കഥകൾ പോലെ തന്നെ സുന്ദരമാണ് ചില അനുഭവക്കുറിപ്പുകൾ .താൻ മരിച്ചു പോകുന്നതിനു മുമ്പ് പേരക്കുട്ടികളുടെ ജീവിതം പ്രകാശിപ്പിക്കാൻ ശ്രമിക്കുന്ന പാവപ്പെട്ട ഒരു വൃദ്ധയുടെ സഹനത്തിന്റെ നേർക്കാഴ്ചയാണ് പി സുരേന്ദ്രന്റെ ' അമ്മമ്മ 'കാണിച്ചുതരുന്നത് .അമ്മമ്മയുടെ പെരുകുന്ന സങ്കടങ്ങളുടെ പശ്ചാത്തലം, കുടുംബ ബന്ധങ്ങളുടെ കണ്ണി അറ്റു പോകാതിരിക്കാൻ അമ്മ ഒറ്റയ്ക്ക് താണ്ടുന്ന കനൽവഴികൾ ഇവയൊക്കെയും ഇവിടെ പരാമർശിക്കുന്നു .കുട്ടികൾക്ക് വേണ്ടി തന്റെ ജീവിതം അമ്മമ്മ മാറ്റി വയ്ക്കുന്നു .മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതം കൂടുതൽ സുന്ദരമാകുന്നത്.
മൂന്ന് പേരക്കുട്ടികളേയും അമ്മമ്മ ഹോസ്റ്റലിലാക്കി .ഇനി അമ്മമ്മ ആ വീട്ടിൽ ഒറ്റയ്ക്കാണ് .അമ്മയില്ലാത്ത മൂന്നു മക്കളെയാണ് അമ്മമ്മ വളർത്തുന്നത് . മൂത്തകുട്ടിയെ ഹോസ്റ്റലിലാക്കി തിരിച്ചു പോകും നേരം അമ്മമ്മ കുറേ കരഞ്ഞു. പിന്നീടാണ് അത്രയേറെ കരഞ്ഞത് എന്തിനാണെന്ന് കഥാകൃത്തിന് മനസ്സിലായത്. അമ്മമ്മ വിധവയാണ് .മൂന്ന് പേരക്കുട്ടികളേയും അമ്മമ്മ തന്നെ പോറ്റി വളർത്തണം. അമ്മമ്മയുടെ മകൾ ഭർത്താവിനാൽ കൊല്ലപ്പെട്ടതാണ്. മകളുടെ ഭർത്താവ് ഒരു മദ്യപാനി ആയിരുന്നു .അമ്മമ്മ തന്നെ ജോലി ചെയ്താണ് മകളുടെ കുടുംബത്തെ പുലർത്തിയിരുന്നത് .മകളുടെ മരണശേഷം മരുമകനും എങ്ങോട്ടോ പോയ്ക്കളഞ്ഞു .പിന്നീടങ്ങോട്ട് അവർ കുടിച്ച കഞ്ഞിയിൽ അമ്മമ്മയുടെ കണ്ണീരാകുന്ന ഉപ്പ് ' എത്രമേൽ പതിഞ്ഞിട്ടുണ്ട് എന്ന് അമ്മമ്മയ്ക്ക് അറിയില്ല. ഹോസ്റ്റലിൽ വന്നു മടങ്ങുമ്പോൾ അവരുടെ കീറിയ പേഴ്സ് പുറത്തെടുത്ത് ചില്ലറ കൊടുക്കുമായിരുന്നു.പിന്നീട് രണ്ടാമത്തേയും മൂന്നാമത്തേയും പേരക്കുട്ടികളെ ഹോസ്റ്റലിൽ ചേർത്തു .അവരുടെ പേഴ്സ് കൂടുതൽ പിഞ്ഞിക്കീറി .അമ്മമ്മ അവരുടെ വീട്ടിൽ ഒറ്റക്കാണ് .അവരുടെ പഠനത്തെ ചൊല്ലി പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ് ഹോസ്റ്റലിൽ ചേർത്തത്. ഇടയ്ക്ക് അമ്മമ്മ അവരെ കാണാൻ വരും .അമ്മമ്മയുടെ കാതിൽ കമ്മൽ ഇല്ല .സാരിയുടെ നിറം കെട്ടു പോയി .ഒരേയൊരു സാരിയേ അവർക്കുള്ളൂ .അമ്മമ്മയ്ക്ക് ചെരുപ്പില്ല.അവരുടെ പാദങ്ങൾ വിണ്ടുകീറിയിട്ടുണ്ട്.മൂന്ന് കുട്ടികളേയും സ്റ്റാഫ്റൂമിൽ കൊണ്ടുവന്ന് അധ്യാപകരോട് പൊന്നുപോലെ നോക്കണമെന്നും അവരെ രക്ഷിക്കണമെന്നും പറയാറുണ്ട്. അവരെ മൂന്നുപേരെയും അങ്ങാടിയിലേക്ക് കൊണ്ടു പോകും. ചായക്കടയിൽ ചെന്ന് പഴംപൊരിയും പൊറോട്ടയും വാങ്ങിച്ചു കൊടുക്കും .അവരുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ സാധിക്കും. അമ്മമ്മയ്ക്കറിയാം പേരക്കുട്ടികൾ മാതാപിതാക്കളുള്ള കുട്ടികൾക്കിടയിലാണ് ഇരിക്കുന്നത് എന്ന് .അവർക്ക് ഒന്നിനും കുറവുണ്ടാകരുത്.അമ്മമ്മ മടങ്ങിപ്പോകുമ്പോൾ ഇളയവൻ ക്ലാസ് ടീച്ചറുടെ ശാസന വകവെക്കാതെ അമ്മമ്മേയെന്ന് ഉറക്കെ നിലവിളിക്കുന്നതും കഥാകൃത്ത് കേട്ടിട്ടുണ്ട് .
പക്ഷേ പി സുരേന്ദ്രന് മറ്റൊരു കാര്യത്തിൽ ദുഃഖമുണ്ട് .കാരണം കുട്ടികൾ വളരുമ്പോൾ ,അവർ നിറങ്ങളുടെ ലോകം കാണുമ്പോൾ അവരുടെ കാഴ്ചപ്പാടുകൾ മാറും .അവർക്ക് നിറമില്ലാത്ത മങ്ങിയ വേഷം ധരിക്കുന്ന അമ്മയെ ഒരു നാണക്കേടായി തോന്നിയെന്നു വന്നേക്കാം .അപ്പോൾ ഇന്ന് അമ്മമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീരാണ് വരുന്നതെങ്കിൽ നാളെ അമ്മമ്മയുടെ കണ്ണിൽനിന്നും ചോരയായിരിക്കും പൊടിയുക എന്ന് കഥാകൃത്ത് ശങ്കിക്കുന്നു. കാരണം ഇന്നുള്ള സങ്കടങ്ങളെക്കാളും ഹൃദയഭേദകമായിരിക്കും നാളെ ഈ പേരക്കുട്ടികളുടെ സ്നേഹക്കുറവ് അമ്മമ്മയിൽ ഉണ്ടാക്കുന്ന ദു:ഖം.
യൂട്യൂബ് ലിങ്ക്
അമ്മമ്മ-കഥാപാത്രനിരൂപണം
തന്റെ പേരക്കുട്ടികൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച അമ്മമ്മയാണ് ഈ ഓർമ്മക്കുറിപ്പിലെ കേന്ദ്രബിന്ദു .മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതം കൂടുതൽ മനോഹരമാകുന്നത്. അമ്മമ്മയ്ക്ക് മൂന്ന്പേരക്കുട്ടികൾ മാത്രമേയുള്ളൂ. അമ്മമ്മയുടെ ജീവിതലക്ഷ്യം അമ്മയില്ലാത്ത കുട്ടികളെ നല്ല നിലയിൽ എത്തിക്കുകയാണ്. തേവിത്തേവി വറ്റിപ്പോയ കിണറാണ് അമ്മമ്മ.ജീവിതത്തിന്റെ നല്ലൊരു ഭാഗം ഊർജ്ജം ചെലവാക്കിയത് ഈ പേരക്കുട്ടികൾക്ക് വേണ്ടിയാണ്.വിധവയാണ് അമ്മമ്മ.മകളുടെ മരണം ഒരു കൊലപാതകമായിരുന്നു. മരുമകൻ ഒരു മദ്യപാനി ആയിരുന്നു. മകൾ ജീവിച്ചിരുന്നപ്പോഴും അമ്മമ്മ തന്നെയാണ് വീട്ടുജോലികൾ ചെയ്ത് മകളുടെ കുടുംബത്തെ പോറ്റിയിരുന്നത്. ഹോസ്റ്റലിൽ വരുമ്പോൾ അമ്മമ്മ കീറിയ പേഴ്സ് പുറത്തെടുക്കും .അവരുടെ ദാരിദ്ര്യത്തിന്റെ ചിഹ്നമാണ് അത്. പേരക്കുട്ടികളുടെ ജീവിതത്തെ ക്കുറിച്ചുള്ള പ്രതീക്ഷ കൊണ്ടാണ് അവർ ഹോസ്റ്റലിൽ ചേർത്തത്.അമ്മമ്മയുടെ കണ്ണീര് സൂചി ആണെന്ന് കഥാകൃത്തിന് തോന്നി. അതിനർത്ഥം പരിചയപ്പെടുന്നവരുടെ കണ്ണു പോലും നനയിക്കുന്ന ജീവിതം എന്നാണ് .എപ്പോഴും കരഞ്ഞ് ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ് അമ്മമ്മയ്ക്ക്.അമ്മമ്മയ്ക്ക് കമ്മലോ ചെരിപ്പോ ഒന്നും ഉണ്ടായിരുന്നില്ല .നിറം മങ്ങിയ ഒരു സാരിയാണ് അവർ ഉപയോഗിച്ചിരുന്നത്. തന്റെ ഇല്ലായ്മകൾയ്ക്കിടയിലും അമ്മമ്മ കുട്ടികളെ ഇടയ്ക്ക് കാണാൻ വരുമ്പോൾ ചായക്കടയിൽ കൊണ്ടുപോയി പലഹാരങ്ങൾ വാങ്ങിച്ചു കൊടുക്കുമായിരുന്നു.ഇത്രയും കഷ്ടപ്പെട്ട് വളർത്തിയ അമ്മമ്മയെ ഭാവിയിൽ മക്കൾ നോക്കുമോ എന്ന ആശങ്ക കഥാകൃത്തിനുണ്ട്. അങ്ങനെ നോക്കിയില്ലെങ്കിൽ ഇന്നത്തെ കണ്ണുനീരിനു പകരം അമ്മയുടെ കണ്ണിൽ നിന്നും ചോര പൊടിയും എന്ന് ശങ്കിക്കുന്നു.