1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

ആസ്വാദനക്കുറിപ്പ് -മൈക്കലാഞ്ജലോ മാപ്പ് -ഒഎൻവി കുറുപ്പ്

bins

ലോകത്തിലെ ഉന്നത കലാസൃഷ്ടികളിൽ ഒന്നാണ് മൈക്കലാഞ്ജലോയുടെ 'ലാ പിയാത്ത '.ഈ ശില്പത്തിന് നേർക്ക് 1972 മെയ് 21ന് മയക്കുമരുന്നിന്റെ ഉന്മാദം ബാധിച്ച  ഒരു  ചെറുപ്പക്കാരൻ ചുറ്റിക കൊണ്ട് നടത്തിയ ആക്രമണത്തെപ്പറ്റിയുള്ള പത്രവാർത്തയിൽ  നിന്ന് രൂപപ്പെട്ടതാണ് ഒഎൻവി കുറുപ്പിന്റെ മൈക്കലാഞ്ജലോ മാപ്പ് എന്ന കവിത .പിയത്ത നേരിൽ കണ്ട അനുഭവമാണ് വായനക്കാർക്ക് കവിത പകരുന്നത്. ക്രിസ്തുവിന്റെ മരണം ഉണ്ടാക്കിയ ദുഃഖം ഈ കവിതാപാരായണത്തിലൂടെ നാം അനുഭവിക്കുന്നു. ഒരു ചെറിയ ചലനവും ഒരു നോട്ടവും ഒരു കണ്ണീർതുള്ളിയും സ്നേഹസങ്കടങ്ങളുമെല്ലാം ഒരു സർഗരചനയ്ക്ക് പ്രേരകമാകാം എന്ന് നമ്മളെ മനസ്സിലാക്കിത്തരുന്നു ഈ കവിത .ഒരു പത്രവാർത്ത ,അതും ഒരു ശിൽപം തകർക്കപ്പെട്ട സംഭവം.അതിൽ നിന്നാണ് ഈ കവിത രൂപംകൊള്ളുന്നത് .കുരിശു മരണത്തിനു ശേഷം താഴേക്ക് എടുക്കപ്പെട്ട ക്രിസ്തുവിന്റെ മൃതദേഹത്തിൽ വിലപിക്കുന്ന കന്യാമറിയത്തിന്റെ  കലാരൂപത്തിലുള്ള ചിത്രീകരണത്തിന് ഇറ്റാലിയൻ ഭാഷയിൽ നൽകപ്പെട്ട നാമമാണ് പിയത്ത.കരുണ എന്നാണ് ഇതിനർത്ഥം. 

 

കുരിശിൽ നിന്ന് ഇറക്കിയ ക്രിസ്തുവിന്റെ  ജഡം നോക്കി സൂര്യ ശിലയായിത്തീർന്ന അമ്മ തന്റെ മകന്റെ തണുത്താറിയ തിരുശരീരത്തിൻമേൽ തഴുകിയിരിക്കുന്നു .ചുമന്ന രേഖകൾ പടർന്ന ലില്ലിപ്പൂപോലുള്ള ജഡമായിരുന്നു .അവന്റെ കൂമ്പിയ കണ്ണുകൾ അപ്പോഴും പിതാവേ നീ ഇവരോട് പൊറുക്കേണമേ എന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.മകനെ നഷ്ടപ്പെട്ട ആ അമ്മയുടെ വേദന അവർണനീയമാണ്. അടർത്തിയെടുത്ത മുത്ത് നഷ്ടപ്പെട്ട പാഴ്ചിപ്പിയെ പോലെ ആയി തീർന്നു ആ അമ്മ .അമ്മയ്ക്ക് കരയുവാൻ കണ്ണുനീരില്ല .പറയുവാൻ വാക്കുകളില്ല .കവി ആ ശില്പത്തെ നോക്കി നിന്നു.ചില ഉജ്ജ്വലമുഹൂർത്തങ്ങൾ തന്റെ മനസ്സിൽ ഉദിച്ചു .കുരിശും വഹിച്ചുകൊണ്ട് ക്രിസ്തു നടത്തുന്ന യാത്രാമധ്യേ അദ്ദേഹം അവശനായി കുഴഞ്ഞുവീണപ്പോൾ അദ്ദേഹത്തെ സഹായിച്ച അരിമത്യക്കാരനായ ജോസഫിനൊപ്പം ഗലീലി സ്ത്രീകൾക്കൊപ്പം താനും ഉണ്ടെന്ന് കവിക്ക് തോന്നി.ഭൂമിയെപ്പോലെ ദുഃഖത്തിന്റെ ചുമടുമായിരിക്കുന്ന ആ അമ്മയെ കവി കണ്ടു. മരണം ആശ്ലേഷിച്ചിട്ടും തന്റെ മകന്റെ ശരീരത്തിൽ ഇത്തിരിയെങ്കിലും ജീവൻ ഉണ്ടോ എന്ന് തിരയുന്ന അമ്മയുടെ ദുഃഖം പറഞ്ഞറിയിക്കാനാവില്ല. ഈ ശില്പം കണ്ടതിന്  ഗൈഡിനോടും വത്തിക്കാനോടും പ്രിയപ്പെട്ട മൈക്കലാഞ്ജലോയോടും നന്ദി പറയുന്നു .മൈക്കലാഞ്ജലോയുടെ കരം  താൻ മുത്തുന്നതായ് തോന്നി  .ശില്പനിർമ്മാണത്തിന് ദൃക് സാക്ഷി ആവുന്നത് പോലെ തനിക്ക് അനുഭവപ്പെട്ടു. മൈക്കലാഞ്ജലോയുടെ കൈകൾ ചലിക്കുന്നത് കവി കണ്ടു .മംഗളഗാനം കവി കേട്ടു .മൈക്കലാഞ്ജലോയുടെ ഉറങ്ങാത്ത രാവുകളും വിയർത്തൊലിക്കുന്ന പകലുകളും കവി ഒപ്പം പങ്കിടുന്നത് പോലെ തോന്നി. മൈക്കലാഞ്ജലോയുടെ ഒപ്പം പാനം ചെയ്യുകയും മയങ്ങുകയും ചെയ്തു.കുളിർ വെണ്ണക്കല്ലിനു മീതെ പറക്കുന്ന കരിവണ്ടാകുന്ന ചുറ്റിക പാറി പറക്കുന്നത് കവി കണ്ടു .ഉളിയുടെ നെറുകയിൽ  ചുറ്റിക ചുംബിക്കുന്ന സീൽക്കാരം കവി കേട്ടു. ഇന്നലെ വരെ വെറും കല്ലായിരുന്ന ആ ശിൽപം ഇന്ന് കരുണയുടെ ഭാവഗാനം സൃഷ്ടിക്കുന്നു .താൻ മൈക്കലാഞ്ജലോയോടൊപ്പം ഉറങ്ങുകയും ഉണരുകയും അവനോടൊപ്പം അനശ്വരനായിത്തീരുകയും ചെയ്തു .മൈക്കലാഞ്ജലോയോട് കവി മനസാ ഒത്തിരി നന്ദി പറഞ്ഞു. ആ ശില്പിയുടെ കണ്ണീരുറഞ്ഞ്  ജീവൻ വച്ച ശില്പമായിരുന്നു അത് .ആ ശില്പത്തെ ഭദ്രമായി  കവി തന്റെ മനസ്സിൽ  ഇരുത്തി

 പിൻതിരിഞ്ഞപ്പോൾ പെട്ടെന്ന് ഇടിവെട്ടും പോലുള്ള ചുറ്റികയുടെ ശബ്ദം കേട്ടു.ആ ശിൽപം വെൺ പൊട്ടുപൊടികളായി തകർന്നു തരിപ്പണമായി. ആർദ്രതയുടെ വെളുത്ത കൈത്താമര  തകർന്നുപോയി .ഹേ കാട്ടാളാ നീ നിർത്തു എന്ന് കവി  അലറിപ്പറഞ്ഞു . താനാകെ ഇല്ലാതാകുന്നത് പോലെ തോന്നി .എന്തിനും മയക്കുമരുന്നുകൾത്തേടിപ്പോകുന്ന യുഗത്തിന്റെ  ഭ്രാന്തമായ ഒരു അട്ടഹാസം ഞാൻ കേട്ടു .സൃഷ്ടിക്കാനായി ചുറ്റിയ കയ്യിൽ എടുത്ത പഴയ തലമുറയും തച്ചുടക്കാനായി മാത്രം ചുറ്റിക എടുക്കുന്ന പുതിയ തലമുറയും ഇവിടെ വെളിപ്പെടുന്നു.ആ ബിംബം തകർത്തവന്റെ പരിവേഷം ഒപ്പുവാനായി ക്യാമറകൾ കൺചിമ്മി .ഒഎൻവി കുറുപ്പ് മൈക്കലാഞ്ജലയോട് മാപ്പ് ചോദിക്കുന്നു. ക്രിസ്തു പ്രാർത്ഥിച്ചത് പോലെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് മാപ്പാക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ശില്പഭഞ്ജനത്തിലെ വ്യസനം ,തന്റെ കാലഘട്ടത്തിലാണല്ലോ ഈ ദുഷ് ചെയ്തി നടന്നതെന്നപമാനം ,ലോകത്തിലെ സാംസ്കാരിക പൈതൃകചിഹ്നങ്ങൾ നശിപ്പിക്കപ്പെടുന്നതിലുള്ള വേദന ഇവയെല്ലാം ഒഎൻവി കുറുപ്പിന്റെ ഈ കവിതയിലൂടെ വെളിപ്പെടുത്തുന്നു.

To Top