്ള മാങ്ങാട്ട് മേത്തളിയില്ലത്ത് കുമരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടേയും മകനായി ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച മകനാണ് മന്ദപ്പൻ. കുട്ടിയായ മന്ദപ്പൻ വീരനും യോദ്ധാവുമായിരുന്നു. പണിയും തൊരവും ഇല്ലാതെ നടക്കുന്ന അവന് ചോറും പാലും കൊടുക്കരുതെന്ന് കുമരച്ചൻ വീട്ടുകാരെ വിലക്കി. അമ്മ രഹസ്യമായി ചോറ് കൊടുക്കുന്നത് കണ്ട് അച്ഛൻ ദേഷ്യം വന്ന് അവന്റെ വില്ല് ചവിട്ടി ഒടിച്ചു. അങ്ങനെ മന്ദപ്പൻ വീടു വിട്ടിറങ്ങി. കുടകിലെ മലയിലേക്ക് പോകുന്ന ചങ്ങാതികളോടൊപ്പം മന്ദപ്പനും പോകാനൊരുങ്ങി. അവർ അവനെ വഴിയിൽ മയക്കിക്കിടത്തി സ്ഥലം വിട്ടു. ഉണർന്ന് ഒറ്റക്കു ദിക്കറിയാതെ അലഞ്ഞ മന്ദപ്പൻ കതിവനൂരിലുള്ള അമ്മാവന്റെ വീട്ടിലെത്തിച്ചേർന്നു. അവൻ അവിടെ താമസിച്ചു. അതിനിടയിൽ അവൻ വേളാർകോട്ട് ചെമ്മരത്തിയെ വിവാഹം കഴിക്കുകയും ചെയ്തു. ഒരിക്കൽ ചെമ്മരത്തിയുമായി വഴക്കിട്ട് നിൽക്കുന്നതിനിടയ്ക്കാണ് കുടകുപട ആക്രമിക്കാൻ വരുന്നത്. അവരുമായി ഏറ്റുമുട്ടിയ മന്ദപ്പൻ വിജയിക്കുന്നു. എന്നാൽ തനിയ്ക്ക് ഭാര്യയിൽ നിന്ന് നേരിടേണ്ടി വന്ന അപമാനത്തിൽ ദുഖിതനായ മന്ദപ്പൻ ശത്രുക്കളുടെ ഇടയിലേക്ക് കയറി ചെന്ന് മൃത്യു വരിക്കുന്നു. മരണവാർത്തയറിഞ്ഞത്തിയ അമ്മാവനും അമ്മായിയും അവരുടെ മകൻ അണ്ണുക്കനും മന്ദപ്പനായി ചിതയൊരുക്കി. ചിതയ്ക് തീ കൊളുത്തിയപ്പോൾ ചെമ്മരത്തി ചിതയിൽ ചാടി ജീവനൊടുക്കുകയും ചെയ്തു. ശവസംസ്കാരം കഴിഞ്ഞു മടങ്ങവെ മന്ദപ്പനേയും ചെമ്മരത്തിയേയും അണുക്കൻ കണ്ടു. കതിവനൂർ എത്തിയപ്പോഴും മായക്കാഴ്ചകൾ കണ്ടു. വെളിപാടുണ്ടായി അണ്ണൂക്കൻ ഉറഞ്ഞു തുള്ളി. അമ്മാവന്റെ സാന്നിദ്ധ്യത്തിൽ മന്ദപ്പന്റെ കോലം കെട്ടിയാടിച്ചു. അമ്മാവൻ അരിയിട്ട് കതുവനൂർ വീരൻ എന്ന് പേരിട്ടു.

• നിങ്ങളുടെ നാട്ടിലുള്ള നാടൻ കലാരൂപങ്ങൾ ഏതെല്ലാമാണ്? അവയുടെ പിന്നിലുള്ള ഐതിഹ്യം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തു.
• കലാകാരന്മാരുമായി അഭിമുഖം 
• പുസ്തകവായന
കുമ്മാട്ടിക്കളി
കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി. മകരം, കുംഭ മാസങ്ങളിൽ കാർഷികോത്സവത്തിന്റെ ഭാ​ഗമായും, ഓണക്കാലത്തെ നാടൻ വിനോദങ്ങളിലൊന്നായും കുമ്മാട്ടിക്കളി അവതരിപ്പിച്ചു പോരുന്നു. കുമ്മാട്ടിപ്പുല്ലോ, വാഴയിലയോ കൊണ്ട് ദേഹമാകെ മൂടി, വലിയ മുഖംമൂടികൾ വെച്ചാണ് നർത്തകർ ഒരുങ്ങുക. കമുകിൻപാളയിലോ മുരിക്കിലോ ആണ് മുഖംമൂടികൾ ഉണ്ടാക്കുക. ഈ മുഖം കൊണ്ടാണ് വേഷങ്ങളെ തിരിച്ചറിയുന്നത്. ശ്രീക‍ൃഷ്ണൻ, മഹാബലി, നാരദൻ, ഹനുമാൻ, ശിവഭൂത​ഗണങ്ങളായ കുംഭൻ, കുഭോദരൻ, തളള എന്നിങ്ങനെ നീളുന്നു വേഷങ്ങൾ. ഓണവില്ലിനൊപ്പമാണ് പാട്ട്. പുരാണ കഥാസന്ദർഭങ്ങളായിരിക്കും പാട്ടിലെ വിഷയങ്ങൾ. ഓരോ ചെറുസംഘങ്ങളായി ആട്ടവും പാട്ടുമായാണ് കുമ്മാട്ടികൾ വീടുതോറും കയറിയിറങ്ങുന്നത്. കുമ്മാട്ടിക്കളിയ്ക്ക് നിയതമായ നൃത്തച്ചുവടുകളൊന്നും ഇല്ലാത്തതിനാൽ കാണികളും ചിലപ്പോൾ സംഘത്തിനൊപ്പം നൃത്തം ചെയ്യാൻ കൂടാറുണ്ട്.

കതുവനൂർ വീരൻ എന്ന പാഠത്തിലെ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 
1. മന്ദപ്പൻ വീരചരമം പ്രാപിക്കാനിടയായ സന്ദർഭം എന്തായിരുന്നു?
- കുടകുപടയെ ധീരമായി  നേരിട്ട മന്ദപ്പൻ വിജയശ്രീലാളിതനായി, ഉദിച്ചുയർന്ന സൂര്യനെപ്പോലെ നിന്നു. അപ്പോഴാണ് എവിടെയോ ഒരു വേദനയനുഭവപ്പെട്ടത്. ഇടതുകൈയിലെ മോതിരവിരൽ യുദ്ധത്തിനിടയിൽ അറ്റുപോയിരിക്കുന്നു. ആ വിരലിൽ മോതിരമണിയിച്ച ചെമ്മരത്തിയെയും അവളുടെ വാക്കുകളും ഓർത്തപ്പോൾ മന്ദപ്പന് മനസ്സിൽ വേദനയും അപമാനവുമാണ് തോന്നിയത്.  ചെമ്മരത്തിയുടെ അരികിലേക്ക് പോകുന്നതിനേക്കാൾ ശത്രുവിന്റെ വാളേറ്റു മരിക്കുന്നതാണ് നല്ലതെന്നു വിചാരിച്ച് മന്ദപ്പൻ ശത്രുസൈന്യത്തിനു നടുവിലേക്ക് കൊടുങ്കാറ്റുപോലെ പാഞ്ഞടുത്തു.  ശത്രുസൈന്യം മന്ദപ്പനെ തുണ്ടംതുണ്ടമാക്കി വെട്ടിനുറുക്കി. അങ്ങനെ  മന്ദപ്പൻ വീരസ്വർഗം പ്രാപിച്ചു.

2. 'ഉത്തരകേരളത്തിലെ കാവുകളിൽ നടത്തപ്പെടുന്ന ഒരു അനുഷ്ഠാനകലയാണ് തെയ്യം. നമ്മുടെ നാടൻ കലകളിൽ പ്രഥമഗണനീയമായ  സ്ഥാനമാണ് തെയ്യത്തിന്. വിളവെടുപ്പിനും വിളവിറക്കിനുമിടയിൽ നടത്തുന്ന തെയ്യം കാർഷിക സംസ്‌കാരത്തോട് ചേർന്നുനില്‍ക്കുന്നു.''
'കതുവനൂർ വീരൻ' എന്ന പാഠഭാഗത്തിൽ മന്ദപ്പൻ തെയ്യമായി മാറിയ കഥ വായിച്ചിട്ടുണ്ടാവുമല്ലോ. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  നടത്തുന്ന 'നാടൻ കലാമേള'യുടെ ഉദ്ഘാടകനായ തെയ്യം കലാകാരനുമായി അഭിമുഖം നടത്താനാവശ്യമായ ചോദ്യങ്ങൾ തയാറാക്കുക. 
 ഒരു തെയ്യം കലാകാരനാകാൻ താങ്കളെ പ്രചോദിപ്പിച്ചത് എന്താണ്?
 തെയ്യം അവതരിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ എന്തെല്ലാമാണ്?
 വീരന്മാരും പുണ്യാത്മാക്കളും ദൈവപരിവേഷമാർന്നതാണല്ലോ തെയ്യം. ഇന്നും ഇത്തരം 'തെയ്യ'ങ്ങൾ പുതിയതായി ഉദ്ഭവിക്കുന്നുണ്ടോ?
 തെയ്യംപോലുള്ള നാടൻ കലകൾക്ക് ഇന്നത്തെ സമൂഹത്തിൽ എത്രമാത്രം പ്രസക്തിയുണ്ട്?
 ഇത്തരം കലകളെ പുനരുജ്ജീവിപ്പിക്കാൻ എന്താണ് നാം ചെയ്യേണ്ടത്?

3. മന്ദപ്പൻ എന്ന കഥാപാത്രത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. 
- മങ്ങാട്ട് മന്ദപ്പൻ എന്ന വീര യോദ്ധാവിനെയാണ് കരുവനൂർ തെയ്യമായി ആരാധിക്കുന്നത്. ഏറെകാലത്തെ പ്രാർത്ഥനയുടെയും നോയ്മ്പുകളുടെയും ഫലമായാണ് കുമരപ്പനും ചക്കിയമ്മയ്ക്കും മന്ദപ്പൻ ജനിക്കുന്നത്. അസ്ത്രവിദ്യയിൽ അഗ്രഗണ്യനായിരുന്നു മന്ദപ്പൻ എന്നാൽ അവന്റെ കഴിവുകളെ അംഗീകരിക്കാൻ അച്ഛൻ തയ്യാറായില്ല. അച്ഛൻ അവന്റെ അമ്പും വില്ലും നശിപ്പിച്ചു കളഞ്ഞു . ഇതിൽ മനംനൊന്ത് മാതാപിതാക്കളെ ഉപേക്ഷിച്ച് അവൻ വീടുവിട്ടിറങ്ങി. തന്റെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കാത്തത് അവന് വലിയ വിഷാദമുണ്ടാക്കി. അമ്മാവന്റെയും അമ്മായിയുടെയും സ്നേഹം അവന് വേണ്ടുവോളം ലഭിച്ചുവെങ്കിലും ഭാര്യയായ ചെമ്മരത്തിക്കും അവന്റെ ഉള്ള് അറിയാൻ കഴിഞ്ഞില്ല. അമ്മായി ചെമ്മരത്തിയോട് പറയുന്നതിൽ നിന്ന് ക്ഷിപ്രകോപിയും വിശപ്പും ദാഹവും വന്നാൽ അരിശം കൊള്ളുന്നവനാണ് മന്ദപ്പൻ എന്ന് മനസിലാക്കാം. ദൃഢനിച്ഛയം, ആയോധനകലയോടുള്ള പ്രതിപത്തി, തന്റെ കഴിവിനെ അവഗണിക്കുന്നതിലുള്ള വാശി, ചെമ്മരത്തിയോടുള്ള സ്നേഹം എല്ലാം മന്ദപ്പന്റെ സ്വഭാവത്തിൽ പ്രതിഫലിക്കുന്നതായി കാണാം.

കതുവനൂ‍ർ വീരൻ - കൂടുതൽ വിവരങ്ങൾ 
കുട്ടിയായ മന്ദപ്പൻ വീരനും യോദ്ധാവുമായിരുന്നു. അവൻ പണിയും തൊരവും (വേലയും കൂലിയും എന്നതിനു സമാനമായ ഒരു ശൈലി) ഇല്ലാതെ നടക്കുന്നതിനെക്കുറിച്ച് വീട്ടുകാർ പരാതിപ്പെട്ടപ്പോൾ ലഭിച്ച മറുപടി 'പണിയെടുക്കുവാൻ പണിപണ്ടാട്ടി പെറ്റില്ലെന്ന തൊരമെടുക്കുവാൻ തുരക്കാരന്റെ മകനുമല്ലാ' എന്നാണ്. പണി എടുക്കാത്ത മകന് ചോറും പാലും കൊടുക്കരുതെന്ന് കുമരച്ചൻ വീട്ടുകാരെ വിലക്കിയെങ്കിലും പുത്ര സ്നേഹത്താൽ അമ്മ ചക്കി രഹസ്യമായി ചോറ് കൊടുക്കുന്നത് കണ്ട് അച്ചന് ദേഷ്യം വരുകയും അദ്ദേഹം മകൻ മന്ദപ്പന്റെ വില്ല് ചവിട്ടി ഒടിക്കുകയും ചെയ്യുന്നു.
ഇതിൽ ക്ഷുപിതനും ദുഃഖിതനുമായ മന്ദപ്പൻ അങ്ങനെ വീടു വിട്ടിറങ്ങുന്നു. കുടകിലെ മലയിലേക്ക് കച്ചവടത്തിനു പോകുന്ന ചങ്ങാതികളോടൊപ്പം മന്ദപ്പനും കൂട്ട് ചേരുന്നു. അവർ അവനെ മദ്യം കൊടുത്തു മാങ്ങാട് നെടിയ കാഞ്ഞിരക്കീഴിൽ മയക്കിക്കിടത്തി കൂടെ കൂട്ടാതെ സ്ഥലം വിട്ടു പോകുന്നു. മദ്യത്തിൻ്റെ ലഹരിയിൽ നിന്ന് ഉണർന്ന് ഒറ്റക്കു ദിക്കറിയാതെ അലഞ്ഞ മന്ദപ്പൻ ഏറെ നെരം തനിച്ച് നടന്ന് അവസാനം ചങ്ങാതിമാരെ കണ്ടെത്തി. അവർ കതിവന്നൂരിലുള്ള അമ്മാവന്റെ വീട്ടിലെത്തിച്ചേരുന്നു. മന്ദപ്പൻ അവിടെ താമസമാരംഭിക്കുന്നു. അമ്മാവന്റെ സ്വത്തിന്റെ പാതി കാലക്രമത്തിൽ മന്ദപ്പന് കിട്ടുന്നു. അമ്മായിയുടെ ഉപദേശപ്രകാരം അവൻ എണ്ണക്കച്ചവടം തുടങ്ങുകയും അതിനിടയിൽ വേളാർകോട്ട് ചെമ്മരത്തി എന്ന കാവുതിയ്യ സ്ത്രീയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. 
ഭാര്യാഗൃഹത്തിൽ താമസം തുടങ്ങിയ ശേഷം പലപ്പോഴും വൈകിയെത്താറുള്ള മന്ദപ്പനുമായി, ചെമ്മരത്തി പിണങ്ങുക പതിവായി വരുന്നു. എണ്ണക്കച്ചവടമായിരുന്നു അക്കാലത്ത് മന്ദപ്പന്റെ തൊഴിൽ. ചെമ്മരത്തിയുടെ നിർദ്ദേശാനുസരണം വാനവർ നാട്ടിലും, ദാനവർ നാട്ടിലും, വീരരാജൻ പേട്ടയിലും (വിരാജ് പേട്ട) ചെന്ന് എണ്ണ വ്യാപാരം നടത്തി വരുന്നതായിരുന്നു പതിവ്. ഒരു ദിവസം വരാൻ വൈകിയ മന്ദപ്പനിൽ ചെമ്മരത്തി സംശയാലുവായി, അവൾ കപ്പാല തുറക്കുകയോ നായയെ തടുക്കുകയോ ചെയ്തില്ല. പാലും ചോറും ചോദിച്ച മന്ദപ്പനോട് അവയ്ക്കുപകരമായി യഥാക്രമം രുധിരം വെട്ടി കുടിക്കാനും, തലച്ചോറ് കഴിക്കാനും കോപത്തോടെ ചെമ്മരത്തി പറയുന്നു.
ഭക്ഷണം കഴിക്കവേ ഒന്നാമത്തെ ചോറുരുള എടുത്തപ്പോൾ കിട്ടിയത് കല്ലും, നെല്ലും, തലമുടിയുമെല്ലാമായിരുന്നു. രണ്ടാമത്തെ ചോറുരുള നെടുകെ പിളർന്നപ്പോൾ കേൾക്കുന്നത് പടവിളിയാണ്. ആയുധങ്ങൾ തൊഴുതെടുത്ത് പടയ്ക്കു പുറപ്പെട്ട മന്ദപ്പന് വീണ്ടും ദുശ്ശകുനങ്ങൾ കാണേണ്ടി വരുന്നു. ചെമ്മരത്തിയുടെ ശാപവാക്കുകൾ സത്യമാവട്ടെയെന്നും പറഞ്ഞ് മന്ദപ്പൻ പടയ്ക്കിറങ്ങുന്നു. പടയിൽ മന്ദപ്പൻ വിജയിയായി എങ്കിലും തിരികെ വീട്ടിലേക്കുള്ള വഴിമധ്യേ തന്റെ പീഠമോതിരവും ചെറുവിരലും പോരിനിടയിൽ നഷ്ടപ്പെട്ട കാര്യം മനസ്സിലാക്കുകയും അത് വീണ്ടെടുക്കാൻ തിരികെ പോവുകയും ചെയ്യുന്നു. പരാജയത്താൽ കലിതുള്ളിയിരുന്ന കുടകിലെ പോരാളികൾ തിരികെയെത്തിയ മന്ദപ്പനെ ചതിയിലൂടെ വെട്ടിനുറുക്കുകയും കൊല്ലുകയും ചെയ്യുന്നു. മന്ദപ്പനെ കാത്തിരുന്ന ചെമ്മരത്തി കദളിവാഴകൈയിൽ പീഠമോതിരവും ചെറുവിരലും വന്നു വീണതാണ് കണ്ടത്. തന്റെ പതിക്കു നേരിട്ട ദുര്യോഗത്തിൽ വലഞ്ഞ ചെമ്മരത്തി മന്ദപ്പന്റെ ചിതയിൽ ചാടി ജീവനൊടുക്കുകയും ചെയ്യുന്നു. 
അമ്മാവനും മകൻ അണ്ണൂക്കനും ഇരുവരുടേയും ശവസംസ്കാരം കഴിഞ്ഞു മടങ്ങവെ ദൈവക്കരുവായി മാറിയ മന്ദപ്പനേയും ചെമ്മരത്തിയേയും കണ്ണാലെ കാണുകയും, അണ്ണൂക്കൻ വെളിപാടുണ്ടായി ഉറഞ്ഞു തുള്ളുകയും ചെയ്യുന്നു. അമ്മാവന്റെ സാന്നിദ്ധ്യത്തിൽ ആദ്യമായി മന്ദപ്പന്റെ കോലം കെട്ടിയാടിക്കുന്നു അദ്ദേഹം അരിയിട്ട് കതിവനൂർ വീരൻ എന്ന് കെട്ടിയാടിയ തെയ്യത്തിന് പേരിടുന്നു. 
ചടുലമായ പദചലനവും മെയ്‌ വഴക്കവുമാണ് കതിവനൂർ വീരന്റെ ഏറ്റവും വലിയ പ്രത്യേകത. രാത്രിയിലോ, പുലർച്ചയിലോ ആണ് സാധാരണ ഈ തെയ്യമൂർത്തി അരങ്ങിൽ എത്തുന്നത്. കതിവനൂർ വീരൻ അരങ്ങേറുന്ന, വാഴയും വിവിധ-വർണ ചായങ്ങളും പന്തങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന കളം ചെമ്മരത്തിതറ എന്നാണ് അറിയപ്പെടുന്നത്. ഈ തറ ചെമ്മരത്തിയാണ് എന്നാണത്രേ സങ്കൽപം. അതിലെ അറുപത്തിനാല് കളങ്ങൾ കുടകരുടെ ചതിയിൽ കതിവനൂർ വീരൻ അറുപത്തി നാല് കഷ്ണങ്ങളായതിന്റെ സ്മരണയാണ്‌. നാകം താഴ്‌ത്തി എഴുത്ത് എന്നാണ് കതിവനൂർ വീരൻ തെയ്യത്തിന്റെ മുഖത്തെഴുത്തിന്റെ പേര്. വലിയ താടിയും കട്ടിയുള്ള മീശയും ഉണ്ടാകും. തിടങ്ങൽ തോറ്റം, വലിയ തോറ്റം, തെയ്യം എന്നിങ്ങനെ അവതരണത്തിന് മൂന്നു ഘട്ടങ്ങളുണ്ട്. വടക്കൻ കേരളത്തിലെ കന്യകമാർ ആരോഗ്യവാനായ ഭർത്താവിനെ ലഭിക്കുവാൻ കതിവനൂർ വീരനെ ആരാധിക്കുന്നതായുള്ള ഐതീഹ്യവും നിലനിന്ന് പോകുന്നു. 

To Top